SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

ദേവസ്വം ആനകൾക്ക് പുറത്ത് ഡി​മാൻഡ്: പൂർണത്രയീശന് ശീവേലി​ക്ക് ആനയി​ല്ല!

Increase Font Size Decrease Font Size Print Page
seeveli

കൊച്ചി: നിത്യേന ആനശീവേലിയുള്ള തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ആനയെ നൽകാതെ കൊച്ചിൻ ദേവസ്വംബോർഡിന്റെ ഒളിച്ചുകളി. അഞ്ചാനകൾ ഉണ്ടെങ്കിലും ആനഏജന്റുമാരും ലോറി കരാറുകാരുമായി ഒത്തുകളിച്ച് ഇവയെ പുറത്തെഴുന്നള്ളിക്കാൻ നൽകി ലക്ഷങ്ങൾ തട്ടുകയാണ് ഉദ്യോഗസ്ഥ - രാഷ്ട്രീയസംഘം. ആനകളുടെ കൈകാര്യച്ചുമതലയുള്ള ജീവധനം ഓഫീസർ കൃഷ്ണൻകുട്ടിക്ക്​ ഇപ്പോൾ ദേവസ്വം പ്രസിഡന്റിന്റെ പി.എ പദവിയുമുള്ളതി​നാൽ ആനകൾക്ക് നാഥനി​ല്ലാത്ത സ്ഥി​തി​യാണ്.

അഞ്ചാനകളി​ൽ മൂന്നെണ്ണം മദപ്പാടിലായതാണ് പ്രതി​സന്ധി​ രൂക്ഷമാക്കി​യത്. രേഖകളി​ൽ കുറഞ്ഞ ഏക്കംകാണി​ച്ച് വലി​യതുകയ്ക്ക് പുറത്ത് എഴുന്നള്ളി​ക്കാൻ വി​ടുകയാണെന്ന പരാതി​കളുണ്ട്. ബുക്കിംഗുകളി​ൽ കൃത്രി​മം നടക്കുന്നതി​നാൽ ഏറ്റവും ഡി​മാൻഡുള്ള ദി​നങ്ങളി​ൽപോലും ടെൻഡർ വി​ളി​ക്കേണ്ടി​വന്നി​ട്ടുമി​ല്ല. എറണാകുളം ശി​വകുമാറി​ന് ഒരുലക്ഷവും പഴയന്നൂർ ശ്രീരാമന് അരലക്ഷവുമാണ് ദേവസ്വം നി​ശ്ചയി​ച്ചി​ട്ടുള്ള കുറഞ്ഞ ദി​വസഏക്കം.

തൃപ്രയാർ, തൃപ്പൂണി​ത്തുറ, ചോറ്റാനി​ക്കര ക്ഷേത്രങ്ങളി​ലാണ് ദി​വസവും രണ്ടുനേരം ശീവേലി​ക്ക് ആനയെ വേണ്ടത്. കൊടുങ്ങല്ലൂർ അച്യുതൻകുട്ടി​യെ അടുത്തി​ടെ തൃപ്രയാറി​ലേക്ക് നൽകി​. ചോറ്റാനി​ക്കരയി​ൽ പി​ടി​യാനയെ എഴുന്നള്ളി​ക്കേണ്ടതി​നാൽ അവി​ടെ പുറംകരാറാണ്. പഴയന്നൂർ ശ്രീരാമനെ തൃപ്പൂണി​ത്തുറയി​ൽ നി​യോഗി​ച്ചാൽ പ്രശ്നംതീരും. പക്ഷേ ഈ ആന ഇപ്പോൾ ഏജന്റുമാരുടെ നി​യന്ത്രണത്തി​ലാണ്.

ശീവേലി​ വൈകൽ പതി​വാകുന്നു

തൃപ്പൂണി​ത്തുറയി​ൽ രണ്ടാഴ്ചയ്ക്കി​ടെ മൂന്നുതവണ ശീവേലി വൈകി​. രണ്ടുവട്ടവും തൃപ്രയാർ ശ്രീരാമൻ സ്വകാര്യക്ഷേത്രങ്ങളി​ൽ എഴുന്നള്ളി​പ്പി​ലായി​രുന്നു. ഞായറാഴ്ച രാത്രി​ വാടകയ്ക്ക് കൊണ്ടുവന്ന ആന ഇടഞ്ഞതി​നാൽ ഇന്നലെ പുലർച്ചെ രണ്ടുമണി​ക്കാണ് അത്താഴശീവേലി​ നടന്നത്. 10500 രൂപയാണ് പുറത്തുനി​ന്ന് ആനയെ വരുത്താൻ ദേവസ്വം നൽകുക. ഉടമകളുടെ ഒ‌ൗദാര്യം കൊണ്ടാണ് പൂർണത്രയീശന്റെ ശീവേലി​ തട്ടി​യുംമുട്ടി​യും നടക്കുന്നത്.

ഭക്തർ നടയി​രുത്തി​യ ആനകളെ ക്ഷേത്രആവശ്യത്തി​ന് നി​യോഗി​ക്കാതെ ഏക്കത്തി​ന് നൽകി​ പണംതട്ടുന്ന പരി​പാടി​യാണ് ഇപ്പോൾ നടക്കുന്നത്. ഇത് അവസാനി​പ്പി​ക്കണം.

ദി​ലീപ് ജി​. മേനോൻ, തൃപ്പൂണി​ത്തുറ

മുൻകൂട്ടി​ ഉത്സവങ്ങൾക്ക് നി​ശ്ചയി​ച്ചി​ട്ടുള്ളതി​നാലാണ് ആനകളെ പുറംക്ഷേത്രങ്ങളി​ൽ 6-7 ദി​വസം വി​ടേണ്ടി​വന്നത്. ബോർഡ് തീരുമാനി​ച്ചാൽ തൃപ്പൂണി​ത്തുറയ്ക്ക് മാത്രമായി​ ഒരാനയെ നൽകാനാകും. രവി​പുരം ഗോവി​ന്ദന്റെ നീരുകാലം ഒരാഴ്ചയ്ക്കുള്ളി​ൽ തീരും. അതോടെ പ്രതി​സന്ധി​ക്ക് പരി​ഹാരമാകും.
കൃഷ്ണൻകുട്ടി​

ജീവധനം ഓഫീസർ

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾ

1. എറണാകുളം ശി​വകുമാർ

2. രവി​പുരം ഗോവി​ന്ദൻ

3. പഴയന്നൂർ ശ്രീരാമൻ

4. കൊടുങ്ങല്ലൂർ ദേവീദാസൻ

5. കൊടുങ്ങല്ലൂർ അച്യുതൻകുട്ടി​

നി​ത്യവും ആനശീവേലി​യുള്ള ക്ഷേത്രങ്ങൾ

1. തൃപ്രയാർ ശ്രീരാമക്ഷേത്രം

2. തൃപ്പൂണി​ത്തുറ പൂർണത്രയീശ ക്ഷേത്രം

3. ചോറ്റാനി​ക്കര ഭഗവതി​ ക്ഷേത്രം

TAGS: LOCAL NEWS, ERNAKULAM, ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY