
പാലക്കാട്: തുടർഭരണത്തെക്കുറിച്ചുള്ള കവി സച്ചിദാനന്ദന്റെ നിലപാടിന് പിന്തുണ അറിയിച്ച് മുൻ മന്ത്രിയും സിപിഐ നേതാവുമായ കെ ഇ ഇസ്‌മായിൽ. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധിവരെ എൽഡിഎഫിന് അതിന് സാധിച്ചെന്നും ഇസ്‌മായിൽ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.
'ചൂരമീനാണെന്ന് കരുതി ഭക്ഷണത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകുന്നയാളല്ല പിണറായി. സി ദിവാകരന്റെ പരാമർശം എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കെ ഇ ഇസ്‌മായിൽ പ്രതികരിച്ചു. വി എസ് സുനിൽകുമാറിനെ വീണ്ടും മത്സരിപ്പിക്കണമെന്നും ജയ സാദ്ധ്യതയാണ് പരിഗണനയെങ്കിൽ സുനിലിന് മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ തുടർഭരണം വേണ്ടെന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദന്റെ പ്രതികരണം. വീണ്ടും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നാൽ അവസരവാദികളായ ആളുകൾ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം ആവശ്യത്തിന് വേണ്ടി പാർട്ടിയെ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്നാണ് സച്ചിദാനന്ദൻ വിമർശിച്ചത്. ജനാധിപത്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാറിമാറി ഉണ്ടാവുകയെന്നതാണ് പൊതുതത്വമെന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടിരുന്നു. സാറാ ജോസഫ് ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന്റെ നിലപാടിന് പിന്തുണയുമായെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനിൽപിന് ഭരണമാറ്റം ആവശ്യമാണെന്നാണ് സാറാ ജോസഫ് അഭിപ്രായപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |