SignIn
Kerala Kaumudi Online
Wednesday, 25 February 2026 3.55 AM IST

പ്ലാസ്റ്റിക് ഷീറ്റിനടിയിൽ വിയർത്തൊലിച്ച് ചക്കി; ചികിത്സ ലഭിക്കാതെ ദുരിതത്തിൽ എൺപതുകാരി

Increase Font Size Decrease Font Size Print Page

നിലമ്പൂർ: ആരോഗ്യം ക്ഷയിച്ച് പരിചരിക്കാൻ പോലും ആളില്ലാതെ കടുത്ത ദുരിതംപേറി വെറ്റിലകൊല്ലി ആദിവാസി ഊരിലെ എൺപതുകാരി ചക്കി. ഊര് മൂപ്പനായ പാലൻ കഴിഞ്ഞ വർഷം മരിച്ചതോടെയാണ് ഭാര്യ ചക്കിയുടെ ജീവിതം ദുരിതത്തിലായത്. ഊരിലെ വിശ്വാസമനുസരിച്ച് ഭർത്താവ് മരിച്ചാൽ വീട് ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് താമസം മാറണം. ഇതോടെ രോഗിയായിരുന്ന ചക്കി മറ്റൊരു താത്ക്കാലിക കൂരയിലേക്ക് തനിച്ച് താമസം മാറുകയായിരുന്നു. പിന്നാലെ രോഗം മൂർച്ഛിച്ചതോടെ എഴുന്നേൽക്കാനോ,​ ഭക്ഷണം കഴിക്കാനോ,​ പ്രാഥമികാവശ്യങ്ങൾക്കോ പോലും ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. മകന്റെ ഭാര്യയാണ് വലപ്പോഴും ഇവരെ പരിചരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർക്ക് കിടപ്പ് രോഗിയായ ചക്കിയെ കൃത്യമായ പരിചരിക്കാനും കഴിയുന്നില്ല.

താത്ക്കാലിക കൂരയുടെ മേൽക്കൂര പ്ലാസ്റ്റിക് ഷീറ്റ് ആയതിനാൽ ഒരുവെയിൽ വന്നാൽ ചക്കി വിയർത്തൊലിക്കുന്ന സ്ഥിതിയാണ്. നിബിഢമായ വനത്തിനകത്തെ ഊരിലേക്ക് വൈദ്യുതി എത്തിയിട്ടില്ല. ചാലിയാർ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് സംഘം സന്ദർശിക്കുന്നതല്ലാതെ മറ്റ് ആരോഗ്യ സംവിധാനങ്ങൾ ഒന്നുംതന്നെ ഇതുവരെ ചക്കിയുടെ തുണയ്ക്ക് എത്തിയിട്ടില്ല. കിടപ്പ് രോഗിയായ ചക്കിയെ ഊരിൽ നിന്ന് പുറത്തേക്ക് മാറ്റി കൃത്യമായ ചികിത്സ നൽകാൻ അധികൃതർ നടപടിയെടുക്കണമെന്ന് പാലക്കയം ഊരിലെ അങ്കണവാടി ടീച്ചറായ കല്യാണി പറഞ്ഞു.
പന്തീരായിരം ഉൾവനത്തിലുള്ള വെറ്റിലകൊല്ലി ഊരിൽ പണിയ വിഭാഗത്തിൽപ്പെട്ട 80ഓളം പേരാണ് പ്ലാസ്റ്റിക് കൊണ്ട് വലിച്ചുകെട്ടിയ കുടിലുകളിൽ താമസിക്കുന്നത്. കാട്ടാനകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. അകമ്പാടത്തിൽ നിന്ന് 16 കിലോമീറ്റർ സഞ്ചരിച്ചുവേണം വെറ്റിലകൊല്ലിയിൽ എത്താൻ. അകമ്പാടം മുതൽ മൂലേപ്പാടം വരെയുള്ള അഞ്ചുകിലോമീറ്റർ ഒഴിച്ചാൽ ബാക്കി 11 കിലോമീറ്റർ വനപാതയിലൂടെ വേണം സഞ്ചരിക്കാൻ. ഫോർവീൽ ജീപ്പിന് മാത്രമാണ് ഈ മൺപാതയിലൂടെ സഞ്ചരിക്കാൻ കഴിയുക. മൂന്ന്‌ ടാക്സി ഡ്രൈവർമാർ മാത്രമാണ് മനുഷ്യത്വം കണക്കിലെടുത്ത് ഊരിലേക്ക് പോകാൻ സമ്മതിക്കാറുള്ളത്.

യാത്ര ആനപ്പേടിയിൽ

പാലക്കയം പ്ലാന്റേഷൻ കോർപ്പറേഷൻ കഴിഞ്ഞാൽ ബാക്കിയുള്ള ഭാഗങ്ങൾ പന്തീരായിരം വനമേഖലയാണ്. പ്ലാന്റേഷൻ കോർപ്പറേഷനിൽ ജോലി ചെയ്തിരുന്നു
രണ്ട് ജീവനക്കാരെ കാട്ടാനകൾ ആക്രമിച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. ആനകൾ വഴിയിൽ തമ്പടിക്കുന്നത് കാരണം വൈകുന്നേരങ്ങളിലും മഴക്കാലത്തും ഊരിലേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. രാത്രികാലങ്ങളിൽ ഊരിലുള്ളവർക്ക് ആശുപത്രിയിൽ പോകേണ്ടി വന്നാൽ സാഹസികമായാണ് ടാക്സി ഡ്രൈവർമാർ ഇവിടെ എത്താറുള്ളത്. ഏറ്റവും കൂടുതൽ ട്രിപ്പുകൾ നടത്തുന്നത് റഷീദാണ്. ഗോത്ര സാരഥി പദ്ധതി പ്രകാരം ഊരിൽ നിന്നും കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത് റഷീദിന്റെ വാഹനത്തിലാണ്. ഊരിലെ 21 കുട്ടികൾ ചാലിയാറിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്. ഒരു ട്രിപ്പിന് 900 രൂപയാണ് ഐ.റ്റി.ഡി.പി നൽകുക. എന്നാൽ ഈ തുക തന്നെ നാലുമാസം വരെ കുടിശ്ശികയാവാറുണ്ട്.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.