
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പീഡനക്കേസ് നൽകിയ അതിജീവിതയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ച മലയാളി അഭിഭാഷക ദീപ ജോസഫിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അഭിഭാഷകയല്ലേ, ഇത്തരത്തിൽ മോശമായ രീതിയിലാണോ എഴുതുന്നതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകയോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
പുരുഷനായിരുന്നു എഴുതിയിരുന്നതെങ്കിൽ ഈ നിമിഷം കോടതിക്കുള്ളിൽ വച്ചുതന്നെ അറസ്റ്റ് ചെയ്യിപ്പിക്കുമായിരുന്നു. ഒരു സ്ത്രീയെക്കുറിച്ച് മറ്റൊരു സ്ത്രീക്ക് എങ്ങനെയാണ് ഇത്തരത്തിൽ എഴുതാൻ കഴിയുക. ഒരു സ്ത്രീയെ ഏറ്റവും അപമാനിക്കുന്ന ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നിട്ടും അഭിഭാഷക ഖേദിക്കുന്നില്ല. എഴുതിയ കാര്യങ്ങൾ തുറന്നകോടതിയിൽ വായിച്ചു കേൾപ്പിക്കണോ എന്നും ചോദിച്ചു.
കേരള പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ അറസ്റ്റ് തടയണമെന്ന ദീപ ജോസഫിന്റെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. അഭിഭാഷകയ്‌ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതിയല്ല ഇതിനുള്ള ഫോറമെന്നും വ്യക്തമാക്കി.
അതിജീവിതയുടെ ഭർത്താവ് പറഞ്ഞ വിവരങ്ങൾ വച്ചായിരുന്നു പോസ്റ്റെന്ന് ദീപ ജോസഫ് പറഞ്ഞെങ്കിലും വിശദീകരണം കോടതി അംഗീകരിച്ചില്ല. ആ രഹസ്യവിവരങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വയ്‌ക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. ഇത്തരം അസംബന്ധങ്ങൾ എഴുതാൻ അദ്ദേഹം ആവശ്യപ്പെട്ടോ. സ്ത്രീയെന്ന പരിഗണന അഭിഭാഷക ആവശ്യപ്പെട്ടപ്പോൾ, സ്ത്രീയായിട്ടും മറ്റു സ്ത്രീകളെക്കുറിച്ച് എന്തെല്ലാം അഭിപ്രായങ്ങളാണ് പറഞ്ഞതെന്ന് കോടതി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |