കൊടുവള്ളി: മലബാറിന്റെ ഫുട്‌ബോൾ ഭൂപടത്തിൽ തങ്ങളുടേതായ ഇടം അടയാളപ്പെടുത്തിയ ആരാമ്പ്രത്തെ കായികപ്രേമികൾ ഇന്ന് നിരാശയിലാണ്. സെവൻസ് ഫുട്‌ബോൾ മൈതാനങ്ങളിൽ വിജയഗാഥകൾ രചിച്ചിരുന്ന ഈ ഗ്രാമത്തിന്, പന്തുതട്ടാൻ സ്വന്തമായി മണ്ണില്ലാത്ത അവസ്ഥയാണ്. ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച മിനി സ്റ്റേഡിയം പദ്ധതി പാതിവഴിയിൽ നിലച്ചതോടെ പുതിയ ഭരണസമിതിയിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് നാട്ടുകാർ.
മേഖലയിലെ തന്നെ ഏറ്റവും മികച്ച ടീമുകളെയും കളിക്കാരെയും സമ്മാനിച്ച പാരമ്പര്യമുള്ള ആരാമ്പ്രത്തിന് വാരിക്കൂട്ടിയിരുന്ന കപ്പുകൾ വെറും ഓർമ്മയായി മാറുകയാണ്. പുതിയ തലമുറയിൽ ഫുട്‌ബോൾ പ്രതിഭകൾ ഏറെയുണ്ടെങ്കിലും അവർക്ക് കൃത്യമായ പരിശീലനം നൽകാനോ മത്സരങ്ങൾ സംഘടിപ്പിക്കാനോ ഗ്രൗണ്ടില്ലാത്തത് വലിയ പോരായ്മയായി മാറുന്നു. മികച്ച സൗകര്യങ്ങളുടെ അഭാവം മൂലം കൗമാരപ്രായക്കാർ കായികരംഗത്ത് നിന്ന് വിട്ടുനിൽക്കുന്ന പ്രവണതയും ഏറിവരികയാണ്.
മുരടിച്ചുപോയ മിനി സ്റ്റേഡിയം പദ്ധതി
ആരാമ്പ്രം അങ്ങാടിയോട് ചേർന്നുള്ള ഭൂമിയാണ് സ്റ്റേഡിയത്തിനായി കണ്ടെത്തിയത്. ഒന്നിലധികം റോഡുകൾ വന്നുചേരുന്ന ഇടമായതിനാൽ കളിക്കാർക്കും കാണികൾക്കും ഒരേപോലെ എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമാണിത്. തുടക്കത്തിൽ ജനകീയമായി ഫണ്ട് സ്വരൂപിച്ചും മറ്റും ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിച്ചിരുന്നു. എന്നാൽ തുടർപ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും സാങ്കേതിക തടസങ്ങളും കാരണം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. ജനകീയ കമ്മിറ്റികൾ ആരംഭിച്ച ഭൂമി ഏറ്റെടുക്കൽ നടപടികൾ പഞ്ചായത്ത് നേരിട്ട് ഏറ്റെടുത്ത് നിയമപരമായ തടസങ്ങൾ നീക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സ്റ്റേഡിയത്തിന് ഗാലറി, ഡ്രെസിംഗ് റൂം, രാത്രികാലങ്ങളിൽ കളിക്കാൻ ഫ്ലഡ്ലൈറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മാണം പൂർത്തിയാക്കുക. സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ കുട്ടികൾക്കായി ഫുട്‌ബോൾ അക്കാഡമി ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
പുതിയ ഭരണസമിതിയിൽ പ്രതീക്ഷ
പഞ്ചായത്തിന്റെ പുതിയ ഭരണസമിതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് കായികപ്രേമികളുടെയും പ്രദേശവാസികളുടെയും പ്രധാന ആവശ്യം. നിലവിലുള്ള പ്രതിസന്ധികൾ പഠിക്കാനും ബജറ്റിൽ തുക വകയിരുത്തി സ്റ്റേഡിയം നിർമ്മാണം പുനരാരംഭിക്കാനും ഭരണകൂടം തയ്യാറായാൽ ആരാമ്പ്രത്തിന്റെ മണ്ണിൽ വീണ്ടും ഫുട്‌ബോൾ ആരവങ്ങൾ ഉയരുമെന്ന വിശ്വാസത്തിലാണ് ഒരു നാട് മുഴുവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |