
കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യത്തെ ലാഘവത്തോടെ കാണാനാവില്ലെന്ന് ഹൈക്കോടതി കേന്ദ്രത്തെ ഓർമ്മിപ്പിച്ചു.
സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതാ പഠനം നടത്തി രണ്ട് ആഴ്ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്നു നിർദേശം നൽകി. അനുകൂല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.
വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഓൺലൈനിൽ ഹാജരായി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സംസ്ഥാന സർക്കാരിനെയും മറ്റും ഏകോപിപ്പിച്ച് സാദ്ധ്യതാപഠനം നടത്തണമെന്നും, റിപ്പോർട്ട് കോടതിക്കു നൽകണമെന്നും ഫെബ്രുവരി 4നു കോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാനം കണ്ടെത്തിയ സ്ഥലം എയിംസിനുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കു യോജിച്ചതാണോ എന്ന് അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ റിപ്പോർട്ട് നൽകാൻ കേന്ദ്രസർക്കാർ നാലാഴ്ച കൂടി ചോദിച്ചു. പദ്ധതിക്ക് ബഡ്ജറ്റ് വിഹിതം നീക്കിവച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഇതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, 2024 മുതൽ ഈ വിഷയം പരിഗണനയിലുള്ളതാണെന്നും ഇനിയും നീട്ടിക്കൊണ്ട് പോകാനാകില്ലെന്നും പറഞ്ഞു. ബഡ്ജറ്റ് വിഹിതമല്ല, അനുമതിയാണ് ആവശ്യമെന്നും വ്യക്തമാക്കി.
എയിംസിനായി പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്. കിനാലൂരിലെ സ്ഥലം എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്രമാർഗരേഖയ്‌ക്ക് ചേർന്നതാണെന്ന് സംസ്ഥാന സർക്കാർ 2025 മേയിൽ അറിയിച്ചിരുന്നു. കേന്ദ്ര സർക്കാരാണ് ഇനി തീരുമാനം അറിയിക്കേണ്ടതെന്നും വ്യക്തമാക്കി. തുടർന്നാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിയോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |