
സിയോൾ: ഉത്തരകൊറിയയിൽ കിം ജോംഗ് ഉന്നിന്റെ മകൾ കിം ജു എ അടുത്ത ഭരണാധികാരിയായേക്കും. കിം ജു എയെ പിൻഗാമിയായി തിരഞ്ഞെടുത്തെന്ന് ദക്ഷിണകൊറിയയുടെ നാഷണൽ ഇന്റലിജൻസ് സർവീസാണ് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ചയാണ് ഇന്റലിജൻസ് ഏജൻസി ഈ വിവരം വെളിപ്പെടുത്തിയത്. രാജ്യത്തെ ഔദ്യോഗിക പരിപാടികളിൽ അവരുടെ വർദ്ധിച്ചു വരുന്ന പങ്കാളിത്തം ഉൾപ്പെടെ നിരവധി സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് ഏജൻസി പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന ഉത്തര കൊറിയൻ പാർട്ടി കോൺഗ്രസിൽ വച്ച് പിൻഗാമിയെ കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ, അഞ്ചു വർഷത്തിലൊരിക്കൽ ഉത്തരകൊറിയയിൽ നടക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരിപാടിയാണ് പാർട്ടി കോൺഗ്രസ്.
നിലവിൽ 13 വയസുണ്ടെന്ന് കരുതുന്ന കിം ജു എ സെപ്തംബറിൽ കിം ജോംഗ് ഉൻ നടത്തിയ ചൈന സന്ദർശനത്തിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. കിം ജോംഗ് ഉന്നിന്റെയും റി സോൾ ജുവിന്റെയും ഏകമകളാണ് ജു എ. ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ടെന്നും എൻ.ഐ.എസ് കരുതുന്നു. എന്നാൽ ഇയാളെ കുറിച്ച് ഒരു വിവരവും പുറംലോകത്തിന് ലഭിച്ചിട്ടില്ല.
2022ലാണ് കിം ജു എയെ ആദ്യമായി ലോകം തിരിച്ചറിയുന്നത്. ഉത്തരകൊറിയയുടെ പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരിശോധിക്കുന്ന പിതാവിന്റെ കൈ പിടിച്ച് നടക്കുന്ന ജു എയുടെ ദൃശ്യങ്ങൾ ഉത്തരകൊറിയൻ സ്റ്റേറ്റ് ടെലിവിഷനാണ് പുറത്തുവിട്ടത്. ചൈനയാത്രയിൽ ബീജിംഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രത്യേക കവചിത ട്രെയിനിൽ പിതാവിനൊപ്പം ഇറങ്ങുന്ന ജു എയുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |