SignIn
Kerala Kaumudi Online
Thursday, 19 February 2026 12.12 AM IST

അനധികൃത പാർക്കിംഗ്, ഗതാഗതക്കുരുക്ക്:പിടിമുറുക്കി പൊലീസ്: 9300 കേസ്

Increase Font Size Decrease Font Size Print Page
city-police
കൊച്ചി നഗരത്തിലെ സീബ്രാക്രോസിംഗിൽ പരിശോധന നടത്തുന്ന പൊലീസ്

കൊച്ചി: എറണാകുളം നഗരത്തിലെ തിരക്കേറിയ റോഡുകളിലെ ഗതാഗതക്കുരുക്കും അനധികൃത പാർക്കിംഗും ഉൾപ്പെടെ പൊതുജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരിടാൻ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനയുമായി പൊലീസ്. സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ക്വാഡുകൾ പരിശോധന തുടങ്ങി. 10 ദിവസത്തിനിടെ ഗതാഗത കുറ്റങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത് 9300 കേസുകൾ.

നടപ്പാതകളിലും മറ്റിടങ്ങളിലും ഗതാഗത തടസമുണ്ടാക്കി പാർക്കുചെയ്ത വാഹനങ്ങൾക്കെതിരെയും സീബ്രാലൈൻ ലംഘിച്ച വാഹനങ്ങൾക്കെതിരെയും നടപടികൾ സ്വീകരിച്ചു. എം.ജി റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂറോഡ് തുടങ്ങിയ പ്രധാനമേഖലകൾ, തിരക്കേറിയ ജംഗ്ഷനുകൾ, വ്യാപാര-മാർക്കറ്റ് മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം പരിശോധന നടത്തി.

ഗതാഗത തടസമുണ്ടാക്കി പാർക്ക് ചെയ്തതിന് 4,853 പെറ്റി കേസുകളും നടപ്പാതയിൽ പാർക്ക് ചെയ്തതിന് 2,878 ഉം സീബ്രാലൈൻ ലംഘനത്തിന് 1,569 ഉം പെറ്റിക്കേസുകൾ രജിസ്റ്റർചെയ്തു. പൊതുജനങ്ങൾ ഉത്തരവാദിത്വത്തോടെ പാർക്കിംഗ് മേഖലയിൽമാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് സിറ്റി പൊലീസ് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ തടയാനും തുടർച്ചയായ ജാഗ്രതയും പരിശോധനകളും നടത്തുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.

TAGS: LOCAL NEWS, ERNAKULAM, PARKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY