കൊല്ലം: മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റില്ലാതെ കറങ്ങി എ.ഐ കാമറയിൽ കുടുങ്ങിയ ബൈക്ക് മോഷ്ടാവ് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ചിറയിൻകീഴ് കുടവൂർ, കാട്ടിയാത്ത് മലമുകൾ, കല്ലുവെട്ടാംകുഴി വീട്ടിൽ സുനിത്താണ് (26) കീഴടങ്ങിയത്.
കഴിഞ്ഞമാസം 30നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിന് സമീപം മൈലാടുംപാറയിലുള്ള ബസ് ഷെഡിൽ നിന്നു സുനിത്ത് പാരിപ്പള്ളി ജവഹർ ജംഗ്ഷൻ റോജ നിവാസിൽ സ്വകാര്യ ബസ് ഡ്രൈവറായ സിജോ.എസ് ലാലിന്റെ ബൈക്ക് മോഷ്ടിച്ചത്. എല്ലാ ദിവസവും വീട്ടിൽ നിന്നുംബൈക്കിൽ വരുന്ന സിജോ, ബൈക്ക് ബസ് ഉടമയുടെ വീട്ടിലെ ഷെഡിലാണ് വച്ചിരുന്നത്. താക്കോൽ പെട്രോൾ ടാങ്കിന് മുകളിലുള്ള പൗച്ചിൽ വയ്ക്കും. വേറെ നാല് ബൈക്കുകളും ഇവിടെ ഉണ്ടായിരുന്നു. 30ന് രാതി ഏഴരയോടെ ഓട്ടം കഴിഞ്ഞ് എത്തിയപ്പോൾ ബൈക്കുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ നിരീക്ഷണ കാമറയിൽ നിന്നും 30ന് ഉച്ചയ്ക്ക് 2.57ന് ആരോ ബൈക്ക് കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു.
പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാവിനെക്കുറിച്ചുള്ള തുമ്പൊന്നും ലഭിച്ചില്ല. ജനുവരി 1ന് ഹെൽമെറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശം സിജോയുടെ ഫോണിലെത്തി. തുടർന്ന് പരിവാഹൻ പോർട്ടൽ പരിശോധിച്ചപ്പോൾ മോഷ്ടാവ് തന്റെ ബൈക്കുമായി ആറ്റിങ്ങൽ കച്ചേരി വഴി ഹെൽമെറ്റില്ലാതെ പോകുന്ന ദൃശ്യം ലഭിച്ചു. 30ന് രാത്രി 7.46ന് പതിഞ്ഞ മോഷ്ടാവിന്റെ വ്യക്തമായ ചിത്രം സിജോ പൊലീസിന് കൈമാറിയിട്ടും ആളിനെ തിരിച്ചറിയായില്ല. ഫെബ്രുവരി 4ന് വീണ്ടും സിജോയുടെ ഫോണിലേക്ക് പെറ്റിയെത്തി. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സുനിത്തിനെ തിരിച്ചറിഞ്ഞ നാട്ടുകാർ ബൈക്ക് ഉടമയേയും പൊലീസിനെയും ബന്ധപ്പെട്ടു. പിന്നാലെ സുനിത്ത് താമസിച്ചുകൊണ്ടിരുന്ന ബന്ധൂവിട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. ഞായറാഴ്ച സുനിത്തിന്റെ ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതോടെയാണ് ഇന്നലെ കീഴടങ്ങിയത്. ഇന്നലെ പുലർച്ചെ ബൈക്ക് പാരിപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുവച്ച് മടങ്ങിയ സുനിത്ത് രാവിലെ 11 മണിയോടെ ബന്ധുക്കൾക്കൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. നാല് വർഷമായി ദുബായിലായിരുന്ന സുനിത്ത് മൂന്ന് മാസം മുൻപാണ് മടങ്ങിയെത്തിയത്. മോഷ്ടിച്ച ബൈക്കുമായി ബൈക്കുമായി സുനിത്ത് വെഷൽഡിംഗ് ജോലിക്ക് പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |