SignIn
Kerala Kaumudi Online
Thursday, 12 February 2026 9.09 AM IST

ആരാണ് ജനറൽ  മനോജ്  മുകുന്ദ്  നരവനെ, ആത്മകഥയിലെ കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പരാമർശം എന്ത്?

Increase Font Size Decrease Font Size Print Page
mm-naravane

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു പുസ്‌തത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇന്ത്യൻ രാഷ്‌ട്രീയത്തെ കലുഷിതമാക്കുകയാണ്. കരസേന മുൻ മേധാവി ജനറൽ നരവനെയുടെ ആത്മകഥയായ 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി'യാണ് വിവാദങ്ങളുടെ കേന്ദ്രം. പുസ്‌തകത്തിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ചർച്ചകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടതെങ്കിലും നിലവിൽ അതിന്റെ അനധികൃത പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് ചോദ്യങ്ങൾ ഉയരുന്നത്.

ആരാണ് ജനറൽ മനോജ്‌ മുകുന്ദ് നരവനെ?

ഇന്ത്യൻ സൈന്യത്തിന്റെ ശക്തിയുടെ പ്രതീകമാണ് ജനറൽ മനോജ് മുകുന്ദ് നരവനെ. 2019 ഡിസംബർ 31ന് അദ്ദേഹം ഇന്ത്യൻ സൈന്യത്തിന്റെ 28-ാമത് കരസേനാ മേധാവിയായി (COAS) ചുമതലയേറ്റു. 2022 ഏപ്രിൽ 20 വരെയുള്ള അദ്ദേഹത്തിന്റെ ഭരണകാലം നിശബ്‌ദമായ വെല്ലുവിളികളുടേത് കൂടിയായിരുന്നു. ഭൗമരാഷ്‌ട്രീയ ഭൂപടത്തെ അടിമുടി മാറ്റിമറിച്ച കൊവിഡ് 19 ഉൾപ്പടെയുള്ള ആധുനിക വെല്ലുവിളികളിലൂടെ ഇന്ത്യൻ സൈന്യത്തെ അദ്ദേഹം നയിച്ചു.

2020ൽ ചൈനയുമായുണ്ടായ ഗാൽവാൻ സംഘർഷം ഇന്ത്യയുടെ സുരക്ഷാ സംവിധാനത്തെ പരീക്ഷിച്ച സമയമായിരുന്നു രണ്ടാമത്തേത്. ആ ഘട്ടത്തിൽ സൈനിക സജ്ജീകരണവും തന്ത്രപരമായ നീക്കങ്ങളും ശക്തിപ്പെടുത്തി സൈന്യത്തെ ആത്മവിശ്വാസത്തോടെ നയിച്ചതാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പ്രധാന പ്രത്യേകതയായി കണക്കാക്കപ്പെടുന്നത്. അന്ന് 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടപ്പോൾ 50 ചൈനീസ് സൈനികരാണ് കൊല്ലപ്പെട്ടത്.

സൈന്യത്തിന്റെ ആധുനികവൽക്കരണ നടപടികൾക്ക് പിന്തുണ നൽകുകയും ഭാവി യുദ്ധരീതികൾക്കനുസരിച്ചുള്ള പുനഃസംഘടനാ ചർച്ചകൾക്ക് ദിശാബോധം നൽകുകയും ചെയ്‌തു. ആവേശത്തിനെക്കാൾ ആലോചനയ്‌ക്ക് മുൻതൂക്കം നൽകിയുള്ള അദ്ദേഹത്തിന്റെ ശൈലി സൈന്യത്തിനുള്ളിലും പുറത്തും അംഗീകരിക്കപ്പെട്ടു. പിഎച്ച്ഡി നേടിയ ഉയർന്ന അക്കാദമിക് നിലവാരവും അദ്ദേഹത്തിനുണ്ട്. വിശിഷ്‌ട സേവാ മെഡൽ, അതിവിശിഷ്‌ട സേവാ മെഡൽ തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

രണ്ട് വർഷമായിട്ടും അനുമതിയില്ല

'ദി കന്റോൺമെന്റ് കോൺസ്പിറസി' എന്ന പേരിൽ ഒരു ത്രില്ലർ നരവനെ പുറത്തിറക്കിയിട്ടുണ്ടെങ്കിലും അത് അദ്ദേഹത്തിന്റെ യഥാർത്ഥ ആത്മകഥയായിരുന്നില്ല. നിലവിൽ വിവാദമായിരിക്കുന്ന 'ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി' എന്ന ആത്മകഥയിൽ നരവനെയുടെ സൈനിക ജീവിതം, വിദേശനയങ്ങളും സൈനിക നീക്കവും തമ്മിലുള്ള ഏകോപനം, ഗാൽവാൻ വെളിപ്പെടുത്തലുകൾ, അഗ്നിപഥ് പദ്ധതിയുടെ ഉള്ളടക്കങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2023ൽതന്നെ രചന പൂർത്തിയാക്കിയെങ്കിലും രണ്ട് വർഷത്തിനിപ്പുറവും അത് പ്രസിദ്ധീകരിച്ചിട്ടില്ല. സായുധമമേഖലയിൽ സേവനം അനുഷ്‌ഠിച്ചുള്ളവർക്ക് ആത്മകഥാപരമായ കൃതികൾ പ്രകാശനം ചെയ്യുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വേണം. അത് ലഭിക്കാത്തതാണ് പ്രസിദ്ധീകരണം നടക്കാത്തതിനു കാരണം.

വിവാദമാകുന്ന ഗാൽവാൻ സംഘർഷം

പുസ്‌തകത്തിന്റെ ഒരു പതിപ്പ് ഉയർത്തിപ്പിടിച്ചാണ് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ലോക്‌സഭയിൽ പ്രതിഷേധിക്കാൻ ശ്രമിച്ചത്. 2020ലെ ഗാൽവാൻ സംഘർഷവുമായി ബന്ധപ്പെട്ട് പുസ്‌തകത്തിൽ ഉള്ളതെന്ന് പറയപ്പെടുന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. ഗാൽവൻ മേഖലയിലേക്ക് ചൈനീസ് ആർമി കടന്നുകയറാൻ ശ്രമിച്ചതിനെക്കുറിച്ചും ആ സമയം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിരാശാജനകമായ നീക്കത്തെക്കുറിച്ചും പുസ്‌തകത്തിൽ വിവരിക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അവകാശപ്പെടുന്നു. എന്നാൽ പ്രസിദ്ധീകരിക്കാത്ത പുസ്‌തകത്തിലെ ആധികാരികതയില്ലാത്ത വിവരങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. രാഹുൽ ഗാന്ധിയുടെ പ്രവൃത്തി പാർലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്നും സർക്കാർ പറയുന്നു.

പുസ്‌തകത്തിന്റെ യാതൊരുവിധ പതിപ്പുകളും ഇന്നുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നുപറഞ്ഞ് പ്രസാധകരായ പെൻഗ്വിൻ ബുക്‌സും രചയിതാവായ എംഎം നരവനെയും രംഗത്തെത്തി. അങ്ങനെയെങ്കിൽ പാർലമെന്റിൽ രാഹുൽ ഗാന്ധി ഉയർത്തിപ്പിടിച്ച പുസ്‌തം ആരാണ് നൽകിയതെന്ന ചോദ്യം ബാക്കിയാകുന്നു. പുസ്‌തകത്തിന്റെ അനധികൃത പതിപ്പ് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പ്രതിരോധമന്ത്രാലയം പുസ്‌തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി നൽകിയാൽ മാത്രമെ അതിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അവസാനമാകൂ.

TAGS: NARAVANE, ARMY, CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.