
തൊടുപുഴ: കത്തുന്ന വേനല്‍ച്ചൂടില്‍ മനസിനും ശരീരത്തിനും ഉന്മേഷം പകര്‍ന്ന് ജില്ലയില്‍ തണ്ണിമത്തന്‍ വിപണി സജീവം. കനത്ത ചൂടില്‍ വ്യാപാരസ്ഥാപനങ്ങളിലും പാതയോരങ്ങളിലും തണ്ണിമത്തന്‍ കച്ചവടം പൊടിപൊടിക്കുകയാണ്. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് തണ്ണിമത്തന്‍ എത്തുന്നത്. സാധാ തണ്ണിമത്തന്‍, കിരണ്‍, മൃദുല, മഞ്ഞകിരണ്‍ എന്നിവയ്ക്ക് പുറമെ പുതുതായി ജെന്നത്ത് എന്നൊരിനവും ഇറങ്ങിയിട്ടുണ്ട്. ഇവയുടെ ഉള്ളില്‍ ചുവപ്പ്, മഞ്ഞ നിറമാണ്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ ഇനം തണ്ണിമത്തന് ആവശ്യക്കാര്‍ ഏറെയാണ്. 25 മുതല്‍ 30 വരെയാണ് ഒരുഗ്ലാസ് തണ്ണിമത്തന്‍ ജ്യൂസിന് വില. ശരീരത്തില്‍ ജലാംശം നിലനിറുത്താന്‍ തണ്ണിമത്തന്‍ ഉത്തമമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഗുണങ്ങള്‍ ഏറെ
സി,എ വൈറ്റമിനുകള്‍, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.
ഇളനീര്‍ വിപണിയും സജീവം
കടുത്ത ചൂടില്‍ ഇളനീര്‍ വില്പനയും സജീവമാണ്. ദാഹമകറ്റാന്‍ കൃത്രിമ പാനീയങ്ങള്‍ ഏറെയാണെങ്കിലും കരിക്കിന് തന്നെയാണ് ഡിമാന്‍ഡ്. പോഷകഘടകങ്ങള്‍ ഏറെയുള്ള കരിക്ക് ദാഹമകറ്റാനും ശരീരം തണുപ്പിക്കുന്നതിനും താപനില നിലനിറുത്തുന്നതിനും ഉത്തമമാണ്. ധാരാളം ആന്റി ഓക്‌സിഡന്റ്‌സും ധാതുക്കളും അടങ്ങിയ കരിക്കിന്‍ വെള്ളം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കരിക്കിന്റെ ഇളം കാമ്പ് കഴിച്ചാല്‍ വിശപ്പുമകറ്റാം. ഇതിനൊപ്പം പാതയോരങ്ങളില്‍ പഴകച്ചവടവും സജീവമാണ്. ഏത്തയ്ക്കാ, റോബസ്റ്റാ പഴങ്ങളാണ് വിപണിയില്‍ സുലഭം.
.
വില
കരിക്ക്: 60- 75
തണ്ണിമത്തന്‍: 20 - 30
''വിപണിയില്‍ തണ്ണിമത്തന്‍ സുലഭമാണ്. ചൂട് കൂടുന്നതോടെ കച്ചവടവും വര്‍ദ്ധിക്കും'' - സല്‍മാന്‍ (തണ്ണിമത്തന്‍ വ്യാപാരി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |