
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി. പൊതുഗതാഗതമടക്കം തടസ്സപ്പെട്ടതോടെ ജനം വലഞ്ഞു. ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ഹാജർനില നാമമാത്രമായിരുന്നു. വ്യാപാര, വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.
ഹോട്ടലുകളും തുറക്കാൻ അനുവദിച്ചില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ നിരവധിപേരാണ് ദുരിതത്തിലായത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമെത്തിയവർ വാഹനംകിട്ടാതെ ദുരിതത്തിലായി.
സമരാനുകൂലികൾ സ്വകാര്യ വാഹനങ്ങൾ തടഞ്ഞത് പലേടത്തും സംഘർഷത്തിനിടയാക്കി. തുറന്ന സ്ഥാപനങ്ങൾ മിക്കതും അടപ്പിച്ചു. ഓട്ടോയും ടാക്‌സിയും അപൂർവമായാണ് ഓടിയത്. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയില്ല. ചില ഡിപ്പോകളിൽ രാവിലെ സർവീസ് ആരംഭിക്കാനുള്ള ശ്രമം പ്രതിഷേധത്തുടർന്ന് ഉപേക്ഷിച്ചു.
കോഴിക്കോട് പുതിയങ്ങാടി ജി.എം.യു.പി സ്‌കൂളിൽ അദ്ധ്യാപകരെ തടഞ്ഞത് സംഘർഷത്തിനിടയാക്കി.
പെരുമ്പാവൂരിലും കൽപ്പറ്റയിലും ബാങ്കുകളിൽ ജീവനക്കാരെ ബലം പ്രയോഗിച്ച് പുറത്തിറക്കാൻ ശ്രമമുണ്ടായി. നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. അങ്കമാലിയിൽ പ്രകടനം നടക്കുന്നതിനിടെ കടന്നുവന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് തടഞ്ഞിട്ടു.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ തൊഴിലാളികളെ സമരാനുകൂലികൾ ആക്രമിച്ചു. കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിലേക്ക് ചികിത്സക്കായി എത്തിയ നിരവധി രോഗികൾക്ക് പൊലീസ് യാത്രാസൗകര്യം ഒരുക്കിയത് ആശ്വാസമായി.
ദേശീയതലത്തിൽ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തതത്. കേരളത്തിൽ ഐ.എൻ.ടി.യു.സി പണിമുടക്കിയെങ്കിലും സംയുക്ത ട്രേഡ്യൂണിയനുകളുമായി യോജിച്ച് സമരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സംയുക്ത ട്രേഡ് യൂണിയൻ ലോക്ഭവനിലേക്ക് നടത്തിയ മാർച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ആർ.എം.എസ്സിന് മുന്നിൽ നടത്തിയ പ്രകടനം കോൺഗ്രസ് നേതാവ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ലേബർ കോഡുകളടക്കം തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച രാത്രി 12 വരെയായിരുന്നു പണിമുടക്ക്.
ബാർ ഹോട്ടൽ
അടിച്ചു തകർത്തു
പണിമുടക്ക് ദിവസം തുറന്ന് പ്രവർത്തിച്ച പായിപ്പാട് എമറാൾഡ് ബാർ ഹോട്ടൽ കൊടിയുമായി സ്കൂട്ടറിലെത്തിയ സമരാനുകൂലി അടിച്ചുതകർത്തു.ബാറിന്റെ മുൻവശത്തെ വാതിലാണ് തകർത്തത്.അകത്തുണ്ടായിരുന്നവരെ ഇറക്കി വിട്ടു.ജീവനക്കാരെ മർദ്ദിക്കുകയും സാധനങ്ങൾ തകർക്കുകയും ചെയ്തതായി ഉടമ സി.സി.ശ്രീകുമാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 ഓടെയായിരുന്നു സംഭവം.ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് ഉടമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |