SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

പരിമിതിയിൽ വീർപ്പുമുട്ടി പച്ചക്കറി മാർക്കറ്റ്

Increase Font Size Decrease Font Size Print Page
market-

കോട്ടയം: നഗരമദ്ധ്യത്തിൽ പരാധീനതകളിൽ വീർപ്പുമുട്ടി കോടിമത പച്ചക്കറി മാർക്കറ്റ്. കടകളുടെ വാടക പിരിക്കുന്നതും ശുചീകരണവും ഒഴിച്ചാൽ നഗരസഭ മാർക്കറ്റിന് വേണ്ടി ഒന്നും ചെയ്തു തരുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. മാർക്കറ്റ് കെട്ടിടത്തിന് ബലക്ഷയമായിട്ട് വർഷങ്ങൾ കഴിഞ്ഞു. വ്യാപാരികൾ സ്വന്തംനിലയിലാണ് ചുമരുകളിൽ സംഭവിച്ച വിള്ളലുകൾ സിമന്റ് തേച്ച് അടക്കുന്നത്. ശക്തിയായ കാറ്റൊന്ന് വീശിയാൽ മാർക്കറ്റിന്റെ റൂഫിംഗ് പറന്ന് തൊട്ടടുത്ത തോട്ടിൽ പതിക്കും.
മഴക്കാലത്ത് മാർക്കറ്റ് വെള്ളത്തിൽ മുങ്ങും. തൊഴിലാളികളുടെ അവസ്ഥയാണ് ഏറെ കഷ്ടം. ഇവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും മാർക്കറ്റിലില്ല.

ഇവിടെ ഇവരുണ്ട്

വ്യാപാരികൾ-100

ചെറുകിട കച്ചവടക്കാർ-50

തൊഴിലാളികൾ- 500

തുടങ്ങിയവരെല്ലാം പരിമിതികളോട് പടവെട്ടിയാണ് കഴിയുന്നത്. മഴക്കാലത്ത് വെള്ളക്കെട്ട് മൂലം മാർക്കറ്റിലെത്താൽ മടിച്ചു നിൽക്കുകയാണ് നാട്ടുകാർ. ഇതിന് പരിഹാരമായി സ്റ്റാളുകൾക്കുള്ളിലെ ഇടനാഴി ഉയർത്തി നിർമ്മിക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. മാർക്കറ്റിലെത്തുന്നവരെയും വ്യാപാരികളെയും തൊഴിലാളികളെയും ഭീതിപ്പെടുത്തുന്ന തെരുവുനായ ശല്യം തീർക്കാൻ നടപടി വേണമെന്നും കച്ചവടക്കാർ ആവശ്യപ്പെടുന്നു.

ബസ് എന്ന് എത്തും ഇതുവഴി


2012ലാണ് എം.ജി റോഡിൽ കോടിമതയിലേക്ക് മാർക്കറ്റ് മാറ്റിയത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മാർക്കറ്റിന്റെ പരാധീനത വർഷങ്ങൾ പിന്നിട്ടിട്ടും വിട്ടുമാറുന്നില്ല. മാർക്കറ്റ് തുറന്ന സമയത്ത് ഇതുവഴി ടൗൺ സർവ്വീസ് ബസുകൾ സർവ്വീസ് നടത്തുമെന്ന് നഗരസഭാ അധികൃതർ വാഗ്ദാനം ചെയ്തിരുന്നു. ഏതാനും ആഴ്ച ബസുകൾ ഇതു വഴിഓടിയെങ്കിലും പിന്നീട് അത് നിലച്ചു. മാർക്കറ്റിലെത്താൻ സാധാരണക്കാർക്ക് കഴിയുന്നില്ലെന്നതാണ് പ്രധാന പരിമിതി. നഗരത്തിൽ നിന്നും അകലെ ആയതിനാൽ ഇവിടേക്ക് എത്തണമെങ്കിൽ ബസ് സർവ്വീസുണ്ടായാലേ കഴിയൂ. നഗരസഭയും ജില്ലാ ഭരണകൂടവും ചേർന്ന് തീരുമാനമെടുത്ത് ടൗൺ ബസുകൾ ഇതു വഴി ഓടിക്കാൻ തയാറായാൽ നഗരത്തിലെ ഗതാഗത കുരുക്കും കുറക്കാനാവും.

വർഷാവർഷങ്ങളിൽ നഗരസഭാ ബജറ്റിൽ മാർക്കറ്റിനായി ലക്ഷങ്ങൾ നീക്കി വെക്കാറുണ്ടെങ്കിലും ഇവയൊന്നും ഇവിടെ ചിലവഴിക്കാറില്ല. (വ്യാപാരികൾ)

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY