SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഇറ്റലി; കൊല്‍ക്കത്തയില്‍ അട്ടിമറി ഒഴിവായത് സാം കറന്റെ 19ാം ഓവറില്‍

Increase Font Size Decrease Font Size Print Page
eng-vs-ita

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ വിറപ്പിച്ച ശേഷം കീഴടങ്ങി ഇറ്റലി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 203 റണ്‍സ് പിന്തുടര്‍ന്ന ഇറ്റലിയുടെ മറുപടി 20 ഓവറില്‍ 178 റണ്‍സില്‍ അവസാനിച്ചു. 24 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അവസാന ഓവറുകളില്‍ ഇറ്റാലിയന്‍ താരം ഗ്രാന്റ് സ്റ്റുവര്‍ട്ട് 45(23) വമ്പനടികളാല്‍ കളം നിറഞ്ഞെങ്കിലും 19ാം ഓവറില്‍ സാം കറന്റെ പന്തില്‍ പുറത്തായതോടെ ഇറ്റലിയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. ജയത്തോടെ ഗ്രൂപ്പ് സി യില്‍ നിന്ന് വെസ്റ്റിന്‍ഡീസിന് പുറമേ ഇംഗ്ലണ്ടും സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇറ്റലിക്ക് വേണ്ടി 25 പന്തില്‍ 60 റണ്‍സെടുത്ത ബെന്‍ മനേന്റിയുടെ പ്രകടനമാണ് തുണയായത്. ആറ് സിക്‌സറുകളും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ഓപ്പണര്‍ ജസ്റ്റിന്‍ മോസ്‌ക 43(34) മാത്രമാണ് പിന്നീട് തിളങ്ങിയത്. അന്തോണി മോസ്‌ക 0(1), ജെജെ സ്മട്‌സ് 0(4) എന്നിവര്‍ നിറം മങ്ങിയത് ഇറ്റലിക്ക് തിരിച്ചടിയായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സാം കറന്‍, ജേമി ഓവര്‍ടണ്‍ എന്നിവരാണ് ഇംഗ്ലണ്ട് ബൗളര്‍മാരില്‍ തിളങ്ങിയത്. ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ ജാക്‌സ് 53*(22) ആണ് ടോപ് സ്‌കോറര്‍. ഫിലിപ് സാള്‍ട്ട് 28(15), ജേക്കബ് ബെഥല്‍ 23(20), ടോം ബാന്റണ്‍ 30(21), സാം കറന്‍ 25(19) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ക്യാപ്റ്റന്‍ ഹാരി ബ്രൂക് 14(9), മുന്‍ നായകന്‍ ജോസ് ബട്‌ലര്‍ 3(4), ജേമി ഓവര്‍ടണ്‍ 15(9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. ഇറ്റലിക്കായി ക്രിഷാന്‍ കലുഗമഗെ, ഗ്രാന്റ് സ്റ്റുവര്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

TAGS: NEWS 360, SPORTS, SPORTS, ICC T20 MENS WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY