കൊച്ചി∙ മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മിലുള്ള വാക്പോര് മുറുകുന്നു. സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് ജലീലിലിന് ധാരണയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്നെ നേരിടാന്‍ മകനെതിരെ ആരോപണം ഉന്നയിക്കേണ്ടിയിരുന്നില്ല. ആരോപണങ്ങൾ അബദ്ധജടിലമാണ്. മോഡറേഷൻ നിറുത്തണമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ചെന്നിത്തല കൊച്ചിയിൽ പറഞ്ഞു. ചെന്നിത്തലയുടെ മകന് സിവിൽ സർവീസ് അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ മാർക്ക് അധികം ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നായിരുന്നു മന്ത്രിയുടെ ആരോപണം.
എന്നെപ്പറ്റി ഒന്നും പറയാനില്ലാത്തതിനാല്‍ വീട്ടിലിരിക്കുന്ന കുട്ടികളെപ്പറ്റി പറഞ്ഞത് മോശമായിപ്പോയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം അദാലത്തിൽ തന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിട്ടില്ല എന്നല്ല, ഒപ്പിട്ടിട്ടില്ല എന്നാണു താൻ പറഞ്ഞതെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. മോഡറേഷൻ നിർത്തണമെന്നാണ് ആവശ്യമെങ്കിൽ അക്കാര്യം പ്രതിപക്ഷ നേതാവ് പറയണമെന്നും മന്ത്രി കാസർകോട്ട് ആവശ്യപ്പെട്ടു. വിഷയത്തിൽ വി.സിയോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. ചെന്നിത്തല നല്‍കിയ പരാതി മുഖ്യമന്ത്രിക്ക് ഗവർണർ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |