SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.36 PM IST

കളക്ടറേറ്റിലെ നടപ്പാതയിലൂടെ നടത്തം വേണ്ട മലിനജലം ദേഹത്തുവീഴും

Increase Font Size Decrease Font Size Print Page
zx

കൊല്ലം: കളക്ട്രേറ്റിലെത്തുന്നവർക്ക് വെല്ലുവിളിയായി കക്കൂസ് മാലിന്യമുൾപ്പെടുന്ന മലിന ജലം നടപ്പാതയിലേക്ക് ഒഴുകുന്നതായി പരാതി. കളക്ടറേറ്റിന്റെ വടക്ക് വശത്തെ കവാടത്തിന് സമീപം എസ്.ബി.ഐ ബാങ്കിനെ എതിർ വശത്തെ നടപ്പാതയിലാണ് മലിന ജലം പൊതുജനങ്ങളുടെ മുകളിലേക്ക് വീഴുന്നത്. മുകളിലത്തെ നിലയിലെ ടോയ്ലെറ്റിൽ നിന്നുള്ള പൈപ്പുകൾ പൊട്ടി ദിവസം മുഴുവൻ ഇത്തരത്തിൽ വെള്ളം ഇതുവഴി ഒഴുകുകയാണ്.എം.എ.സി.ടി കോടതിക്ക് എതിർവശമുള്ള കിഴക്ക് ഭാഗത്തെ കവാടത്തിലും സമാനമായ പ്രശ്നം നേരിട്ടിരുന്നു. ഓരോ ദിവസവും ആയിരങ്ങളാണ് ഇതുവഴി കളക്ടറേറ്റിലേക്കും മറ്റും എത്തുന്നത്. ജനങ്ങളുടെ മുകളിലേക്ക് ഇത്തരത്തിൽ അഴുക്ക് വെള്ളം പതിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും അധികൃതർ മൗനം പാലിക്കുന്നത് ജനങ്ങളോടുള്ള ക്രൂരതയാണെന്നാണ് ആക്ഷേപം.

 അസഹ്യമായ ദുർഗന്ധവും

കക്കൂസ് മാലിന്യമുൾപ്പടെ കലർന്ന അഴുക്കു വെള്ളമായതിനാൽ അസഹ്യമായ ദുർഗന്ധമാണ്. ഇത് ശ്രദ്ധിക്കാതെ നടപ്പാതയിലൂടെ നടക്കുന്നവരുടെ മുകളിലേക്കാണ് ഈ വെള്ളം വീഴുന്നത്. മഴവെള്ളമാകാമെന്ന് കരുതി തുടച്ചുനീക്കുമ്പോഴാണ് മലിനജലമാണെന്ന് തിരിച്ചറിയുക. ഇത് വസ്ത്രങ്ങളിൽ പടരുന്നതിനൊപ്പം അസഹ്യമായ ദുർഗന്ധവും അനുഭവപ്പെടുന്നതിനാൽ പലരും വന്നകാര്യം കവാടത്തിൽ വച്ചുതന്നെ ഉപേക്ഷിച്ച് തിരിച്ചുമടങ്ങും.

 അസ്ഥിവാരവും തെളിഞ്ഞു

കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ പലഭാഗത്തും ഇളകി മാറി ഇരുമ്പുകമ്പി വെളിയിൽ കാണുന്ന നിലയിലാണ്. വള്ളിച്ചെടികൾ ആവേശത്തോടെ പടർന്നു കയറുന്നതോടൊപ്പം സൺഷെയ്ഡുകളിലും കെട്ടിടത്തിന് പുറം ഭാഗത്തും എല്ലാം ആലുകൾ വളർന്ന് നിൽക്കുകയാണ്. ഇത് കെട്ടിടത്തിന്റെ ബലക്ഷയത്തെ വലിയ രീതിയിൽ ബാധിക്കുമെന്നറിഞ്ഞിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. വി​ഷയങ്ങൾ പരിഹരിക്കാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY