SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

ഇൻഫോപാർക്ക് മൂന്നാംഘട്ടം: ആസൂത്രണം മുതൽ എ.ഐ അധിഷ്‌ടിത നഗരം: സി.ഇ.ഒ

Increase Font Size Decrease Font Size Print Page
f

കൊച്ചി: നഗരത്തിന്റെ ആസൂത്രണഘട്ടം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃകയാണ് ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ എ.ഐ നേറ്റീവ് സിറ്റിയിൽ നടപ്പാക്കുകയെന്ന് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ സംഭവിക്കാൻ സാദ്ധ്യതയുള്ള അപകടങ്ങൾ കണക്കിലെടുത്ത് മുൻകരുതൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി വകുപ്പ് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ എ.ഐ ഇംപാക്ട് ഉച്ചകോടിയിലെ പാനൽചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യ പിന്നീട് കൂട്ടിച്ചേർക്കുക എളുപ്പമല്ല. പകരം പുതിയ പദ്ധതികൾ എ.ഐ അധിഷ്ഠിതമാക്കുന്ന മാതൃകയാണ് പിന്തുടരേണ്ടത്. നിർദ്ദിഷ്ട എ.ഐ നേറ്റീവ് സിറ്റിയിലെ റോഡുകൾ, കെട്ടിടങ്ങൾ, പൈപ്പ് ലൈനുകൾ, പൊതുയിടങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ തത്സമയം ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന 'സിറ്റി ബ്രെയിൻ' ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമാകും. 565 ഏക്കറിൽ നിർമ്മിക്കുന്ന സംയോജിത ടൗൺഷിപ്പിൽ നഗരത്തിന്റെ എല്ലാ മേഖലകളും പരസ്പരം ബന്ധിപ്പിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംക്രമീകരിക്കാൻ ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാലാകും ഇത് നിയന്ത്രിക്കപ്പെടുക.

എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ അപകടസാദ്ധ്യതകളുണ്ട്. അൽഗോരിതങ്ങളിൽ വരാവുന്ന മാറ്റങ്ങൾ, മാനുഷികമായ മേൽനോട്ടം കുറയുന്നത് മൂലമുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങൾ തുടങ്ങിയവ മുൻകൂട്ടി കാണും. സാങ്കേതികവിദ്യയിൽ ഏതെങ്കിലും പ്രത്യേക കമ്പനിയെ മാത്രം ആശ്രയിക്കില്ല. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇതുവഴി പദ്ധതിയുടെ ചെലവ് കുറയ്ക്കാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാലിഫോർണിയ സർവകലാശാലയിലെ എ.ഐ വിദഗ്ദ്ധൻ പ്രൊഫ. സ്റ്റുവർട്ട് റസൽ, ബ്ലൂ ലൈക്ക് ആൻ ഓറഞ്ച് സസ്റ്റെയിനബിൾ ക്യാപ്പിറ്റൽ സ്ഥാപകനും സി.ഇ.ഒയുമായ ബെർട്രാൻഡ് ബാദ്രെ, എൽ ആൻഡ് ടി സ്ട്രാറ്റജി ആൻഡ് സ്‌പെഷ്യൽ പ്രോജക്ട്‌സ് മേധാവി സുപർണ സിംഗ്, ബിഹാർ വികസന കമ്മിഷണർ മിഹിർ കുമാർ സിംഗ്, കാർണെയ്ഗ് മെലൺ സർവകലാശാല അസോസിയേറ്റ് ഡീൻ ജി. സയീദ് ചൗധരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തായ്‌യോ എ.ഐ സി.ഇ.ഒയും സഹസ്ഥാപകനുമായ ഡോ. സൗരഭ് മിശ്ര മോഡറേറ്ററായി.

TAGS: LOCAL NEWS, ERNAKULAM, INFOPARK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY