
കൊല്ലം: തങ്കശേറിയിൽ പുലിമുട്ട് ബലപ്പെടുത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യം പാറകളും തുടർന്ന് ട്രെട്രാപ്പോഡുകളും നിരത്തുകയുമാണ് ചെയ്യുന്നത്. തിര ശക്തമായ ഇവിടെ മുമ്പ് പാറക്കല്ലുകൾ സ്ഥാപിച്ചിരുന്നു. ഇത് ശക്തമായ തിരയിൽ ഇളകിമാറുകയും പാറമറികടന്ന് നടപ്പാതയിലേക്ക് കയറുകയും ചെയ്യും. തിര കൂടുതലുള്ള ഭാഗത്താണ് പാറയും ട്രെട്രാപ്പോടുകളും സ്ഥാപിച്ച് കൂടുതൽ ബലപ്പെടുത്തുന്നത്. നബാർഡിൽ നിന്ന് അനുവദിച്ച 28 കോടി വിനിയോഗിച്ച് 3 മാസം മുമ്പാണ് നവീകരണ ജോലികൾ ആരംഭിച്ചത്. മെയ് മാസത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. പുലിമുട്ടിന് 2.1 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഹാർബർ എൻജിനിയറിംഗ് വകുപ്പിനാണ് നിർമ്മാണ ചുമതല.
പ്രഭാതസവാരിക്കാരുടെയും സായാഹ്ന സവാരിക്കാരുടെയും ഇഷ്ടയിടമാണ് പാർക്കും പുലിമുട്ടിനോട് ചേർന്ന നടപ്പാതയും. പുലിമുട്ടിന്റെ ഭാഗത്ത് മിക്കപ്പോഴും ശക്തമായ തിരകളുണ്ടാകാറുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ വച്ചിരുന്നെങ്കിലും പലരും ഇവ മറികടന്ന് അകത്ത് കടക്കുന്നതും പതിവായിരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ ആഞ്ഞടിക്കുന്ന തിരയിൽപെട്ട് നിയന്ത്രണം തെറ്റി പാറപ്പുറത്തേക്കും പുലിമുട്ടിലെ നടപ്പാതയിലേക്കും വീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. ജീവനക്കാരുടെ കണ്ണിൽപ്പെടാതെയാണ് ആളുകൾ ഇവിടെയെത്തുന്നതെന്നും ആരോപണമുണ്ട്. അപകടാവസ്ഥ ഉള്ളതിനാൽ പുലിമുട്ടിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പുലിമുട്ടിന്റെ നവീകരണം പൂർത്തിയാകുന്നതോടെ പുലിമുട്ടിന്റെ ഭാഗത്തേക്കുള്ള പ്രവേശനം ലഭിക്കുമെന്നാണ് വിനോദസഞ്ചാരികളുടെയും പ്രഭാത-സായാഹ്നസവാരിക്കാരുടെയും പ്രതീക്ഷ.
പാർക്കും അടഞ്ഞ് തന്നെ
പുലിമുട്ടിന്റെ പണി നടക്കുന്നതിനാൽ ഡി.ടി.പി.സിയുടെ ബ്രേക്ക് വാട്ടർ ടൂറിസം പാർക്കിലേക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് മാത്രമേ വീണ്ടും പാർക്ക് പ്രവർത്തിച്ച് തുടങ്ങുകയുള്ളൂ. 2023 ഏപ്രിൽ 27നാണ് സഞ്ചാരികൾക്കായി പാർക്ക് തുറന്നു നൽകിയത്. 5 കോടി മുടക്കി തങ്കശേരി ലൈറ്റ് ഹൗസിന് സമീപം ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ടരയേക്കറിലാണ് തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം സജ്ജമാക്കിയത്. പാർക്കിന്റെ ചുമതല ഡി.ടി.പി.സിയും പുലിമുട്ടിന്റെ ചുമതല ഹാർബർ വിഭാഗത്തിനുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |