കൊല്ലം: തൊഴിൽ കോഡുൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ ഹർത്താലിന് സമാനമായിരുന്നു. ഇളമ്പള്ളൂർ പഞ്ചായത്തിൽ രാവിലെ ഒപ്പിട്ട ശേഷം ഇറങ്ങാൻ ശ്രമിച്ച പഞ്ചായത്ത് സെക്രട്ടറിയെ സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. ഒപ്പിട്ടിട്ടുണ്ടെങ്കിൽ ഓഫീസ് സമയം കഴിഞ്ഞ് പോയാൽ മതിയെന്നായിരുന്നു ആവശ്യം. മറ്റ് ദിവസങ്ങളിൽ താമസിച്ചെത്തുന്ന സെക്രട്ടറി പണിമുടക്ക് ദിവസം കൃത്യസമയത്തെത്തി ഒപ്പിട്ടത് തൊഴിലാളി വിരുദ്ധ നിലപാടെന്നായിരുന്നു സമരക്കാരുടെ ആരോപണം. പഞ്ചായത്തിനുള്ളിൽ പ്രതിഷേധിച്ച പ്രവർത്തകരെ കുണ്ടറ പൊലീസ് ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്താക്കി. തുടർന്ന് ഓഫീസ് സമയം പൂർത്തിയാകുന്നതുവരെ സെക്രട്ടറി പഞ്ചായത്തിലിരുന്നു. പ്രതിഷേധക്കാർ ഈ സമയം മുദ്രാവാക്യങ്ങൾ മുഴക്കി ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും അദ്ധ്യാപക സംഘടനകളും പണിമുടക്കിയതിനാൽ ഓഫീസുകളും സ്‌കൂളുകളും പ്രവർത്തിച്ചില്ല. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, ഓട്ടോ,ടാക്സി എന്നിവ നിരത്തിലിറങ്ങിയില്ല. പുനലൂരിൽ തുറന്ന് പ്രവർത്തിച്ച എസ്.ബി.ഐ, മുത്തൂറ്റ് ബാങ്കുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടപ്പിച്ചത്. കൊട്ടാരക്കരയിൽ ഫെഡറൽ ബാങ്ക് ഉൾപ്പെടെ അടപ്പിച്ചു. തുറന്ന കടകൾ ഉൾപ്പെടെ അടപ്പിച്ചതൊഴിച്ചാൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അവശ്യ സർവീസുകൾ മാത്രം നിരത്തിൽ ഓടി.നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പണിമുടക്ക് മുൻകൂട്ടി അറിഞ്ഞതിനാൽ പൊതുജനങ്ങളും പുറത്തിറങ്ങിയില്ല. അനിഷ്‌ട സംഭവങ്ങളെ നേരിടാൻ കൂടുതൽ പൊലീസ് സാനിധ്യം നിരത്തുകളിൽ ഉറപ്പ് വരുത്തിയിരുന്നു.പണിമുടക്കിൽ ടൗൺ പ്രദേശവും ഇട റോഡുകളും വിജനമായിരുന്നു.
യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു
സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കോലംകത്തിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ജീവനക്കാരും തൊഴിലാളികളും വിശദീകരണ യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |