ആലുവ: കുന്നത്തേരി - കോമ്പാറ റോഡിലെ പള്ളിത്താഴം കട്ടേപ്പാടത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ മാലിന്യംതള്ളുന്നത് പതിവാകുന്നു. ഭക്ഷണാവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും നിക്ഷേപിക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധപൂരിതമാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ വാഹനങ്ങളിലിരുന്ന് മാലിന്യക്കവറുകൾ വലിച്ചെറിയുകയാണ്.
സമീപത്ത് താമസക്കാരോ സി.സി ടിവി ക്യാമറകളോ തെരുവ് വിളക്കുകളോ ഇല്ലാത്തത് സാമൂഹികവിരുദ്ധർക്ക് അനുഗ്രഹമാകുന്നു. തെരുവുനായ്ക്കളും പക്ഷികളും ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചുവലിച്ച് റോഡിലും വീട്ടുമുറ്റത്തും എത്തിക്കുന്നത് ജനജീവിതം ദുസ്സഹമാക്കി. കുന്നത്തേരി - മനക്കപ്പടി റോഡിലും സമാനമായ സ്ഥിതിയാണുള്ളത്.
പ്രദേശത്തെ പ്രധാന ജലസ്രോതസായ കട്ടേപ്പാടം മലിനമാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. പക്ഷിമൃഗാദികൾ മാലിന്യാവശിഷ്ടങ്ങൾ തോട്ടിലേക്കിടുന്നതിനാൽ വെള്ളം മലിനമാകുകയും ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. ഇത് കിണറുകളിലെ ഉറവവെള്ളത്തെയും ബാധിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ക്യാമറകളെല്ലാം നോക്കുകുത്തി
നേരത്തെ പഞ്ചായത്ത് പരിധിയിൽ അറുപതോളം സി.സി ടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇവ നോക്കുകുത്തിയായ അവസ്ഥയിലാണ്.
മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളെ അറിയിച്ചാൽ പിഴയുടെ നിശ്ചിതശതമാനം അറിയിക്കുന്നയാൾക്ക് നൽകാനുള്ള സർക്കാർ തീരുമാനം ഉണ്ടായപ്പോേൾ ആദ്യവിഹിതം നൽകിയത് ചൂർണിക്കര പഞ്ചായത്താണ്
പുളിഞ്ചോട് ഭാഗത്ത് മാലിന്യം നിക്ഷേപിച്ചയാളുടെ ചിത്രമെടുത്ത് നൽകിയ ആൾക്കാണ് പണം നൽകിയത്. പഞ്ചായത്തിന്റെ ക്യാമറയിലും മാലിന്യനിക്ഷേപം കണ്ടെത്തിയിരുന്നു. പിഴ ഇനത്തിൽ പഞ്ചായത്തിനും ലക്ഷക്കണക്കിന് രൂപ ലഭിച്ചിരുന്നു
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. കുറച്ച് നാളുകളായി പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതാണ് വീണ്ടും മാലിന്യ നിക്ഷേപത്തിന് കാരണം
രാജേഷ് കുന്നത്തേരി
ബി.ജെ.പി പഞ്ചായത്ത് സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |