മുട്ടം: പഞ്ചായത്തിലെ പന്ത്റണ്ടാം വാർഡ് ഇല്ലിചാരിയിൽ മലയുടെ മുകൾഭാഗത്ത് വൻ തീപിടിത്തം. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത വിധം മലമുകളിലാണ് തീപിടിത്തമുണ്ടായത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ ഷിബിൻ ഗോപി, പ്രമോദ്, നാസർ, ഷാജി, ജോബി എന്നിവർ സംഭവ സ്ഥലത്ത് നടന്നെത്തി ഫയർ ബീറ്റർ ഉപയോഗിച്ചും ഫയർ ബ്രേക്കുകൾ സൃഷ്ടിച്ചുമാണ് തീ അണച്ചത്. പ്രദേശവാസികളായ ബെന്നി പ്ലാക്കൂട്ടത്തിൽ, അപ്പച്ചൻ പ്ലാക്കൂട്ടത്തിൽ, അച്ചൻകുഞ്ഞ് പുത്തൻപുരക്കൽ, പീതാംബരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള അഞ്ച് ഏക്കറോളം സ്ഥലത്ത് നാശനഷ്ടമുണ്ടായി. അമ്പതോളം റബർ മരങ്ങൾക്ക് പൊള്ളലേറ്റിട്ടുണ്ട്. കൂടാതെ സമീപത്തെ സജി ഇലവുങ്കൽ എന്നയാളുടെ ആൾതാമസം ഇല്ലാത്ത വീട്ടിലേക്ക് തീ പടർന്ന് പത്ത് ഏക്കറോളം സ്ഥലത്തും തീപിടിത്തമുണ്ടായി. ഷാജി പൂവത്തിങ്കൽ എന്നയാളുടെ നാലേക്കറോളം വരുന്ന റബ്ബർ തോട്ടത്തിലേക്ക് തീ പടർന്നത് സേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത് അണച്ചു. ഇതിന് സമീപത്തായുള്ള അഞ്ചേക്കറോളം വരുന്ന മറ്റൊരു തോട്ടത്തിലേക്ക് തീ പടരാതെ സേന സംരക്ഷിക്കുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം വൈകിട്ട് ആറുമണിയോടെയാണ് അവസാനിച്ചത്. കോടിക്കുളം പഞ്ചായത്തിലും ഇന്നലെ രാവിലെ തീ പിടിത്തമുണ്ടായത് അഗ്നിരക്ഷാസേനയെത്തി അണച്ചിരുന്നു. കൃഷിയിടം ഒരുക്കിയതിൽ നിന്ന് തീ പടർന്നതായാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |