
തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോർട്ടിൽ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമർശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ നടന്ന അയ്യപ്പസംഗമത്തെക്കുറിച്ചാണ് പരാമർശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്‌സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്‌ച യോഗം വിളിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
അതേസമയം, ആഗോള അയ്യപ്പസംഗമത്തിലെ ഫണ്ട് സംബന്ധിച്ച അവ്യക്തതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് വിവരം. അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്‌ടം ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോർഡിന്റെയോ സർക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിർദേശം ഹൈക്കോടതി നൽകിയിരുന്നു. സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാൽ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |