ദോഹ: ഖത്തറിൽ നിലനിന്നിരുന്ന വിവാദ തൊഴിൽനിയമം എടുത്തുകളയാൻ ഭരണകൂടം തീരുമാനിച്ചു. വിദേശ തൊഴിലാളികൾക്ക് കമ്പനി മാറുന്നതിന് നിലവിലെ സ്പോൺസറുടെ അനുമതി ആവശ്യമില്ല എന്നതാണ് പ്രധാനമായും വരുന്ന മാറ്റം. 2022ൽ ലോകകപ്പ് വേദിയാകുന്ന ഖത്തറിൽ ഈ വിവാദ നിയമം ഒഴിവാക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തിനാണ് ഭരണകൂടം ഇപ്പോൾ പച്ചക്കൊടി കാട്ടിയത്.
നേരത്തെ, തൊഴിലാളികൾക്ക് രാജ്യം വിട്ടുപോകണമെങ്കിൽ തൊഴിൽ ഉടമയുടെ അനുമതി വേണമെന്നായിരുന്നു ഖത്തറിലെ നിയമം. മാത്രമല്ല, ചില തൊഴിലാളികൾക്ക് കമ്പനി മാറണമെങ്കിലും തൊഴിൽ ഉടമയുടെ അനുമതി ആവശ്യമായിരുന്നു. ഇവ രണ്ടു എടുത്തുകളയുകയാണ് ഇപ്പേൾ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം കഫാല സ്പോൺസർഷിപ്പ് സംവിധാനത്തിലും മാറ്റം വരും എന്നാണ് കരുതുന്നത്.
പുതിയ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ മിനിമം വേതനം പദ്ധതി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ ഒരു തൊഴിൽദാതാവിന് തൊഴിലാളിയെ കൈമാറ്റം ചെയ്യുന്നത് സുഗമമാക്കാൻ നിയമം കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം പുതിയ തൊഴിൽ തേടുന്നതിന് ഇനി മുതലാളിയുടെ അനുമതിയും ആവശ്യമില്ല. എക്‌സിറ്റ് പെർമിറ്റ് റദ്ദാക്കുകയും ചെയ്തുവെന്നും തൊഴിൽ വകുപ്പ് മന്ത്രി യൂസുഫ് മുഹമ്മദ് അൽ ഉസ്മാൻ ഫഖ്‌റൂ ദോഹയിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിന് വേദിയായി ഖത്തറിനെ തിരഞ്ഞെടുത്തത് മുതൽ രാജ്യത്തെ തൊഴിൽ നിയമത്തിൽ ഒട്ടേറെ പരിഷ്‌കാരങ്ങൾ ഭരണകൂടം നടപ്പാക്കിയിരുന്നു. ലോകകപ്പ് മൽസരത്തിന്റെ ഭാഗമായി ഖത്തറിൽ ഒട്ടേറെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു പരിഷ്‌കാരങ്ങൾ. മിനിമം കൂലി നടപ്പാക്കാൻ തീരുമാനിച്ചുവെന്ന് തൊഴിൽ മന്ത്രി പറഞ്ഞെങ്കിലും കൂലി എത്രയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. എന്നാൽ ഇക്കാര്യത്തിൽ ഖത്തർ ഭരണകൂടം നേരത്തെ ചില തീരുമാനങ്ങൾ എടുത്തിരുന്നു. അതുപ്രകാരം കുറഞ്ഞ കൂലി ഒരു മാസം 750 റിയാലാണ്. ഏകദേശം 20 ലക്ഷം വിദേശ തൊഴിലാളികളാണ് ഖത്തറിലുള്ളത്. ഇവരിൽ നിരവധി പേർ നേരിട്ടും അല്ലാതെയും ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ജോലിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |