മൂലമറ്റം: കൈവരി തകർന്നതിന് പുറമേ അടിഭാഗവും ഇളകിത്തുടങ്ങിയതോടെ അപകടാവസ്ഥയിലായി കോട്ടയം മുന്നിപാലം. അറക്കുളം - വെള്ളിയാമറ്റം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒന്നാം വാർഡിൽ മുന്നിതോടിന് കുറുകെയുള്ള പാലമാണ് അപകട ഭീഷണിയായിരിക്കുന്നത്. പാലത്തിന് അടിയിലെ കൽകെട്ടിനോട് ചേർന്ന് അടിഭാഗം ഇളകിയിരിക്കുകയാണ്. ശക്തമായ കാലവർഷക്കെടുതിയിൽ തോട്ടിലൂടെ ഒഴുകിയെത്തിയ വലിയൊരു കല്ല് കലുങ്കിനടിയിൽ തങ്ങിയതിനെ തുടർന്ന് നീരൊഴുക്ക് തടസപ്പെട്ടതോടെ ഒഴുകിയെത്തുന്ന കല്ലും, മണ്ണും, മലവെള്ളവും പാലത്തിന്റെ അടിയിലേക്ക് ശക്തിയിൽ കുത്തിയൊലിച്ചെത്തിയാണ് കലുങ്കിനടയിലെ പാലത്തിന്റെ ഭാഗം തകർന്ന് തുടങ്ങിയത്. അടിഭാഗം അപകടാവസ്ഥയിലായിട്ട് നാളുകളായെങ്കിലും മതിയായ പരിപാലനമില്ലാത്തതിനാൽ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതിനൊപ്പം പാലത്തിന്റെ അടിഭാഗം കാട്പിടിച്ച് കിടന്നിരുന്നതിനാലും അധികമാരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസം ഇതിന് സമീപമുള്ള പൊതുകുളം മണ്ണ് നീക്കി ശുചീകരിക്കുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് അപകടാവസ്ഥ ശ്രദ്ധിച്ചതും വാർഡ് മെമ്പറെ വിവരമറിയിക്കുന്നതും.
കൈവരി തകർന്നിട്ട്
വർഷങ്ങളായി
രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇതിന്റെ ഇരു ഭാഗത്തും കൈവരിയായി കെട്ടിയിരുന്ന കൽഭിത്തി തകർന്നിട്ട് വർഷങ്ങളായെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. കൈവരി തകർന്നതും വലിയ അപകടഭീഷണിയാണ്. മുമ്പ് ഇവിടെ ഇരുചക്രവാഹനങ്ങൾ മറിഞ്ഞ് വീണ് അപകടത്തിൽപ്പെട്ടിട്ടുള്ളതായി നാട്ടുകാർ പറയുന്നു. സ്വകാര്യബസുകളും സ്‌കൂൾ ബസുകളുമടക്കം വലുതും ചെറുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് പാലത്തിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. ഇത്തരമൊരുപാതയിൽ അപകടം പതിയിരുന്നിട്ടും അധികൃതർ അലംഭാവം കാണിക്കുന്നതിൽ നാട്ടുകാർക്കിടയിലും വ്യാപക പ്രതിഷേധമുണ്ട്.
''പാലത്തിന്റെ അപകടാവസ്ഥ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ രേഖാമൂലം അറിയിച്ചിരുന്നു. അവർ സ്ഥലം സന്ദർശിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് നൽകുന്നത്. തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു '' പി.എ വേലുക്കുട്ടൻ ( വാർഡ് മെമ്പർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |