SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഇനി കാമ്പസിൽ വിളയും പഴവർഗങ്ങൾ

Increase Font Size Decrease Font Size Print Page
fruits

തൊടുപുഴ: വിദ്യാലയങ്ങളുടെയും കോളേജുകളുടെയും അങ്കണം ഇനി ഫലവർഗങ്ങൾ നിറഞ്ഞ് സമ്പുഷ്ടമാകും. കൗമാര സ്വപ്നങ്ങൾക്കൊപ്പം വളരുന്ന പഴങ്ങളും ഇനി സ്ഥിരം കാഴ്ചയാവുകയാണ്. കലപില ശബ്ദമുണ്ടാക്കി ചേക്കേറുന്ന പക്ഷികൾക്കൊപ്പം വരുമാന മാർഗം കൂടിയാണ് തെളിയുന്നത്. ഹോർട്ടിക്കോർപ്പിന്റെ 'രാഷ്ട്രീയ കൃഷി വികാസയോജന പഴവർഗ പോഷകത്തോട്ട' പദ്ധതി പ്രകാരം ജില്ലയിലെ 20 വിദ്യാലയങ്ങളിൽ പഴവർഗത്തോട്ടം വരികയാണ്. ആദ്യഘട്ടം കാന്തല്ലൂർ, വട്ടവട, മാങ്കുളം, മൂന്നാർ, ശാന്തൻപാറ, മറയൂർ, ദേവികുളം എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് പുറമെ മൂന്നാർ ഗവ. കോളേജ്, ഗവ. എഞ്ചിനീയറിംഗ് കോളേജ്, കാന്തല്ലൂർ ഐ.എച്ച്.ആർ.ഡി എന്നിവിടങ്ങളിലും പദ്ധതി നടപ്പാക്കും. കുറഞ്ഞത് 10 സെന്റ് കൃഷിഭൂമി ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന. ഗ്രീൻ കേഡറ്റ് കോർപ്സ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സമ്പൂർണ വിദ്യാർത്ഥി പങ്കാളിത്തത്തിലുമാണ് പദ്ധതി ന ടപ്പാക്കുക. ഹോർട്ടികൾച്ചർ മിഷന്റെയും കൃഷിവകുപ്പിന്റെയും അനുയോജ്യമായ മറ്റു പദ്ധതികൾ സംയോജിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. കൃഷി ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.


 സൗജന്യ വിതരണം

പരമാവധി അഞ്ച് യൂണിറ്റുകൾക്ക് ഒരു സ്‌കൂളിൽ പ്രവർത്തിക്കാം. പരിപാലന ചുമതല വിദ്യാർത്ഥികൾക്കാണ്. തൈകൾക്കും വളങ്ങൾക്കും പുറമേ മറ്റ് സംരക്ഷണമൊരുക്കാനുള്ള സഹായവും ഹോർട്ടിക്കോർപ്പ് നൽകും. പാകമായ പഴങ്ങൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. വിൽക്കാൻ താത്പര്യമുള്ളവർക്ക് ഇതിനുള്ള സൗകര്യം ഒരുക്കും.

 നൽകുന്ന തൈകൾ

മാവ്, പ്ലാവ്, പപ്പായ, പേരയ്ക്ക, നെല്ലി, സപ്പോട്ട, റംബുട്ടാൻ, പാഷൻ ഫ്രൂട്ട്, നാരകം, വെസ്റ്റ് ഇന്ത്യൻ ചെറി തുടങ്ങിയവയാണ് നൽകുക. ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഫലവൃക്ഷങ്ങളിൽ മാറ്റമുണ്ടാകും. ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ച ശേഷമായിരിക്കും വിതരണ നടപടികൾ.

 പദ്ധതി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും
സർക്കാർ - എയ്ഡഡ് - സ്വകാര്യസ്‌കൂൾ വ്യത്യാസമില്ലാതെ യോഗ്യതയുള്ള എല്ലാ വിദ്യാലയങ്ങളിലും പദ്ധതി നടപ്പാക്കും. ജില്ലയിൽ തിരഞ്ഞെടുത്ത ഇരുപത് സ്‌കൂളുകളിലായി 50 യൂണിറ്റ് തൈകൾ വിതരണം ചെയ്യും. വിസ്തൃതി കൂടുന്നതിനനുസരിച്ച് വിതരണം ചെയ്യുന്ന യൂണിറ്റുകളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. ഒരു യൂണിറ്റ് മുതൽ അഞ്ച് യൂണിറ്റ് വരെയാകും വിതരണം ചെയ്യുക.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY