
വിതുര: വിതുര പാലോട് വെഞ്ഞാറമൂട് റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകുന്നു. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്ക് പുതിയ സർവീസ് ആരംഭിച്ചു. വിതുര പാലോട് വെഞ്ഞാറമൂട് റൂട്ടിൽ നിലനിൽക്കുന്ന യാത്രാപ്രശ്നത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകളെക്കാൾ സ്വകാര്യവാഹനങ്ങളാണ് കൂടുതലും സർവീസുകൾ നടത്തുന്നത്. കെ.എസ്.ആർ.സി ബസുകളുടെ അഭാവം യാത്രാദുരിത്തിന് കാരണമായിരുന്നു. അതിനാൽ വിദ്യാർത്ഥികൾവരെ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പാലോട്,വെഞ്ഞാറമൂട്,ആറ്റിങ്ങൽ കിളിമാനൂർ ഡിപ്പോകളിൽ നിന്നും നേരത്തെ ധാരാളം സർവീസുകൾ ഉണ്ടായിരുന്നു. എന്നാൽ കൊവിഡിന്റെ മറവിൽ മിക്ക സർവീസുകളും മരവിപ്പിച്ചിരുന്നു. വെഞ്ഞാറമൂട്,നെടുമങ്ങാട്,പാലോട്,വിതുര,ആറ്റിങ്ങൾ,കിളിമാനൂർ ഡിപ്പോകളിൽ നിന്നു കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവുമുണ്ട്.
വിതുര ഡിപ്പോയിൽ നിന്നും പാലോട്,കല്ലറ,കാരേറ്റ്,വാമനപുരം വഴി ഗോകുലം മെഡിക്കൽകോളേജിലേക്ക് ആരംഭിച്ച ബസ് സർവീസിന്റെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു നിർവഹിച്ചു. മണിതൂക്കി വാർഡ് മെമ്പർ ഇ.സുരേഷ്ജോയ് പങ്കെടുത്തു. രാവിലെ 9 നാണ് സർവീസുകൾ ആരംഭിക്കുന്നത്.
ഫോട്ടോ
വിതുര വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ബസ് സർവീസിന്റെ ഉദ്ഘാടനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |