
ഓടയിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
തൊടുപുഴ: വീണ്ടും മുതലക്കോടം മാവിൻ ചുവട്ടിൽ അപകടം. ഇത്തവണ ബൈക്ക് ഓടയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം കൂടിയായിരുന്നു. ദാരുണാന്ത്യം. മുതലക്കോടം കുന്നേൽ വീട്ടിൽ ജെയ്സ് ബെന്നിയാണ് (27) മരിച്ചത്. തിങ്കളാഴ്ചരാത്രി 10.40നായിരുന്നു അപകടം. തൊടുപുഴയിൽ നിന്നും മുതലക്കോടത്തേക്ക് വരികയായിരുന്ന ജെയ്സ് വളവ് വീശുന്നതിനിടയിൽ നിയന്ത്റണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഈ ഭാഗത്ത് ഓടയ്ക്ക് മുകളിൽ സ്ലാബ് ഇല്ലാതിരുന്നതാണ് ദുരന്തത്തിന് കാരണം. മുമ്പ് ഇവിടെ ആറോളം അപകടങ്ങൾ നടന്നിട്ടുണ്ട്. താലൂക്ക് വികസന സമിതിയോഗത്തിലടക്കം വിഷയം പല തവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും പൊതുമരാമത്ത് അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്. വിദേശ ജോലിക്കായി മാൾട്ടയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ദാരുണാന്ത്യം.
സൗജന്യനിർമ്മാണം നിരാകരിച്ച് അധികൃതരുടെ ധാർഷ്ട്യം
അപകടങ്ങൾ തുടർക്കഥയായതോടെ സ്ഥലത്തെ ഷോപ്പിംഗ് കോംപ്ലക്സ് ഉടമ സ്ലാബ് സൗജന്യമായി നിർമ്മിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞതാണ്. എന്നാൽ തങ്ങൾ ആവശ്യപ്പെടുന്നത് പോലെ പണി ചെയ്യണമെന്നും ഇത് കരാറാക്കി നൽകണമെന്നും ഇവർ നിലപാട് എടുത്തതോടെ ഉടമ പി.എ കൃഷ്ണകുമാർ പിന്മാറുകയായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം റോഡിന്റെ എതിർവശത്തേക്ക് വിടുന്നതിനായാണ് ഇവിടെ ഓട നിർമ്മിച്ചിട്ടുള്ളതെങ്കിലും പലപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
കൊടികെട്ടിയും
ഗേറ്റ് അടച്ചും പ്രതിഷേധം
പൊതുമരാമത്ത്എ ക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ കുത്തിയിരിപ്പ് സമരം നടത്തിയ യൂത്ത്‌കോൺഗ്രസ് നേതാക്കൾ ഇ.ഇയുടെ കസേരയിൽ ചെടിച്ചട്ടി സ്ഥാപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ഇദ്ദേഹം അവധിയിലായതിനാൽ കരിമണ്ണൂർ അസി. എഞ്ചിനീയർക്കായിരുന്നു പകരം ചുമതല. തുടർന്ന് ലീവിലായിരുന്ന എഞ്ചിനീയർ കെ.കെ ശൈലേന്ദ്രനെ ആലുവയിൽ നിന്നും വിളിച്ചുവരുത്തി. ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിന്മേൽ തീരുമാനമായില്ലെന്നാരോപിച്ചാണ് ടൗൺ ഹാളിന് മുമ്പിൽ യു.ഡി.എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ അരമണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. ഇതിനിടയിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് സമരക്കാർ തടഞ്ഞത് വാഹനത്തിന്റെ വൈപ്പറിൽ കൊടികെട്ടി പ്രതിഷേധിച്ചു. പട്ടികജാതി - വർഗ വകുപ്പിന്റെ വാഹനവും സമരക്കാർ തിരിച്ചയച്ചു. പൊതുമരാമത്ത് വകുപ്പ് ഓഫീസിന്റെ പ്രവേശനകവാടം പൂട്ടിയും പ്രവർത്തകർ പ്രതിഷേധിച്ചതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ട്. കെ.പി.സി.സി ജനറൽ സെക്രട്ടറി നിഷ സോമൻ, നേതാക്കളായ അപു ജോൺ ജോസഫ്, എം.മോനിച്ചൻ, മനോജ് കോക്കാട്ട്, ഷിബിലി സാഹിബ്, സാബിറ ജലീൽ, കെ.ദീപക്, സി.എം മുനീർ, ബിലാൽ സമദ്, അസ്ലം ഓലിക്കൻ, ഷാനു ഷാഹുൽ, ലിറ്റി ജോസഫ്, ദിലീപ് മൈതീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഇതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകരും ഓഫീസിലെത്തി ഉപരോധം നടത്തി.
''സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഉന്നതാധികാരികൾക്ക് നൽകും. ഫണ്ടില്ലാത്തത് നിർമ്മാണത്തിന് തടസമാണ്'' യു.എം. ശൈലേന്ദ്രൻ ( പൊതുമരാമത്ത് എക്സി. എഞ്ചിനീയർ, തൊടുപുഴ )
'നഗരത്തിൽ പൊതുമരാമത്ത് വകുപ്പ് ഉടമസ്ഥതയിലുള്ള ഓട പലപ്പോഴും ഫണ്ട് വകയിരുത്തി ശുചീകരിക്കുന്നത് നഗരസഭയാണ്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ വിഷയം ചൂണ്ടിക്കാട്ടിയിട്ടും പൊതുമരാമത്ത് വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല' സാബിറ ജലീൽ ( നഗരസഭ ചെയർപേഴ്സൺ )
''റോഡരികിലെ ഓട അടയ്ക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല . നിരവധി അപകടങ്ങൾ നടന്നിട്ടും ഓടയ്ക്ക് മുകളിൽ സ്ലാബിടാൻ കഴിയാത്തത് കുറ്റകരമായ അനാസ്ഥയാണ്. ഈ സിസ്റ്റമാണ് കൊലപാതകം നടത്തിയത് '' നിഷ സോമൻ ( കെ.പി.സി.സി ജനറൽ സെക്രട്ടറി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |