ആലക്കോട്: 'അടിയോരുടെ പെരുമൻ' എന്നറിയപ്പെട്ടിരുന്ന വയനാട്ടിലെ നക്സൽ വർഗീസ് പൊലീസിന്റെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 56 വർഷം തികയുന്നു. 1970 ഫെബ്രുവരി 18 നാണ് തിരുനെല്ലി കാട്ടിലെ അപ്പപ്പാറക്ക് സമീപത്തെ കൂമ്പാര കുടിയിലെ പാറക്കെട്ടിൽ വർഗീസ് വെടിയേറ്റു മരിച്ചു കിടന്നത്. വയനാട്ടിലെ നക്സൽ പ്രസ്ഥാനങ്ങളുടെ നേതാവായ എ. വർഗീസ് പോലീസ് സ്റ്റേഷൻ ആക്രമണമുൾപ്പെടെ നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെടുകയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവിൽ ഒളിവിൽ താമസിച്ചിരുന്ന കൂട്ടുകാരന്റെ വീട്ടിൽ വെച്ച് പൊലീസ് പിടികൂടുകയും ചെയ്ത ശേഷം, പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചെന്നുമാണ് അക്കാലത്ത് പ്രചരിക്കപ്പെട്ടത്. വർഷങ്ങൾക്കു ശേഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത പൊലീസുകാരനായ പി. രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലോടെയാണ് വർഗീസിന്റെ മരണം വ്യാജ ഏറ്റുമുട്ടലായിരുന്നെന്നും അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണയുടെ ആജ്ഞയനുസരിച്ച് താനാണ് വെടിവെച്ചു കൊന്നതെന്നും ലോകത്തോട് വിളിച്ചു പറഞ്ഞത്.
....
കോളിളക്കം സൃഷ്ടിച്ച വർഗീസ് വധത്തിന്റെ നേർസാക്ഷിയായിരുന്ന ഒരാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് നടുവിൽ പടിഞ്ഞാറ് താമസിക്കുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ മേലുക്കുന്നിൽ മാത്യു. അദ്ദേഹത്തിന്റെ തീഷ്ണമായ ഓർമകളിൽ ആ സംഭവം ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു.
വർഗീസ് രക്തസാക്ഷിത്യത്തിന്റെ 56 വർഷം തികയുമ്പോഴും അന്നു നടന്ന സംഭവങ്ങളെല്ലാം വ്യക്തമായി ഓർത്തെടുക്കുകയാണ് 81 കാരനായ മാത്യു.
1965ൽ 21ാം വയസിൽ പൊലീസിൽ ചേർന്ന മാത്യു 1999ൽ റിട്ടയർ ചെയ്തു. ഇപ്പോൾ മകളോടാപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ ചിന്നമ്മയും മകൻ ജോയിയും നേരത്തെ മരിച്ചു. രണ്ടു പെൺമക്കളായ ഷിജിയും ഷേർളിയും മകന്റെ ഭാര്യയും കൊച്ചുമക്കളുമടങ്ങുന്നതാണ് മാത്യുവിന്റെ കുടുംബം.
എവിടെവേണമെങ്കിലും താൻ നേരിട്ടു കണ്ട സത്യങ്ങൾ വിളിച്ചു പറയാൻ തയ്യാറാണ്. വർഗീസിന്റെ കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഡിവൈ.എസ്.പിയായിരുന്ന ലക്ഷ്മണയ്ക്കു മാത്രമാണ്. അതിനു കൂട്ടുനിന്ന ആളാണ് എസ്.ഐയായിരുന്ന സി.കെ മുഹമ്മദ്. പക്ഷേ കേസിൽ പ്രതിയാവാതെ രക്ഷപ്പെട്ടു. 1998ൽ സിബിഐ കേസ് ഏറ്റെടുത്തപ്പോൾ സാക്ഷിയായി സത്യം പറയാൻ തയ്യാറാണെന്ന് ഞാൻ അറിയിച്ചുവെങ്കിലും വിവരങ്ങൾ അന്വേഷിക്കാനോ സാക്ഷിയാക്കാനോ ആരും എത്തിയിരുന്നില്ല
-മേലുക്കുന്നിൽ മാത്യു.
ഡിവൈ.എസ്.പി ലക്ഷ്മണ ആജ്ഞാപിച്ചു,
രാമചന്ദ്രൻ നായർ വെടിവച്ചു
വർഗീസിനെതിരെ അന്വേഷണം നടക്കുന്ന സമയത്ത് മാത്യു, മലബാർ സ്‌പെഷ്യൽ പൊലീസിലെ അംഗമായിരുന്നു. മാനന്തവാടി സ്റ്റേഷനിലായിരുന്നു ഡ്യൂട്ടി. 1970 ഫെബ്രുവരി 18നു രാവിലെ വർഗീസിനെ പിടികൂടിയെന്ന വാർത്ത കിട്ടിയപ്പോൾ സബ്ബ് ഇൻസ്‌പെക്ടറായ സി.കെ. മുഹമ്മദിനും മറ്റു പൊലീസുക്കാർക്കുമൊപ്പം തിരുനെല്ലിയിലേക്കു പൊലീസ് വാഹനത്തിൽ പുറപ്പെട്ടു. വഴിയിൽ കാട്ടിക്കുളത്തുവെച്ച് മാനന്തവാടിയിലേക്കു സി.ആർ.പിയുടെ വണ്ടിയിൽ കൊണ്ടുവരികയായിരുന്ന വർഗീസിനെ ഡിവൈ.എസ്.പിയായ ലക്ഷ്മണയുടെ നിർദ്ദേശത്തെ തുടർന്ന് തിരുനെല്ലിയിൽ പൊലീസ് ക്യാമ്പിനടുത്ത് എത്തിച്ചു. അന്ന് വൈകുന്നേരത്തോടെ രാമചന്ദ്രൻ നായരുൾപ്പെടെ നാലു സി.ആർ.പി.എഫ് പൊലീസുകാരുമായി തൊട്ടടുത്ത കുന്നിൻ മുകളിലെ പാറക്കെട്ടിലേക്കു കൊണ്ടു പോയി. മാത്യുവും, എസ്.ഐയും മറ്റു പൊലീസുകാരും 50 മീറ്റർ ദൂരെ നിന്നു. വർഗീസിനെ പാറയുടെ മുകളിൽ നിർത്തിയ ശേഷം ഡിവൈ.എസ്.പി, 'ഇവനെ നമ്മൾ കൊല്ലാൻ പോവുകയാണ്.. നിങ്ങളിൽ ആരാണ് വെടി വയ്ക്കാൻ തയ്യാറെന്ന് '..ചോദിച്ചു. രാമചന്ദ്രൻ നായർ ഒഴികെ മൂന്നു പൊലീസുകാരും കൈ പൊക്കി. കൈ പൊക്കാതിരുന്ന രാമചന്ദ്രൻ നായരോട് ദേഷ്യം പൂണ്ട ഡിവൈ.എസ്.പി വെടിവയ്ക്കാൻ ആജ്ഞാപിച്ചു. ഇല്ലെങ്കിൽ ഏറ്റുമുട്ടലിൽ പൊലീസുകാരൻ കൂടി കൊല്ലപ്പെട്ടെന്ന വാർത്ത നാളെ വരുമെന്നും പറഞ്ഞത്രെ! തുടർന്ന് രാമചന്ദ്രൻ നായർ 303 റൈഫിൾ കൊണ്ട് പോയന്റ് ബ്ലാങ്കിൽ വർഗീസിനെ വെടിവെച്ചു. വെടിയേറ്റു വീണ വർഗീസിന്റെ കൈയിൽ എവിടുന്നോ സംഘടിപ്പിച്ച നാടൻ തോക്ക് പിടിപ്പിച്ചു. പൊലീസുകാരെ കാവൽ നിർത്തി ഡിവൈ.എസ്.പിയും എസ്.ഐയുമടക്കമുള്ളവർ മാനന്തവാടിയിലേക്കു മടങ്ങി. പത്രക്കാരെ വിളിച്ചു വരുത്തി വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്ത എസ്.ഐയായിരുന്ന സി.കെ മുഹമ്മദ് നൽകി. ഈ വാർത്തയാണ് പിറ്റേന്ന് പ്രചരിച്ചത്. പിറ്റേന്നു രാവിലെ മാത്യു അടക്കമുള്ള മാനന്തവാടി സ്റ്റേഷനിലെ പൊലീസ് സംഘം വർഗീസ് മരിച്ചു കിടന്ന സ്ഥലത്തെത്തി. അപ്പോൾ മൃതദേഹത്തിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു. ഒരു കണ്ണിൽ നിറയെ ഉറുമ്പുകളായിരുന്നു. ആ കണ്ണ് ചൂഴ്‌ന്നെടുത്തിരുന്നത്രെ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |