ന്യൂയോർക്ക്: പ്രധാനമന്ത്രി പദത്തിൽ ഡോ. മൻമോഹൻ സിംഗും റിസർവ് ബാങ്ക് ഗവർണറായി ഡോ. രഘുറാം രാജനും ഇരുന്ന കാലഘട്ടമാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ 'ഏറ്റവും മോശം സമയം' എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചു. കൊളമ്പിയ സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഇന്റർനാഷണൽ ആൻഡ് പബ്ളിക് അഫയേഴ്സ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എൻ.ഡി.എ സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ അടുത്തിടെ രഘുറാം രാജൻ വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. റിസർവ് ബാങ്കിന്റെ തലപ്പത്ത് രാജൻ ഇരുന്ന കാലത്ത്, ഫോൺ കോൾ ശുപാർശകളുടെ പിൻബലത്തിൽ പോലും പൊതുമേഖലാ ബാങ്കുകൾ വാരിക്കോരി വായ്പകൾ കൊടുത്തു. ഇപ്പോൾ അതേ ബാങ്കുകൾ കേന്ദ്രസർക്കാരിൽ നിന്ന് മൂലധന സഹായം കിട്ടാൻ കാത്തിരിക്കുകയാണ്. ഈ ബാങ്കുകൾക്ക് ജീവസഹായം നൽകുകയാണ് ഇപ്പോൾ തന്റെ പ്രഥമ ജോലി.
ഡോ. രാജൻ ഓരോ കാര്യവും ഉള്ളിൽത്തട്ടിയാണ് പറയുന്നത് എന്നതിൽ എനിക്ക് സംശയമില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഏറ്റവും ഉത്സാഹപൂർണമായിരുന്ന കാലഘട്ടത്തിൽ റിസർവ് ബാങ്കിന്റെ തലപ്പത്തെത്തിയ പണ്ഡിതനെന്ന നിലയിൽ അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാൽ, അദ്ദേഹവും മൻമോഹൻ സിംഗും ഒന്നിച്ചുണ്ടായിരുന്ന കാലഘട്ടമാണ് ബാങ്കുകളുടെ ഏറ്റവും മോശം സമയമെന്നത് വസ്തുതയാണ്. അക്കാലത്ത്, നമുക്ക് അത് അറിയാൻ കഴിഞ്ഞില്ല', നിർമ്മല പറഞ്ഞു.
2.16 ലക്ഷം കോടി
ഇന്ത്യൻ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 201112ൽ 9,190 കോടി രൂപയായിരുന്നത്, ഒന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറിയ 2014 മേയിൽ 2.16 ലക്ഷം കോടി രൂപയായി ഉയർന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഡോ. മൻമോഹൻ സിംഗ് ഡോ രഘുറാം രാജൻ 'സഖ്യ'ത്തെ ധനമന്ത്രി നിർമ്മല സീതാരാമൻ വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |