
കൊച്ചി: ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡി (ടി.എം.പി.വി)ന്റെ ഉപകമ്പനിയായ ജാഗ്വർ ലാൻഡ് റോവർ ഓട്ടോമോട്ടീവ് പി.എൽ.സി തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ പനപാക്കത്ത് സ്ഥാപിച്ച പുതിയ നിർമാണശാല പ്രവർത്തനം ആരംഭിച്ചു. പ്ലാന്റിന്റെ ആദ്യ ഘട്ട പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്. വരുംതലമുറ വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെ നിർമിക്കാൻ ലക്ഷ്യമിടുന്ന പ്ലാന്റിൽ നിന്ന് ആദ്യ വാഹനമായ ആഡംബര എസ്.യു.വിയായ റേഞ്ച് റോവർ ഇവോക് പുറത്തിറക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ടാറ്റ സൺസ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വാഹനങ്ങളുടെ ചെയർമാൻ എൻ. ചന്ദ്രശേഖരനും ചേർന്നാണ് നിർമാണശാല ഉദ്ഘാടനം ചെയ്തത്. പനപാക്കം പ്ലാന്റ് സുസ്ഥിരവും നിർമാണരംഗത്ത് ഇന്ത്യയുടെ നേതൃസ്ഥാനത്തെ വേഗത്തിലാക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ നാഴികക്കല്ലാണെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
പ്ലാന്റിലെ വാഹന ഉത്പാദനം ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച് അഞ്ചു മുതൽ ഏഴു വർഷത്തിനകം വർഷം 2.5 ലക്ഷം വാഹനങ്ങളുടെ പൂർണ ശേഷിയിലെത്തിക്കും. ഇന്ത്യൻ വിപണിക്കും അന്താരാഷ്ട്ര വിപണികൾക്കും വേണ്ടിയാണ് ഉത്പാദനം.
നിർമ്മാണശാലയെ ദീർഘകാല വളർച്ചയ്ക്ക് അനുയോജ്യമായ അത്യാധുനിക കേന്ദ്രമാക്കാൻ 9,000 കോടി രൂപ നിക്ഷേപിക്കാനാണ് ടി.എം.പിവിയുടെ ലക്ഷ്യം. 5,000ത്തിലധികം പേർക്ക് നേരിട്ടും പരോക്ഷവുമായി തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
അത്യാധുനിക നിർമ്മാണ സാങ്കേതികവിദ്യകളും പ്രാവീണ്യമുള്ള തൊഴിലാളികളും ഒന്നിക്കുന്നതാണ് പ്ലാന്റ്. ടാറ്റ മോട്ടോഴ്‌സിന്റെ 'ലക്ഷ്യ' പദ്ധതിയിൽ പരിശീലനം നേടിയവരാണ് ജീവനക്കാർ. അഞ്ചുമാസത്തെ പരിശീലനം ജെ.എൽ.ആർ കേന്ദ്രങ്ങളിൽ ഇവർ പൂർത്തിയാക്കി. ജോലിക്കൊപ്പം കമ്പനിയുടെ പിന്തുണയോടെ പ്രമുഖ സർവകലാശാലയിൽ നിന്ന് ബി.ടെക് ബിരുദം നേടാനുള്ള അവസരവും ഇവർക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |