
വാഷിംഗ്ടൺ: യു.എസിൽ പൊലീസ് പട്രോളിംഗ് കാറിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബത്തിന് 2.9 കോടി ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ തീരുമാനം. 2023 ജനുവരിയിൽ സിയാറ്റിലിൽ വച്ച് മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി ജാനവി കാണ്ഡുലയുടെ (23) കുടുംബത്തിനാണ് തുക ലഭിക്കുക. 11 കോടി ഡോളർ (996 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജാനവിയുടെ കുടുംബം കേസ് ഫയൽ ചെയ്തിരുന്നു. സിയാറ്റിലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുതീർപ്പ് കേസാണിത്. റോഡ് മുറിച്ചുകടക്കവെയാണ് നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മാസ്റ്റേഴ്സ് വിദ്യാർത്ഥിയായിരുന്ന ജാനവിയെ അമിതവേഗതയിലെത്തിയ പട്രോളിംഗ് കാറിടിച്ചത്. വാഹനമോടിച്ചിരുന്ന ഓഫീസർ കെവിൻ ഡേവിനെതിരെയുള്ള ക്രിമിനൽ കുറ്റങ്ങൾ യു.എസ് കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഇയാളെ പിന്നീട് ഡിപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |