
തൃശൂർ: ആറ് വർഷം മുമ്പ് തൃശൂർ സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ രോഗി മരിച്ച് ഒരു വർഷം കഴിഞ്ഞ് തെളിവെടുപ്പിന് ഹാജരാകാൻ ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. 2020 മേയിൽ വയറു വേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോ ഡ്രൈവർ കഴിഞ്ഞ വർഷം ജനുവരിയിലാണ് മരിച്ചത്.ഈ മാസം 20ന് ഹാജരാകാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. നോട്ടീസ് കിട്ടിയത് 17നും. ജോസഫിന്റെ ഭാര്യ ബിന്ദുവും മകളും പുറപ്പെടാനിരിക്കെ, സിറ്റിംഗ് മാറ്റിയെന്ന് ഫോണിൽ അറിയിപ്പ് ലഭിച്ചു.
2020ൽ വയറുവേദനയെ തുടർന്നാണ് ജോസഫ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടർ ശസ്ത്രക്രിയയും നിർദ്ദേശിച്ചു. അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലി നൽകിയെന്നും പറയുന്നു. മേയ് അഞ്ചിനായിരുന്നു ആദ്യ ശസ്ത്രക്രിയ. അപാകത കണ്ടതോടെ, മേയ് 12ന് വീണ്ടും നടത്തി.
മേയ് 30 വരെ മെഡിക്കൽ കോളേജിൽ ചികിത്സയിലായി. വയറുവേദനയെ തുടർന്ന് വീണ്ടും ഡോക്ടറെ കണ്ടു. സി.ടി സ്‌കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞു. മറ്റൊരു ക്ലിനിക്കിൽ എക്‌സ് റേ എടുത്തപ്പോഴാണ് വയറിൽ കത്രിക കണ്ടത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് കത്രിക പുറത്തെടുത്തു.
അന്ന് മുതൽ നിത്യരോഗിയായ ജോസഫിന് ഓട്ടോ ഓടിക്കാനും കഴിയാതെയായി. തുടർന്ന് പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകി. ഡോക്ടറെയും ചില ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തു, കേസുമെടുത്തു. ഡോക്ടർ പണം കൊടുത്തും ഭീഷണിപ്പെടുത്തിയും പിന്മാറാൻ ആവശ്യപ്പെട്ടു. ഇതോടെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. അനുകൂല വിധിയുണ്ടായി. പക്ഷേ ഇതുവരെയും നഷ്ടപരിഹാരത്തുക കിട്ടിയിട്ടില്ല. ജോസഫിന്റെ മകനും മകളും വിദ്യാർത്ഥികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |