
ഗുരുതര വീഴ്ച തൃശൂർ മെഡി.കോളേജിൽ
തൃശൂർ: ഗവ. മെഡിക്കൽ കോളേജിൽ മുട്ടു വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ യുവാവ് മടങ്ങിയത് കാഴ്ചശക്തി നഷ്ടപ്പെട്ട്. തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപാണ് പരാതിയുമായി രംഗത്തെത്തിയത്.
ടൈൽ പണിക്കാരനായിരുന്ന സനൂപ് 2023ലാണ് കാൽ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. ആശുപത്രിയുടെ തറയിൽ കിടത്തി ചികിത്സ തുടങ്ങി. കെെയിൽ ക്യാനുലയിട്ട സ്ഥലത്ത് വേദനയും തടിപ്പും അനുഭവപ്പെട്ടതോടെ നഴ്‌സുമാരോട് പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കിയില്ല. അപ്പോഴേയ്ക്കും കെെയിൽ അണുബാധ പടർന്നിരുന്നു. ഓർമ്മ മങ്ങി, വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നു തുടങ്ങിയപ്പോൾ ഐ.സി.യുവിലേക്ക് മാറ്റി. സനൂപിന്റെ രോഗാവസ്ഥയെക്കുറിച്ച് ആശുപത്രി അധികൃതർ കുടുംബത്തോട് ഒന്നും പറഞ്ഞില്ല. പിന്നീട് കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചു. അബോധാവസ്ഥയിലായിരുന്ന മകന്റെ കൈ പിടിച്ച് സനൂപിന്റെ അമ്മ വത്സല സമ്മത പത്രത്തിൽ ഒപ്പിടുവിച്ചു. ഇരു കൃഷ്ണമണികളും നീക്കം ചെയ്യാനായുള്ള ശസ്ത്രക്രിയയാണെന്ന് എഴുത്തും വായനയും അറിയാത്ത വത്സലയ്ക്ക് മനസിലായില്ല.
ശസ്ത്രക്രിയയ്ക്കു ശേഷം കണ്ണിന്റെ കെട്ടഴിച്ചപ്പോഴാണ് കുടുംബവും സനൂപും വിവരം അറിഞ്ഞത്. ഒരാഴ്ച കഴിഞ്ഞപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് മാറാൻ ആവശ്യപ്പെട്ടു. അപ്പോഴും സ്വയം ആവശ്യപ്പെട്ടതു കൊണ്ടുള്ള ഡിസ്ചാർജെന്ന കള്ള രേഖയാണ് കൊടുത്തയച്ചത്.അച്ഛനും അമ്മയും ഒന്നാം ക്ലാസുകാരനായ മകനും അടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. ഭാര്യ നേരത്തെ മരിച്ചു.ചികിത്സാ പിഴവുകളുടെ സംഭവങ്ങൾ ദിനംപ്രതി പുറത്തു വന്നതോടെയാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന് പരാതി നൽകിയത്.
റിപ്പോർട്ട് തേടും:
മന്ത്രി രാജൻ
തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ റിപ്പോർട്ട് തേടുമെന്ന് മന്ത്രി കെ.രാജൻ. വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. യുവാവിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |