
കുന്നത്തുകാൽ: നിയന്ത്രണം വിട്ട സ്കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ്, 26 വിദ്യാർത്ഥികൾക്കും ആയക്കും പരിക്ക്.കൊല്ലയിൽ പൂവത്തൂർ എൽ.എം.എസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുമായി വന്ന സ്വകാര്യ വാനാണ് അപകടത്തിൽപ്പെട്ടത്.ഇന്നലെ രാവിലെ 9.45ന് പൂവത്തൂരിന് സമീപം മൊട്ടക്കാവ് കനാൽ ബണ്ട് റോഡിലായിരുന്നു സംഭവം.'ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ സ്റ്റിയറിംഗ് സ്റ്റക്കായി എൻജിൻ ഓഫായി,തുടർന്ന് സ്റ്റാർട്ടാക്കിയപ്പോൾ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് ഡ്രൈവർ സ്റ്റാലിൻരാജ് പറയുന്നു.
കുഞ്ഞുങ്ങളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ കനാലിൽ ചാടി വാഹനത്തിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉടൻ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആഷ്‌ന (8),വെള്ളം ഉള്ളിൽ ചെന്ന് അവശനിലയിലായ ജോനിഷ (4),അപകടം നടന്നയുടൻ അബോധവസ്ഥയിലായ ആയ മിനി (37) എന്നിവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഇവർ അപകടനില തരണം ചെയ്തതായി ശിശുരോഗ വിദഗ്ദ്ധനും മെഡിക്കൽ സൂപ്രണ്ടുമായ ഡോ.ബാബുരാജ് കേരളകൗമുദിയോട് പറഞ്ഞു.
പരിക്കേറ്റ നന്ദ (10),അബിൻ(5),ശ്രീനാഥ് (5),ആർഷത് (5),അക്‌സ (8),ദയ (6),അനശ്വര (6),ആരവ് (10),അനന്യ (6),യദുകൃഷ്ണ (10),സഞ്ജൻസ് (10),ആഷിത് (7),നൈതിക് ഷൈജു (2),അയാന ഷൈജു (3),ഗൗതം കൃഷ്ണ (9),ശിവദത്ത് (5),ഗൗരവ് കൃഷ്ണ (5),ജോനിത (6),ആദിലക്ഷ്മി (7),മേബൽ (6),ആരവ് ബിനു (6),ആദിൽ എസ് (7),ആൽവിൻ (7),ആൻലിയ (5) എന്നിവർ വാർഡുകളിൽ ചികിത്സയിലാണ്.
സംഭവമറിഞ്ഞ് സി.കെ.ഹരീന്ദ്രൻ എം.എൽ.എ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു.ആയ മിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാരായമുട്ടം പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |