
കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ വികസനം പുരോഗമിക്കുമ്പോഴും പുത്തൻകുരിശ് വട്ടക്കുഴി പാലത്തിന്റെ ശോച്യാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാതാ വികസനത്തിൽ വലിയൊരു തടസമായി മാറിയിരിക്കുകയാണ് വീതികുറഞ്ഞ ഈ പാലം. റോഡ് നവീകരണം പൂർത്തിയായി വരുന്നതോടെ പാലത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായിട്ടുണ്ട്. പാലം വരെ റോഡിന് വീതിയുള്ളതിനാൽ രണ്ടുവരിയായി എത്തുന്ന വാഹനങ്ങൾ പാലം കടക്കാൻ കാത്തുനിൽക്കേണ്ടി വരുന്നത് പതിവാണ്.
അപ്രതീക്ഷിത വളവും വീതിക്കുറവും ഇവിടെ നിരവധി അപകടങ്ങൾക്ക് കാരണമാകുന്നു. ബി.പി.സി.എല്ലിലെ വികസന പ്രവർത്തനങ്ങൾക്കായി കൂറ്റൻ യന്ത്രങ്ങളുമായി എത്തുന്ന ട്രെയിലറുകൾ ഇടിച്ച് പാലത്തിന്റെ കൈവരികൾ തകരുന്നതും പതിവായി. മെട്രോ റെയിൽ വന്നതോടെ അങ്കമാലിയിൽ നിന്ന് തൃപ്പൂണിത്തുറ വഴിയുള്ള യാത്ര ഒഴിവാക്കി പെരുമ്പാവൂർ - മൂവാറ്റുപുഴ വഴി കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലൂടെയാണ് ട്രെയിലറുകൾ ഇപ്പോൾ അമ്പലമുകളിലേക്ക് പോകുന്നത്. കഴിഞ്ഞദിവസം രാത്രി മണ്ണുമായി പാഞ്ഞ ടോറസ് ഇടിച്ച് പാലത്തിന്റെ ഒരു ഭാഗം തകർന്നതാണ് ഒടുവിലത്തെ സംഭവം. റോഡ് വീതി കൂടുന്നത് അറിയാതെ വേഗത്തിലെത്തിയ ബൈക്ക് യാത്രികൻ വട്ടക്കുഴി തോട്ടിൽ വീണ് മരിച്ചിരുന്നു. അപകടങ്ങൾ വർദ്ധിക്കുമ്പോഴും പാലത്തിന്റെ പുനർനിർമ്മാണം സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.
പുതുക്കി പണിതിട്ട്
ഒന്നര പതിറ്റാണ്ട്
ബലക്ഷയത്തെ തുടർന്ന് 15 വർഷം മുമ്പാണ് പാലം പുതുക്കിപ്പണിതത്. അന്ന് വളവ് നിവർത്താതെ പാലം പണി പൂർത്തിയാക്കിയത് വലിയ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ആറുമാസക്കാലം ദേശീയപാതയിലെ ഗതാഗതം തിരിച്ചുവിട്ടാണ് അന്ന് പാലം പണി പൂർത്തിയാക്കിയത്.
പാലത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
പാലത്തിന്റെ വീതിക്കുറവ് അറിയാതെ എത്തുന്ന വാഹനങ്ങൾ കൈവരിയിൽ ഇടിച്ച് അപകടങ്ങളുണ്ടാകുന്നു
ട്രെയിലറുകളിടിച്ച് കൈവരികൾ തകരുന്നു
ഇടുങ്ങിയ വട്ടക്കുഴി പാലം വീതി കൂട്ടാതെ നടത്തുന്ന ദേശീയപാതാ വികസനം പാഴ്ച്ചെലവാണ്. പാലം പുനർനിർമ്മിച്ച് ഭാവിയിൽ വരാനിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കണം.
ജൂബിൾ ജോർജ്,ജില്ലാപഞ്ചായത്ത് അംഗം,
പുത്തൻകുരിശ് ഡിവിഷൻ
ഹൈറേഞ്ച് മേഖലയിൽ നിന്ന് കൊച്ചിയിലേക്കുള്ള ചരക്ക് നീക്കത്തിന് പാലം പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് പാലത്തിലൂടെ പോകാൻ കഴിയില്ല. വാഹനം പോയിക്കഴിയുന്നതു വരെ കാത്തുനിന്ന ശേഷമാണ് ആളുകൾ പാലം കടക്കുന്നത്. പാലം അടിയന്തരമായി പുനർനിർമ്മിക്കണം."
എം.എം. പൗലോസ്,പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |