SignIn
Kerala Kaumudi Online
Wednesday, 25 February 2026 5.00 AM IST

കൊച്ചിക്ക് 132 കോടിയുടെ മിച്ച ബഡ്‌ജറ്റ്‌ വികസനം നിറഞ്ഞ്, ക്ഷേമം ചൊരിഞ്ഞ്

Increase Font Size Decrease Font Size Print Page
f

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുസ്വകാര്യ പങ്കാളിത്തം. മൂലധനം ഉറപ്പാക്കാൻ മുനിസിപ്പൽ ബോണ്ട്. പരിസ്ഥിതി, കാലാവസ്ഥ, ജൈവ വൈവിദ്ധ്യം സംരക്ഷിക്കാൻ പദ്ധതികൾ. കൊച്ചിയെ സമ്പൂർണ സ്മാർട്ട് സിറ്റി നഗരമാക്കാൻ കൃത്യമായ മാനദണ്ഡങ്ങളും ആസൂത്രണവും ലക്ഷ്യമാക്കി കൊച്ചി കോർപ്പറേഷൻ 1388,13,83,902 രൂപ വരവും 1255,16,89,000 രൂപ ചെലവും 132,96,94,902 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയ് അവതരിപ്പിച്ചു.

രണ്ട് മണിക്കൂറിലധികം നീണ്ട പ്രഖ്യാപനത്തിൽ വിദ്യാഭ്യാസം, കായികം, ആരോഗ്യം മേഖലകൾക്കടക്കം പ്രാധാന്യം നൽകുന്ന പദ്ധതികളും ഇടംപിടിച്ചു. വികസനത്തിനൊപ്പം ജനക്ഷേമത്തിനും പരിഗണന നൽകി. ബഡ്ജറ്റ് ചോർന്നെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിന്റെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നഗരത്തിന്റെ സമഗ്രസൗകര്യ വികസനത്തിനും സുസ്ഥിരവളർച്ചയ്ക്കും ആവശ്യമായ മൂലധനം കണ്ടെത്താനുള്ള മുനിസിപ്പൽ ബോണ്ടുകൾ ഇറക്കുമെന്നതും നഗരവികസന നയവും ഡെവലപ്‌മെന്റ് കൗൺസിൽ രൂപീകരണവുമാണ് ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ. സർക്കാർ ഗ്രാന്റുകളെ ആശ്രയിക്കാതെ ഓഹരി വിപണി, പൊതുജന നിക്ഷേപം എന്നിവ സ്വീകരിച്ച് വൻകിട പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി ഹൈപ്പർ കമ്മിറ്റി രൂപീകരിക്കും. ചണ്ഡിഗഢ്, നവിമുംബയ് നഗരങ്ങളുടെ മാതൃക പിന്തുടരുന്നതാണ് നഗരവികസന നയം. സമീപപ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനംകൂടി ലക്ഷ്യമിട്ടാണ് പദ്ധതി. തദ്ദേശസ്ഥാപന പ്രതിനിധികളെ ഭാഗമാക്കി ഉപദേശക സമിതിയായി കൗൺസിൽ പ്രവർത്തിക്കും.

പി.ടി. തോമസിന് സ്മാരകം : യേശുദാസിന് ആദരം
അന്തരിച്ച കോൺഗ്രസ് നേതാവ് പി.ടി. തോമസിന്റെ സ്മരണയിൽ രവിപുരം ശ്മശാനത്തോട് ചേർന്ന് ഈ മനോഹരതീരത്ത് ഓർമ്മയിൽ പി.ടി എന്ന പേരിൽ ഉദ്യാനവും ഓപ്പൺ ലൈബ്രറിയും സ്ഥാപിക്കും. ഇതിനായി രണ്ടുകോടി രൂപ നീക്കിവച്ചു. ഗായകൻ കെ.ജെ. യേശുദാസിന് ആദരവായി ഫോർട്ട്കൊച്ചിയിലെ ജന്മവീട് ഏറ്റെടുത്ത് മ്യൂസിയമാക്കും. ആറ് കോടി രൂപ ചെലവഴിക്കും.

സിറ്റി ബ്ലൂം പദ്ധതി
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ നഗരത്തിലുടനീളം വൃക്ഷത്തൈകളും ചെടികളും നട്ടുപിടിപ്പിക്കും. മീഡിയനുകൾ, വശങ്ങൾ, പൊതുസ്ഥലങ്ങൾ, ഫ്ളൈഓവറുകൾ, കെട്ടിടങ്ങളുടെ പരിസരങ്ങൾ എന്നിവ കേന്ദ്രീകരിച്ചാകുമിത്. ഒരു കോടി രൂപ നീക്കിവച്ചു.

സീറോ വേസ്റ്റ് നഗരം
മാലിന്യരഹിത കൊച്ചിക്കായി ഡിവിഷനുകളെ ഘട്ടംഘട്ടമായി സീറോ വേസ്റ്റ് ഡിവിഷനുകളാക്കി മാറ്റും. ഏഴ് സോണുകൾ കേന്ദ്രീകരിച്ച് മാലിന്യശേഖരണത്തിന് പ്രത്യേക നിരീക്ഷ സംവിധാനം ഒരുക്കും.

 മറ്റു പദ്ധതികൾ
വൈറ്റില-പള്ളുരുത്തി വികസനം-5 കോടി
ഫോർട്ട്‌കൊച്ചി വികസനം- 3 കോടി
പൈതൃക വികസന സമന്വയം- 3 കോടി
തനത് വരുമാന വർദ്ധനവ്- 30 കോടി
ഏകജാലക സംവിധാനം -10 ലക്ഷം
കൊതുകുനിവാരണം - 3 കോടി
തെരുവുനായ നിയന്ത്രണം-3കോടി
സർക്കുലർ ഇക്കണോമി ഹബ് -50ലക്ഷം
നഗരസൗന്ദര്യവത്കരണം- 2 കോടി
പാർക്കുകൾ, പൊതുയിട പരിപാലനം- 5കോടി
ദുരന്ത നിവാരണ പദ്ധതി - 5 കോടി
ജലഗുണനിലവാര അറ്റ്ലസ് -30 ലക്ഷം
വാട്ടർ എ.ടി.എം -40 ലക്ഷം
മാലിന്യ സംസ്‌കരണ പ്ലാന്റ്- 40 കോടി
വയോജന ക്ഷേമം- 2 കോടി
മാതൃക ഷീ ഹോം - 15 കോടി
പിങ്ക് ഹെൽത്ത് - 1 കോടി
ഇന്ദിര ക്യാന്റീൻ - 50 ലക്ഷം
മൾട്ടിലെവൽ പാർക്കിംഗ്- 20 കോടി
പുതിയ റോഡുകൾ - 8 കോടി


നഗര വളർച്ചയ്ക്ക് വേഗം കൂട്ടുന്ന ബഡ്‌ജറ്റാണ് അവതരിപ്പിച്ചത്.
അഡ്വ.വി.കെ മിനിമോൾ, മേയർ

TAGS: LOCAL NEWS, ERNAKULAM, BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.