
വിതുര: വിതുര പഞ്ചായത്തിൽ മാലിന്യനിക്ഷേപം രൂക്ഷം.റോഡരികിൽ വൻതോതിൽ മാലിന്യം വലിച്ചെറിഞ്ഞിട്ടും നടപടികളില്ലെന്നാണ് ആക്ഷേപം. മാലിന്യം കുന്നുകൂടി മിക്കമേഖലകളും ദുർഗന്ധപൂരിതമാണ്.പൊൻമുടി സംസ്ഥാനപാതയുടെ മിക്കഭാഗത്തും മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്.രാത്രികാലങ്ങളിൽ ചാക്കുകളിലും, പ്ലാസ്റ്റിക് കവറുകളിലും നിറച്ചാണ് മാലിന്യം കൊണ്ടിടുന്നത്.
വിതുര - മേമല റോഡിൽ മൈലാടിയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ വൻ തോതിൽ മാലിന്യം നിക്ഷേപിച്ചിരുന്നു.നഗരപ്രദേശത്തിൽ നിന്ന് രാത്രിസമയങ്ങളിലാണ് കൂടുതൽ മാലിന്യങ്ങൾ ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിക്ഷേപിക്കുന്നത്.അറവുമാലിന്യങ്ങൾ ഉൾപ്പെടെ പാതയോരങ്ങളിൽ ചിതറിക്കിടക്കുകയാണ്.
ടൂറിസത്തെ ബാധിക്കും
സാംക്രമികരോഗങ്ങളും മറ്റും പടരുന്നതിനിടെയാണ് മാലിന്യനിക്ഷേപം വർദ്ധിക്കുന്നത്. വാമനപുരം നദിയിൽ വരെ മാലിന്യം നിക്ഷേപിക്കുന്നുണ്ട്.നദിയുടെ ചിലഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത് കാണാം. പൊൻമുടി,കല്ലാർ,ബോണക്കാട്,പേപ്പാറ മേഖലകളിലും മാലിന്യനിക്ഷേപം രൂക്ഷമാണ്. ഇത് ടൂറിസ്റ്റുകളെയും ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കും.മാലിന്യനിക്ഷേപം തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സ്കൂളുകൾക്കും ഭീഷണി
ചായം ചാരുപാറ റോഡിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപത്തും,വിതുര പാലോട് റോഡിൽ ചെറ്റച്ചൽ ജവഹർ നവോദയാ സ്കൂളിന് സമീപത്തും വൻതോതിൽ മാലിന്യം നിക്ഷേപിച്ചിരിക്കുകയാണ്.വിദ്യാർത്ഥികളും രക്ഷിതാക്കളും ദുർഗന്ധം സഹിച്ചാണ് ഇതുവഴി പോകുന്നത്.
തെരുവ് നായ ശല്യവും വർദ്ധിക്കുന്നു
മാലിന്യനിക്ഷേപം രൂക്ഷമായതോടെ തെരുവ് നായ്ക്കളുടെ ശല്യവും വർദ്ധിച്ചു.മാലിന്യം ഭക്ഷിക്കാൻ തെരുവ് നായ്ക്കൾ കൂട്ടത്തോടെ എത്തുകയാണ്.നായ്ക്കൾ യാത്രക്കാരെ ആക്രമിച്ച സംഭവവും ധാരാളമാണ്.മാലിന്യം ഭക്ഷിച്ച് തെരുവ് നായ്ക്കൾ പെറ്റുപെരുകുകയാണ്. മാത്രമല്ല മാലിന്യങ്ങൾ കഴിക്കാൻ പന്നികളും എത്താറുണ്ട്.
വിതുര മേഖലയിൽ വർദ്ധിച്ചുവരുന്ന മാലിന്യനിക്ഷേപത്തിന് പരിഹാരം കാണണം. വിതുര,പൊൻമുടി,നെടുമങ്ങാട്,പാലോട് റോഡുകളിൽ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണം. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഇ.എം.നസീർ,കോൺഗ്രസ്
വിതുര മണ്ഡലം പ്രസിഡന്റ്
ഫോട്ടോ: വിതുര മേമല റോഡിൽ മൈലാടിക്ക് സമീപം കഴിഞ്ഞ ദിവസം നിക്ഷേപിച്ച മാലിന്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |