SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.44 PM IST

ഇവിടെ ടിക്കറ്റെടുക്കാം, ബസ് പള്ളിക്കൂടത്തിലേക്ക്

Increase Font Size Decrease Font Size Print Page
bus-a

തൃപ്രയാർ: പടികൾ കയറിച്ചെന്നാൽ സ്മാർട് ക്ളാസ് റൂം. ദൃശ്യവിരുന്നോടെ അറിവ് പകരാൻ തിയേറ്റർ, ലൈബ്രറി, കോൺഫറൻസ് ഹാൾ, ചുവപ്പും ക്രീമും ഇടകലർന്ന ഈ കെ.എസ്.ആർ.ടി.സി ബസ് കുട്ടികളിൽ കൗതുകവും അറിവും നിറയ്ക്കും. സമ്മർദ്ദമില്ലാത്ത, ആഹ്ലാദകരമായ പഠനാന്തരീക്ഷം. ചേറ്റുവ ജി.എം.യു.പി സ്‌കൂളിലാണ് ഈ ബസ് പള്ളിക്കൂടം ഒരുങ്ങുന്നത്.

ഒരു വർഷം മുമ്പ് സർവശിക്ഷാ കേരളയുടെ വർണ്ണക്കൂടാരം പ്രൊജക്ട് നടപ്പിലാക്കിയപ്പോഴാണ് ബസ് പള്ളിക്കൂടം എന്ന ആശയം അദ്ധ്യാപകരുടെ മനസിൽ ഉദിച്ചത്. ഈ അവസരത്തിൽ സ്‌കൂൾ വികസന സമിതി ഇക്കാര്യം എൻ.കെ.അക്ബർ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി. എം.എൽ.എ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് പൊളിച്ചു നീക്കാൻ നിർദ്ദേശിച്ച ഒരു ബസ് അനുവദിപ്പിച്ചു. ബസിന്റെ വിലയായി അമ്പതിനായിരം രൂപയും ജി.എസ്.ടി.യും എടപ്പാൾ ഡിപ്പോയിൽ നിന്നും ചേറ്റുവയിലെത്തിക്കാനുള്ള ചെലവും കണ്ടെത്തുകയായിരുന്നു ആദ്യ കടമ്പ. പൂർവ വിദ്യാർത്ഥിയും സ്‌കൂൾ വികസന സമിതി, പ്രവാസി സംഘടനയായ ചേറ്റുവ അസോസിയേഷൻ എന്നിവയുടെ രക്ഷാധികാരിയും പ്രവാസിയുമായ പി.ബി.ഹുസൈൻ ഇതിന്റെ ചെലവ് വഹിക്കാമെന്നേറ്റു.

ബസ് ഷെൽട്ടർ പണിയാനുള്ള നാലു ലക്ഷം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. ബസിന്റെ ഇന്റേണൽ വർക്കിനുള്ള ചെലവ് ഹുസൈൻ ഏറ്റെടുത്തു. നാലു ലക്ഷത്തോളം രൂപ ചെലവിട്ട് ശീതീകരിച്ചും എൽ.സി.ഡി പ്രൊജക്ടർ സ്ഥാപിച്ചും തിയേറ്റർ സമാന രീതിയിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. ബുക്ക് ഷെൽഫും ക്രിയേറ്റീവ് കോർണറും പെർഫോമൻസ് ഏരിയയും ഒരുക്കി. നിർമ്മാണം ഈ മാസം പൂർത്തിയാക്കാനായേക്കും. ഒരു നാടിന്റെ മുഴുവൻ ശ്രദ്ധ, കരുതൽ, സ്‌നേഹം അതാണ് എന്നും ചേറ്റുവ ജി.എം.യു.പി സ്‌കൂളിന്റെ കരുത്തെന്ന് പ്രധാനദ്ധ്യാപകൻ സജീവ് പട്ടത്ത് പറഞ്ഞു. തിയേറ്ററിന്റേയും സ്കൂൾ കവാടത്തിന്റെയും സമർപ്പണവും 116-ാം വാർഷികാഘോഷവും 'വികസനോത്സവം' എന്ന രീതിയിൽ സംഘടിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പുലിക്കോട്ടിൽ ചെയർപേഴ്‌സനായും വികസന സമിതി കൺവീനർ എം.എ.സീബു ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു.

സമ്മർദ്ദങ്ങളില്ലാതെ ആഹ്ലാദകരമായ അന്തരീക്ഷത്തിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകാൻ അവസരം ഒരുക്കുകയെന്നതാണ് ലക്ഷ്യം

സേവ്യർ പുലിക്കോട്ടിൽ
പ്രസിഡന്റ്
ഏങ്ങണ്ടിയൂർ പഞ്ചായത്ത്.


വികസനത്തിന്റെ പുതിയ മാർഗ്ഗത്തിലൂടെ വിദ്യാർത്ഥികളുടെ കൂടുതൽ ഉന്നമനത്തിനായി കെ.എസ്.ആർ.ടി.സി ബസ്, അക്ഷരവണ്ടിയാക്കി മാറ്റി ഉപയോഗപ്പെടുത്തുന്നു.

എം.എ.സീബു
ജനറൽ കൺവീനർ
സ്‌കൂൾ വികസന സമിതി.

ഹരേകല ഹജ്ജബ്ബ, മംഗലാപുരത്തെ ന്യൂപദൽ എന്ന ഗ്രാമീണ തെരുവിലെ ഓറഞ്ച് വിൽപ്പനക്കാരനിൽ നിന്ന്, വിദ്യാഭ്യാസ രംഗത്ത് പത്മശ്രീ ജേതാവായി ഉയർന്നു വന്ന വ്യക്തിത്വം. തന്റെ ഗ്രാമത്തിലെ കുട്ടികൾക്ക് ഒരു വിദ്യാലയം സ്ഥാപിച്ച സാധാരണക്കാരനായ ഒരു സാമൂഹിക സേവകനാണ് ഹരേകല. നമ്മുടെ ഈ അക്ഷര വണ്ടി 'ഹരേകലയ്ക്ക്' സമർപ്പിക്കുന്നു.

പി.ബി.ഹുസൈൻ
പ്രതിനിധി
ജി.എം.യു.പി സ്‌കൂൾ വികസന സമിതി

TAGS: LOCAL NEWS, THRISSUR, BUSSCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY