
കൊച്ചി: ദിവസവും 16 മണിക്കൂറിലേറെ ജോലി ചെയ്യേണ്ട ദുരവസ്ഥ ഇനി സിനിമാ തൊഴിലാളികൾക്കുണ്ടാവില്ല. ജോലി സമയം 12 മണിക്കൂറായിരിക്കും. കൂടുതൽ സമയം ജോലി ചെയ്യേണ്ടി വന്നാൽ അധിക തുക ലഭിക്കും. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയും തമ്മിൽ ഒപ്പിട്ട കരാർ സമയക്രമം, ന്യായമായ വേതനം, തൊഴിൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്നു.
ചിത്രീകരണസമയം 16 മണിക്കൂറിൽ നിന്ന് 12 ആയി ചുരുക്കി. 12 മണിക്കൂർ കോൾ ഷീറ്റാകും ഇനി. അതിനു മുകളിൽ ചെയ്യേണ്ടി വന്നാലും നാലു മണിക്കൂറിൽ കവിയില്ല. ഇങ്ങനെ ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഒന്നര മണിക്കൂറിനുള്ള അധിക വേതനം നൽകും. ഓരോ ദിവസത്തെയും ചിത്രീകരണത്തിന്റെ സമയം നിർമ്മാതാവ് തലേന്ന് അറിയിക്കണം. നിശ്ചിത സമയം കഴിഞ്ഞ് എട്ടു മണിക്കൂർ വിശ്രമം നൽകി വേണം അടുത്ത ജോലി സമയം ആരംഭിക്കാൻ.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, സെക്രട്ടറി ലിസ്‌റ്റിൻ സ്‌റ്റീഫൻ, ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണൻ എന്നിവർ ഒപ്പു വച്ച കരാർ കഴിഞ്ഞ 10ന് നിലവിൽ വന്നു.
പ്രധാന
വ്യവസ്ഥകൾ
ഒരുലക്ഷം രൂപയ്‌ക്കു മേൽ പ്രതിഫലം വാങ്ങുന്നവർ നിർബന്ധമായും കരാർ ഒപ്പിടണം
കരാറില്ലാത്തവരുടെ തർക്കങ്ങളിൽ ഇരുഭാഗവും ചേർന്ന് തീരുമാനമെടുക്കും
എത്ര തൊഴിലാളികളെ വേണമെന്ന് നിർമ്മാതാവിന് തീരുമാനിക്കാം
എല്ലാവർക്കും ബാങ്ക് അക്കൗണ്ടു വഴി വേതനം നൽകണം
പ്രകൃതിക്ഷോഭം, സമരം തുടങ്ങിയവയാൽ ചിത്രീകരണം മുടങ്ങിയാൽ വേതനം നൽകേണ്ട
തൊഴിലാളികളുടേതല്ലാത്ത കാരണത്താൽ മുടങ്ങിയാൽ പകുതി വേതനം നൽകണം
മേയ് ഒന്ന്, തിരുവോണം, റംസാൻ, ദുഃഖവെള്ളി എന്നിവ അവധിയായിരിക്കും
ഉച്ചഭക്ഷണത്തിന് അര മണിക്കൂറും അത്താഴത്തിന് ഒരു മണിക്കൂറും ഇടവേള
സ്‌പോട്ട് എഡിറ്റർക്ക് 3500 രൂപ കുറഞ്ഞ വേതനം
ചിത്രീകരണ ശേഷം ജോലി ചെയ്യുന്ന ഔട്ട് ഡോർ തൊഴിലാളികൾക്ക് അധിക വേതനം
ലഹരി, മയക്കുമരുന്ന് ഉപയോഗം, കൈവശം വയ്‌ക്കൽ എന്നിവ ചിത്രീകരണ, താമസ സ്ഥലങ്ങളിൽ പാടില്ല.
കണ്ടാൽ നിയമപാലകരെ അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |