
റാവൽപിണ്ടി: ആരാധകർ ഏറെ കാത്തിരുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ പാകിസ്ഥാനെ നിഷ്‌പ്രഭരാക്കി ഇന്ത്യ 61 റൺസ് വിജയം നേടിയിരുന്നു. സ്‌പിന്നർമാർക്ക് കരുതിയതുപോലെ തിളങ്ങാനായില്ലെന്നും ഇതാണ് കളിയിൽ തോൽവിയുണ്ടാകാൻ കാരണമെന്നുമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞിരുന്നത്. ഇതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചെയർമാൻ മൊഹ്‌സീൻ നഖ്‌വിക്കുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ഇതിഹാസ താരം ഷൊയ്‌ബ് അക്‌തർ.
പിസിബിയും അവർ പാക് ദേശീയ ടീമിനെ കൈകാര്യം ചെയ്യുന്ന രീതിയും ശരിയല്ലെന്നാണ് അക്തർ അഭിപ്രായപ്പെട്ടത്. തുടർച്ചയായി പരാജയപ്പെട്ടിട്ടും ടീമിൽ തുടരുന്നതിന് സീനിയർ താരങ്ങളെ അനുവദിച്ചത് അക്തർ ചോദ്യം ചെയ്‌തു. മുതിർന്ന താരങ്ങളായ ബാബർ അസം, ഷഹീൻ അഫ്രീദി, ഷദാബ് ഖാൻ എന്നിവർ ഇന്ത്യക്കെതിരെ വളരെ മോശം പ്രകടനമായിരുന്നു കാഴ്‌ചവച്ചത്.
'ഒരാൾ, അയാൾക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനാണ് താനെന്ന്പോലും അറിയില്ല. ഈ ടീം പിന്നെയെങ്ങനെ പ്രവർത്തിക്കും? ഒരു മത്സരം പോലും ജയിപ്പിക്കാനാകാത്ത ഒരാളെ, താൻ സൂപ്പർതാരമാക്കിയെന്ന് നിങ്ങൾ പറയുന്നു. ഒരു ലൈവ് മത്സരം പോലും ജയിപ്പിക്കാനാകാത്ത താരമാക്കി നിങ്ങളവനെ മാറ്റി.' പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സീൻ നഖ്‌വിയെ അക്തർ രൂക്ഷമായി വിമർശിച്ചു.
'ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റെന്തെന്നറിയുമോ? വലിയൊരു ജോലി അയോഗ്യനായ ഒരാളെ ഏൽപ്പിക്കുന്നതാണ്. ഇത്തരം താരങ്ങളെ നിങ്ങളുണ്ടാക്കിയെടുക്കുമ്പോൾ, ഇങ്ങനെയുള്ളവരെ തിരഞ്ഞെടുക്കുമ്പോൾ ഈ പ്രശ്‌നം വരും. ' അക്തർ പറഞ്ഞു.
'യോഗ്യതയില്ലാത്ത, അറിവില്ലാത്തവരെ അധികാരസ്ഥാനത്തിരുത്തുമ്പോൾ അതുണ്ടാക്കുന്ന അപകടം എന്തെന്ന് വച്ചാൽ അവർ രാജ്യത്തെ തകർക്കും. ഏത് സംഘടനയെയും അയാൾ ഇല്ലാതാക്കും, അതിനുള്ള ഉത്തമ ഉദാഹരണം നിങ്ങളുടെ മുന്നിൽതന്നെയുണ്ട്. അതറിയാനുള്ള വിവരം നിങ്ങൾക്കുണ്ട്.' നഖ്‌വിയെ രൂക്ഷമായി വിമർശിച്ച് അക്തർ പറയുന്നു.
സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ ഇന്ത്യയോട് തീർത്തും നിറംമങ്ങിപ്പോകുന്ന പാകിസ്ഥാൻ ടീം ആരാധകർക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ടീമും മാനേജ്‌മെന്റും സാഹചര്യത്തിനനുസരിച്ച് ഉത്തരവാദിത്വം കാണിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |