SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

കല്ലട ജലസേചനപദ്ധതിയുടെ കനാൽ തുറന്നിട്ടും ഒഴുക്കില്ല; ചോർച്ചയും മാലിന്യവും

Increase Font Size Decrease Font Size Print Page
09-pandalam-canal

പന്തളം: കല്ലട ജലസേചനപദ്ധതിയുടെ കനാൽ തുറന്നുവിട്ടെങ്കിലും കർഷകർക്കോ, കനാൽ കടന്നുപോകുന്ന പ്രദേശത്തുള്ളവർക്കോ പ്രയോജനമില്ലാത്ത സ്ഥിതി. ചോർച്ച കാരണം റോഡിലൂടെ യാത്രചെയ്യുന്നവരും കുരമ്പാല വിപണിയിലെത്തുന്നവരും കനാൽപാലത്തിന് താഴെ കുടപിടിച്ച് നടക്കേണ്ട സ്ഥിതിയാണ്. വെള്ളം ചോർന്ന് റോഡിലൂടെ ഒഴുകുന്നുമുണ്ട്. പലഭാഗത്തും കനാൽ മണ്ണും ചെളിയും പുൽക്കാടും കാരണം അടഞ്ഞുകിടക്കുന്നതും തകർന്ന് വെള്ളം ചോർന്നൊലിക്കുന്നതുമാണ് വെള്ളത്തിന്റെ ഒഴുക്കിന് തടസമാകുന്നത്. തുടക്കം മുതൽ ഒടുക്കംവരെ കനാലിൽ ചോർച്ചയാണ്. കുരമ്പാല അമ്പലത്തിനാൽചൂര കവലയ്ക്ക് സമീപം കഴിഞ്ഞവർഷം ഒരാഴ്ചയോളം തോടുപോലെ വെള്ളം ഒഴുകിയിരുന്നു. ചോർച്ചയുടെ വിവരം അധികൃതരെ അറിയിച്ചാൽ കനാൽ അടയ്ക്കുമെന്നല്ലാതെ ഒഴുക്ക് സുഗമമാക്കാൻ വേണ്ടത് ചെയ്യാറില്ല. പൂഴിക്കാട്, കുരമ്പാല ഉൾപ്പെടെ പലയിടത്തും വീടുകളിലേക്കും വെള്ളം ഒഴുകിയെത്തുന്നുണ്ട്.

കനാൽ വെള്ളം ക‌ർഷകർക്ക് ഏറെ ഗുണം

കനാൽവെള്ളം പ്രധാനമായും പ്രയോജനം നൽകുന്നത് കരിങ്ങാലി, മാവര പാടശേഖരങ്ങളിലെ കർഷകർക്കും വേനലിന്റെ ആരംഭത്തിൽത്തന്നെ കിണർ വറ്റുന്ന ഭാഗങ്ങളിലുള്ള നാട്ടുകാർക്കുമാണ്. കനാലിന്റെ കൈവഴി പല ഭാഗത്തുകൂടിയും പോകുന്നതിനാൽ വെള്ളം ഒഴുകിത്തുടങ്ങിയാൽ മിക്ക കിണറുകളിലും ഉറവ കിട്ടും. തുമ്പമൺ, പന്തളം തെക്കേക്കര പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മാവര പുഞ്ചയിലെ നെൽകർഷകർക്ക് കനാലിലെ വെള്ളമാണ് കൃഷിക്കാശ്രയം.

......................

ഇത്തവണ നേരത്തേ വെള്ളം ലഭിച്ചത് കർഷകർക്ക് പ്രയോജനം ചെയ്യുമെങ്കിലും പാടത്തുവരെ വെള്ളം എത്താനായി കനാൽ വൃത്തിയാക്കണം.കുരമ്പാല കിരുകുഴി റോഡിൽ കുരമ്പാല ജംഗ്ഷന് സമീപം കനാല് ചോർന്ന് വെള്ളം പാഴാക്കുന്നത്‌.

(പ്രദേശവാസികൾ)

..................................................

1. കനാൽ പാലത്തിന്റെ തൂണുകൾ കോൺക്രീറ്റ് ഇളകി തകർന്നുവീഴാറായ സ്ഥിതി‌

2. കെ.ഐ.പി കനാൽ തുറന്നുവിടുന്നത് കർഷകരടക്കമുള്ള നാട്ടുകാരുടെ നിരന്തര ആവശ്യപ്രകാരം

3. പലപ്പോഴും വെള്ളം ആവശ്യക്കാർക്ക് ലഭിക്കുന്നില്ലെന്ന് പരാതി

.............................

അറ്റകുറ്റപ്പണി ഇല്ലാതെ കനാൽ

40 വർഷം മുമ്പ് പണിത കനാലിൽ പുനരുദ്ധാരണമില്ലാത്തതുകാരണം എല്ലാ സ്ഥലത്തും സിമന്റ് ഇളകിയിട്ടുണ്ട്. മുൻപ് എല്ലാവർഷവും കരാർ നൽകി കനാലിലെ കാടുവെട്ടിയും മണ്ണ്മാറ്റിയും വൃത്തിയാക്കാറുള്ളതാണ്. എന്നാൽ ഇത്തവണ അത് നടന്നിട്ടില്ല. ചിലഭാഗം മാത്രം തൊഴിലുറപ്പു തൊഴിലാളികൾ കാടുവെട്ടിയിട്ടുണ്ട്. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നുവിട്ടതുമൂലം വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY