
കോതമംഗലം: കോട്ടപ്പടി പിണ്ടിമന പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ വെറ്റിലപ്പാറയിൽ വളർത്തുപോത്തിനെ കാട്ടാന ചവിട്ടിക്കൊന്നു. തുടുമ്മേൽ ബെന്നി വർഗീസ് വീടിന് സമീപത്തെ റബ്ബർതോട്ടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെയാണ് കാട്ടാന കൊന്നത്. ഇന്നലെ പുലർച്ചെ ആയിരുന്നു സംഭവം. മറ്റ് രണ്ട് പോത്തുകൾ കൂടി സമീപത്തുണ്ടായിരുന്നെങ്കിലും ഇവയ്ക്ക് നേരെ ആക്രമണം ഉണ്ടായില്ല. ആനക്കൂട്ടം പ്രദേശത്ത് ഇറങ്ങിയതായി പരിസരവാസികൾക്ക് തോന്നിയെങ്കിലും ഭയം മൂലം പുറത്തിറങ്ങിയില്ല. രാവിലെയാണ് പോത്തിന്റെ ജഢം കണ്ടത്. രണ്ടര വയസുള്ള പോത്താണ് ചത്തത്. ആന്തരീകാവയവങ്ങൾ പുറത്തുവന്നിരുന്നു. വനപാലകർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. വെറ്റിനറി സർജൻ ജഢം പോസ്റ്റുമോർട്ടം ചെയ്തശേഷം സംസ്കരിച്ചു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട്
ബൈക്ക് യാത്രികൻ
നിരന്തരം കാട്ടാനശല്യം നേരിടുന്ന പ്രദേശമാണ് വെറ്റിലപ്പാറ. വെള്ളിയാഴ്ച രാത്രി വിവിധ ഭാഗങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങിയിരുന്നു. മൂന്ന് കൂട്ടങ്ങളെങ്കിലും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൃഷിയിടങ്ങളിൽ നാശം വിതച്ചിട്ടുണ്ട്. റോഡിലൂടെ കടന്നുപോയ ആനക്കൂട്ടത്തിന് മുമ്പിൽപ്പെട്ട ബൈക്ക് യാത്രികൻ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.ആനശല്യം തടയാൻ വനാതിർത്തിയിൽ സ്ഥാപിച്ച ഫെൻസിംഗ് ഫലം നൽകിയിട്ടില്ല.
ഫെൻസിംഗ് ഗുണം ചെയ്യില്ല. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ഉടൻ വകവരുത്താനുള്ള തീരുമാനമാണ് വേണ്ടത്
പ്രദേശവാസികൾ
കൂടുതൽ ഫലപ്രദമായ റെയിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കണം. ഇക്കാര്യം വനംവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്
കെ.പി.ജോർജ്
പ്രസിഡന്റ്
പിണ്ടിമന ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |