
ലോക പൈതൃക സ്മാരകങ്ങളിൽ ഒന്നായ ഖജുരാഹോ ക്ഷേത്രശില്പങ്ങൾ ഭക്തിയുടെയും രതിയുടെയും അപൂർവമായ മേളനംകൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കുന്നവയാണ്. ഈ മാസം അവസാനം അരങ്ങേറുന്ന ഖജുരാഹോ നൃത്തോത്സവത്തിന്റെ പശ്ചാത്തലത്തിൽ ഒരു ചരിത്രസഞ്ചാരം...
താജ് മഹൽ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തുന്ന ഖജുരാഹോയിലെ ക്ഷേത്ര സമുച്ചയങ്ങളിലൂടെ ഒരു തീർത്ഥയാത്ര. ഏകദേശം ആയിരം വർഷങ്ങൾക്കപ്പുറം ഇന്ത്യയുടെ ഹൃദയഭാഗമായ മദ്ധ്യപ്രദേശിൽ ചന്ദേല രജപുത്ര രാജവംശങ്ങളുടെ പരിലാളനയിൽ, കല്ലിൽ കൊത്തിയ കവിത പോലെ ഉദിച്ചുയർന്ന വാസ്തുശില്പ മാതൃകകളാണ് ഖജുരാഹോയിലെ ക്ഷേത്ര സമുച്ചയങ്ങൾ. ഖജുരാഹോയെ ലോകപ്രശസ്തമാക്കിയത്, പ്രധാനമായും അവിടത്തെ ജീവൻ തുടിക്കുന്ന രതി ശില്പങ്ങളാണ്.
ആത്മസമർപ്പണത്തിന്റെ രണ്ടു ഭാവങ്ങളാണ് ഭക്തിയും രതിയുമെന്നാണ് പണ്ടത്തെ സങ്കല്പം. ക്ഷേത്രച്ചുമരുകൾ രതിശില്പങ്ങൾക്ക് ഇടമായതിന് കാരണവും അതുതന്നെ. കടലുകൾ കടന്ന് ലോകമൊട്ടാകെ വ്യാപിച്ച ഖജുരാഹോ ശില്പങ്ങളുടെ പെരുമയിൽ പ്രചോദിതരായി ഓരോ വർഷവും ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു. 1986-ൽ യുനെസ്‌കോ ഖജുരാഹോ ക്ഷേത്രങ്ങളെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. താന്ത്രിക ശൈലിയിലുള്ള രതിശില്പങ്ങൾ ഭാരതീയ രതിശാസ്ത്ര ഗ്രന്ഥങ്ങളായ 'കാമസൂത്ര"ത്തിൽ നിന്നും 'രതിരഹസ്യ"ത്തിൽ നിന്നും പകർത്തിയെടുത്ത രതിയുടെ അപൂർവ ക്രീഡകളാണ് ഖജുരാഹോ ക്ഷേത്രങ്ങളുടെ പുറംചുവരുകളിൽ ജീവൻ തുടിക്കുന്ന രതിശില്പങ്ങളായി ഖനീഭവിച്ചത്!
ഭാരതീയ പാരമ്പര്യമനുസരിച്ചുള്ള താന്ത്രിക ശൈലിയുടെ സാന്നിദ്ധ്യം ഇവയിലൊക്കെ ദർശിക്കാനാവും. താന്ത്രികഭാവം പരിചയമില്ലാത്തവർക്ക് ഈ രതിശില്പങ്ങൾക്കു മുന്നിൽ കണ്ണുകൾ പൊത്താനും മുഖം തിരിക്കാനും മാത്രമേ കഴിയൂ! ഒമ്പതാം നൂറ്റാണ്ടിനും പതിന്നാലാം നൂറ്റാണ്ടിനും ഇടയിൽ ഭാരതത്തിൽ പണിത പല ക്ഷേത്രങ്ങളിലും രതിശില്പങ്ങൾ കാണപ്പെടുന്നുണ്ട്. ഇവയിൽ ഏറ്റവും സവിശേഷതയാർന്നത് കൊണാർക്കിലെ സൂര്യക്ഷേത്രത്തിലാണ്. ഒഡീസിയുടെയും ഭരതനാട്യത്തിന്റെയും കഥക്കിന്റെയും പദചലനങ്ങൾക്കൊത്ത നൃത്ത ശില്പങ്ങളുടെ ധാരാളിത്തം ഇവിടങ്ങളിൽ പ്രകടമാണ്.
രതിശിൽപങ്ങളിലെല്ലാം ഈയൊരു താളക്രമം ദർശിക്കാനാകും. എന്നാൽ ഇവയെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് അത്യന്തം പ്രകടനപരത ആർജ്ജിക്കുന്നവയാണ് ഖജുരാഹോയിലെ രതി ശില്പങ്ങൾ. കേവലം കാമചേഷ്ടകളുടെ ചിത്രീകരണം എന്നതിലുപരി, ആത്മസമർപ്പണത്തിന്റെ ലാവണ്യാനുഭൂതി പകരുന്ന സമർപ്പണങ്ങളായി മാറുന്നുണ്ട് ഇവ. ഖജുരാഹോ ശില്പങ്ങളുടെ കേന്ദ്രബിന്ദു സ്ത്രീയാണെന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇവിടുത്തെ ശില്പങ്ങളിലെ സ്ത്രീരൂപങ്ങൾ ശക്തിപ്രതീകങ്ങൾ കൂടിയാണ് എന്നതാണ് പ്രത്യേകത. പുരുഷനു മേലുള്ള സ്ത്രീയുടെ ആധിപത്യത്തിന്റെ സൂചനകളുണ്ട് ഇതിൽ.
താന്ത്രിക
സൗന്ദര്യം
രതിശില്പങ്ങളെ മാറ്റിനിറുത്തിയാൽ ആകാരവടിവിൽ കൊത്തിയെടുത്ത ദേവതകളുടെയും അപ്സരസുകളുടെയും സുരസുന്ദരിമാരുടെയും സാലഭഞ്ജികമാരുടെയും സുന്ദരശില്പങ്ങളാണ് ഖജുരാഹോ ശില്പങ്ങളെ ആകർഷകമാക്കുന്നത്. സ്ത്രീ ശരീരത്തിന്റെ നിമ്‌നോന്നതങ്ങളെ അളന്നുതൂക്കി ത്രിമാനതലത്തിൽ അവതരിപ്പിക്കാനുള്ള ശില്പികളുടെ അനിതരസാധാരണമായ കരവിരുതാണ് ഈ ശില്പങ്ങളെ ഭാവസാന്ദ്രമാക്കുന്നത്. ഓരോ കോണിൽ നിന്ന് നോക്കുമ്പോഴും ഓരോ ഭാവം സ്ഫുരിക്കുന്നവയാണ് ഇവ ഓരോന്നും. കേവലം അംഗലാവണ്യത്തിനപ്പുറം രതിഭാവം തുടിക്കുന്ന മുഖചേഷ്ടകളും പ്രകോപനാത്മകമായ അംഗചലനങ്ങളും ശില്പികളുടെ കരവിരുതിന് വിഷയമായിട്ടുണ്ട് .
നായികമാരെ പരിചരിക്കുന്ന തോഴിമാരുടെ ചിത്രീകരണത്തിൽപ്പോലും ഈ സൂക്ഷ്മാംശങ്ങൾ വളരെ പ്രകടമാണ്. ദേവീദേവന്മാർക്കു മുന്നിൽ കൈകൂപ്പുന്നതും, താമരയിതളുകൾ കൊണ്ട് ദേവാർച്ചന നടത്തുന്നതും, നായികയ്ക്ക് അണിഞ്ഞൊരുങ്ങാനായി കണ്ണാടി പിടിക്കുന്നതും, നായികയുടെ കണ്ണുകളിൽ മഷിയെഴുതുന്നതും, നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുക്കുന്നതും, കുളിച്ചു കഴിഞ്ഞു വന്ന നായികയുടെ മുടി ചീകി ഒരുക്കിക്കൊടുക്കുന്നതുമൊക്കെ ചിത്രീകരിക്കുന്ന ശില്പങ്ങളിലൊക്കെ നമുക്കിത് വായിച്ചെടുക്കാനാവും.
കാമനകളും
കലയും
വലതു കാലിൽ തറച്ച മുള്ള് പിന്തിരിഞ്ഞു നിന്ന് കൈകൊണ്ട് എടുക്കുന്ന അപ്സരകന്യക, കാമാതുരയായി അലസമായി നില്ക്കുന്ന സുരസുന്ദരി, ലാസ്യഭാവത്തോടെ കാൽനഖങ്ങളിൽ മൈലാഞ്ചി ചാർത്തുന്ന കന്യക,ഇരുകൈ വിരലുകളിലും ഓടക്കുഴൽ ചലിപ്പിച്ച് സംഗീതം ആലപിക്കുന്ന യുവതി, കൈമെയ് മറന്ന് നൃത്തമാടുന്ന സുന്ദരി, ചുണ്ടുകൾ വിടർത്തി പാടാനൊരുങ്ങുന്ന അപ്സരകന്യക, ഭാവസാന്ദ്രമായി ഇരുന്ന് കാമുകന് പ്രണയലേഖനം എഴുതുന്ന കാമുകി, കാമുകൻ പൂമേനിയിലേൽപ്പിച്ച നഖക്ഷതങ്ങൾ തോഴിമാർക്ക് കാട്ടിക്കൊടുക്കുന്ന സുരസുന്ദരി...
എന്നിങ്ങനെ ജൈവകാമനകൾ തുടിക്കുന്ന എത്രയെത്ര സ്ത്രീ ഭാവങ്ങളെയാണ് അതിവിദഗ്ദ്ധമായി ഖജുരാഹോ ക്ഷേത്രങ്ങളുടെ പുറംചുവരുകളിൽ കൊത്തിവച്ചിരിക്കുന്നത് ! വലതുകൈകൊണ്ട് പന്ത് എറിയുമ്പോൾ തെളിയുന്ന യുവസുന്ദരിയുടെ ശരീരവടിവുകളും, മാംസപേശികളുടെ സ്വാഭാവികമായ വലിച്ചിലും... ആഭരണങ്ങളുടെ മടക്കുകളുടെയും മഴത്തുള്ളികളുടെയും പാറിനിൽക്കുന്ന കാർ കൂന്തലിന്റെയുമൊക്കെ അതിസൂക്ഷ്മമായ ചിത്രീകരണത്തിന്റെ ശില്പഭംഗി... ഖജുരാഹോ ശില്പങ്ങളെ എത്ര വർണ്ണിച്ചാലും പൂർണ്ണമാകുമെന്ന് തോന്നുന്നില്ല.
ഹൈന്ദവ സൗന്ദര്യ സങ്കല്പങ്ങൾക്ക് ഇണങ്ങുന്ന രീതിയിലാണ് ഖജുരാഹോയിലെ സ്ത്രീ ശിൽപങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. മുഖത്തെ കോഴിമുട്ടയുടെ ആകൃതിയിലും, നെറ്റിത്തടത്തെ വില്ലിന്റെ ആകൃതിയിലും, കണ്ണുകളെ നീളത്തിൽ മത്സ്യാകൃതിയിലും, പുരികങ്ങളെ നാരകയിലയുടെ അരികു പോലെയും, താടി ഭാഗത്തെ മാമ്പഴച്ചുണ്ട് പോലെയും കൈകാലുകളെ താമര ഇതളുകൾ പോലെയുമാണ് വിതാനിച്ചിരിക്കുന്നത്. സ്ത്രീയെ അമ്മയായും ദേവിയായും ശക്തി സ്വരൂപിണിയായും ആരാധിച്ചിരുന്ന ഭാരതീയ സാംസ്‌കാരിക പൈതൃകത്തെ പിൻപറ്റി സർഗധനരായ ശില്പികൾ അവരെ ദേവതകളായും സുരസുന്ദരികളായും സാലഭഞ്ജികമാരായും അതിവിദഗ്ദ്ധമായാണ് ഖജുരാഹോ ക്ഷേത്ര ചുമരുകളിലേക്ക് ആവാഹിച്ചിരിക്കുന്നത്.
വിഷ്ണു, ശിവൻ
സൂര്യദേവൻ
ചന്ദേല ഭരണത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ ഖജുരാഹോയിൽ പണിത ക്ഷേത്രങ്ങളിലാണ് രതിശില്പങ്ങൾ മുഖ്യമായുള്ളത്. ക്രിസ്തുവർഷം 1050-ന് ശേഷം പണിത ക്ഷേത്രങ്ങളിൽ ഇവ വളരെ കുറവാണ്. രതി ശില്പങ്ങളുടെ പേരിലാണ് ഖജുരാഹോ അറിയപ്പെടുന്നതെങ്കിലും മൊത്തം ശില്പങ്ങളിൽ 10 ശതമാനം മാത്രമേ രതിശില്പങ്ങൾ ഉള്ളൂവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മിക്ക ക്ഷേത്രങ്ങളുടെയും ഉൾഭാഗത്ത് വിഷ്ണു, ശിവൻ, സൂര്യദേവൻ തുടങ്ങിയ ദേവന്മാരുടെയും ജൈന തീർത്ഥങ്കരന്മാരുടെയും ശില്പങ്ങളും പ്രതിമകളും വ്യവസ്ഥാപിതവും പരമ്പരാഗതവുമായ രീതിയിൽ കൊത്തിവച്ചിട്ടുണ്ട്. സൂര്യനു മാത്രമായി ഖജുരാഹോയിൽ ഒരു സൂര്യ ക്ഷേത്രവും പണിതിട്ടുണ്ട്.
ഖജുരാഹോ ക്ഷേത്ര ശില്പങ്ങളിൽ ഒരു ഭാഗം കയ്യടക്കി വച്ചിരിക്കുന്നത് അന്നത്തെ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന നർത്തകരുടെയും ഗായകരുടെയുമൊക്കെ ശില്പങ്ങളാണ്. വിവിധ രീതിയിലുള്ള നായാട്ടു രംഗങ്ങൾ, മൃഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങൾ , രാജസദസ്സുകൾ, ആയുധധാരികളായ പട്ടാളക്കാരുടെ യുദ്ധമുന്നേറ്റങ്ങൾ, പ്രതിമ കൊത്തുന്ന ശില്പി, ശിഷ്യർക്ക് വിദ്യ പകർന്നുകൊടുക്കുന്ന ഗുരു എന്നീ ശില്പങ്ങൾ ആ ഗണത്തിൽപ്പെടുന്നു. വ്യാളികളും ഭീകരജന്തുക്കളുമടങ്ങുന്ന വ്യത്യസ്ത മൃഗങ്ങളും ഖജുരാഹോ ശില്പങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്. ചന്ദേല രാജവംശത്തിന്റെ ശക്തിയുടെ പ്രതീകമായ സിംഹങ്ങളും ആനകളും, തത്തയെ പോലുള്ള പക്ഷികളും കരടികളുമൊക്കെ ശില്പചാതുര്യത്തിന് മാറ്റ് കൂട്ടുന്നവയാണ്.
ഉത്സവത്തിന്
മിഴിനട്ട്...
എല്ലാ വർഷവും ഫെബ്രുവരി മാസം 27 മുതൽ മാർച്ച് മൂന്നാം തീയതി വരെയുള്ള ഒരാഴ്ചക്കാലം ഖജുരാഹോയിൽ ഉത്സവകാലമാണ്. ഖജുരാഹോയുടെ കലാപാരമ്പര്യവും പൈതൃകവും വിളംബരം ചെയ്യുവാനായി ഇന്ത്യൻ കലകളുടെയും നൃത്തനൃത്യങ്ങളുടെയും സംഗീതത്തിന്റെയും ആഘോഷത്തിനായി ഈയൊരു ആഴ്ചക്കാലം ഖജുരാഹോ അണിഞ്ഞൊരുങ്ങിയിട്ടുണ്ടാവും . വൈദ്യുത ദീപങ്ങളാൽ അലങ്കൃതമായ ക്ഷേത്രങ്ങളുടെ പശ്ചാത്തലത്തിൽ തയ്യാറാക്കുന്ന തുറസായ സ്റ്റേജിൽ നൃത്തങ്ങളും സംഗീതവും മറ്റ് കലാശിൽപങ്ങളുമൊക്കെ അവതരിപ്പിക്കാനായി ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നായി പ്രശസ്ത കലാകാരന്മാർ ഇവിടേക്ക് ഒഴുകിയെത്തും.
അതുകഴിഞ്ഞെത്തുന്ന ശിവരാത്രി നാളുകളിൽ ഖജുരാഹോവിന്റെ ചരിത്രവും പാരമ്പര്യവും അയവിറക്കാനെന്നോണം ഗ്രാമീണർ കൂട്ടംകൂട്ടമായി പടിഞ്ഞാറ് ഭാഗത്തുള്ള ക്ഷേത്രസമുച്ചയത്തിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കും. ഉത്സവത്തിന്റെ ഭാഗമായി പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിപുലമായ ഒരു ഉത്സവ ചന്തയും ഇവിടെ ഒരുക്കാറുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രചുര പ്രചാരം നേടിയവയാണ് ഈ ഉത്സവങ്ങളും ഉത്സവച്ചന്തയും.
എല്ലാ ദിവസവും സായാഹ്നത്തിൽ അരങ്ങേറുന്ന 50 മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ് ഖജുരാഹോയിലെ മറ്റൊരു ആകർഷണം . ചരിത്രമുഹൂർത്തങ്ങളും സാംസ്‌കാരിക സവിശേഷതകളും അനാവരണം ചെയ്യപ്പെടുന്ന ഈ ഷോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത നടൻ അമിതാഭ്
ബച്ചനാണ്.
ആക്രമണം,
അതിജീവനം
ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളിലെയും പല പ്രധാനപ്പെട്ട ശില്പങ്ങളും അംഗഭംഗം വന്ന നിലയിലാണ് കാണപ്പെടുന്നത്. ചന്ദേല രാജവംശത്തിന്റെ പതനത്തിനുശേഷം ആധിപത്യമുറപ്പിച്ച സദാചാരവാദികളായ ഭരണാധികാരികളുടെ മുഷ്‌കിനു കീഴ്‌പ്പെട്ടാണ് പല ശില്പങ്ങളും ഛിന്നഭിന്നമാക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാരാധനയെ എതിർക്കുന്ന സിക്കന്ദർ ലോദിയെ പോലുള്ള രാജാക്കന്മാരുടെ മുഖ്യ അജണ്ട തന്നെയായിരുന്നു വിഗ്രഹഭഞ്ജനം. ഉൾനാടുകളിലെ വനനിബിഡതകളിൽ അധികമാരും അറിയാതെ മറഞ്ഞിരുന്നതു കൊണ്ടാവാം, സർവനാശത്തിന് വിധേയമാവാതെ ഇന്നും നമുക്ക് ഖജുരാഹോയിലെ ശില്പചാതുര്യം ഇത്രയെങ്കിലും ആസ്വദിക്കാനാവുന്നത്.
1202- ൽ അടിമ വംശത്തിലെ സുൽത്താനായിരുന്ന കുത്തബുദ്ദീൻ ഐബക് ചന്ദേല സാമ്രാജ്യം ആക്രമിച്ച് കീഴടക്കിയതോടെയാണ് ഖജുരാഹോ ക്ഷേത്രസമുച്ചയങ്ങൾ അവഗണിക്കപ്പെടുകയും നൂറ്റാണ്ടുകളോളം നിബിഡ വനങ്ങളുടെ വിസ്മൃതിയിൽ വിലയം പ്രാപിക്കുകയും ചെയ്തത്. 1838-ൽ ബ്രിട്ടീഷ് സൈന്യത്തിലെ എൻജിനിയർ ആയിരുന്ന ടി.എസ്. ബർട്ട് ഔദ്യോഗികാവശ്യത്തിന് ഇവിടം സന്ദർശിച്ചപ്പോൾ ഈ ക്ഷേത്രസമുച്ചയം കണ്ടെത്തുകയും ഈ ചരിത്രവിസ്മയത്തെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
ഇന്നു കാണുന്ന രീതിയിൽ ഖജുരാഹോ ക്ഷേത്ര സമുച്ചയങ്ങളെ തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചതും ഓരോ ക്ഷേത്രങ്ങളെപ്പറ്റിയും കൃത്യമായ രേഖപ്പെടുത്തലുകൾ നടത്തിയതും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പിതാവായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് ചരിത്ര ഗവേഷകനായിരുന്ന അലക്സാണ്ടർ കണ്ണിങ്ഹാം ആണ് . 1850-കളിലും 1860-കളിലുമായാണ് അദ്ദേഹം ഈ ദൗത്യം നിർവഹിച്ചത്
(ലേഖകന്റെ ഫോൺ: 94460 97241)
*****
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |