
കൊളംബോ: ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് വീരവാദം മുഴക്കി കളത്തിന് പുറത്ത് നാടകം കളിച്ച പാകിസ്ഥാൻ കളത്തിലിറങ്ങിയപ്പോൾ വെറും പടമായി. ഇന്നലെ സൂര്യകുമാർ യാദവും സംഘവും 61 റൺസിന് പാകിസ്ഥാനെ കീഴടക്കി ഗ്രൂപ്പ് എയിൽ നിന്ന് ട്വന്റി- 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ എത്തുന്ന ആദ്യ ടീമുമായി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 175 റൺസ് നേടി. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ആൾഔട്ടാവുകയായിരുന്നു.
ഇഷാനാണ് താരം
മലയാളി താരം സഞ്ജു സാംസണ് പകരം ടീമിൽ തിരിച്ചെത്തിയ അഭിഷേക് ശർമ്മ (0) വീണ്ടും നിരാശപ്പെടുത്തിയെങ്കിലും മികച്ച ഫോം തുടർന്ന ഇഷാൻ കിഷൻ (40 പന്തിൽ 77) തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ രക്ഷയ്ക്കെത്തി. ഇഷാൻ തന്നെയാണ് കളിയിലെ താരം.
ബൂം ബൂം ബുംറ
176 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാനെ ഇന്ത്യൻ ബൗളർമാർ വരച്ചവരയിൽ നിറുത്തി. അക്കൗണ്ട് തുറക്കുംമുന്നേ ആദ്യ ഓവറിൽ ഓപ്പണർ സഹിബ്‌സദ ഫർഹാനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി. അടുത്ത ഓവറിൽ സയിം അയൂബിനേയും ക്യാപ്ടൻ സൽമാൻ അലി ആഗയേയും മടക്കി ജസ്പ്രീത് ബുംറ ഇന്ത്യയെ വിജയവഴിയിൽ എത്തിച്ചു. പിന്നീട് ഒരിക്കൽപ്പോലും പാക് ബാറ്റർമാർക്ക് ആധിപത്യം നേടാനായില്ല.
ഷേക്ക് ഹാൻഡ് ഇല്ല
കഴിഞ്ഞ സെപ്തംബറിലെ ഏഷ്യ കപ്പിലെന്നപോലെ പാക് ക്യാപ്ടന് മത്സരത്തിനിടെ ഹസ്‌തദാനം നൽകാൻ ഇന്ത്യൻ നായകൻ സൂര്യയോ മറ്റ് ഇന്ത്യൻ താരങ്ങളോ തയ്യാറായില്ല.
6
ട്വന്റി-20 ഫോർമാറ്റിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ ആറാമത്തെ വിജയം.
8-1
ട്വന്റി-20 ലോകകപ്പിൽ ഇതുവരെ മുഖാമുഖം വന്ന 9 മത്സരങ്ങളിൽ ഇന്ത്യയുടെ എട്ടാമത്തെ വിജയം. പാകിസ്ഥാന് ജയിക്കാനായത് ഒരു തവണമാത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |