SignIn
Kerala Kaumudi Online
Friday, 27 February 2026 3.43 AM IST

ചോറ്റാനിക്കര ക്ഷേത്രപരിസരം മലീമസം, ആഞ്ഞടിച്ച് ഹൈക്കോടതി

Increase Font Size Decrease Font Size Print Page
d

• കോടികളുടെ വരുമാനമുണ്ടായിട്ടും ഒന്നും നടക്കാത്തതെന്ത്?

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരത്തെ ശുചിത്വമില്ലായ്മയിലും പരിപാലന വീഴ്ചകളിലും കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. നിത്യേന ആയിരക്കണക്കിന് ഭക്തരെത്തുന്ന തീർത്ഥാടന കേന്ദ്രത്തിൽ പാലിക്കേണ്ട കുറഞ്ഞ നിലവാരത്തിലുള്ള ശുചിത്വം പോലും ഇവിടെയില്ലെന്ന് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

ക്ഷേത്ര ശുചിത്വത്തെക്കുറിച്ച് സമഗ്രമായ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ അതേപടി നടപ്പാക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് പ്രതിമാസം രണ്ട് കോടി രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും ഉത്സവകാലങ്ങളിൽ ഇത് നാല് കോടിയിലധികം വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്രയും വരുമാനമുണ്ടായിട്ടും അടിസ്ഥാന ശുചിത്വ കാര്യങ്ങളിൽ കാണിക്കുന്ന അവഗണന അംഗീകരിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

അവസ്ഥ അതിദയനീയം

പരാതിക്കാരുടെ അഭിഭാഷകയായ എ.രശ്മി ക്ഷേത്രപരിസരത്തെയും വാട്ടർ ഡിസ്പെൻസറിന്റെയും ചിത്രങ്ങൾ കോടതിയിൽ ഹാജരാക്കി. കാഴ്ച അതിദയനീയമാണെന്ന് കോടതി പറഞ്ഞു. കോടതിയുടെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങളുണ്ടായിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ വേണ്ടത്ര നടപടികൾ സ്വീകരിച്ചിട്ടില്ല. ഒരു എൻജിനിയറും ഇരുപതിലധികം ജീവനക്കാരും ക്ഷേത്രത്തിൽ ഉണ്ടായിട്ടും ശുചിത്വമിഷന്റെ ശുപാർശകൾ നടപ്പാക്കുന്നതിൽ വലിയ വീഴ്ചയാണ് സംഭവിക്കുന്നത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥ

മാലിന്യ സംസ്കരണത്തിനായി ടെൻഡർ വിളിച്ചിട്ടും ആരും പങ്കെടുത്തില്ലെന്ന ദേവസ്വം കമ്മീഷണറുടെ വിശദീകരണത്തെയും കോടതി വിമർശിച്ചു. കൃത്യമായ പ്രോജക്ട് റിപ്പോർട്ടോ സാങ്കേതിക വിവരങ്ങളോ ഇല്ലാതെ വെറുതെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ ഉത്തരവാദിത്തമുള്ള കരാറുകാർ മുന്നോട്ട് വരില്ല. ഒരു എസ്റ്റിമേറ്റ് തയ്യാറാക്കാൻ പോലും മൂന്ന് മാസം സമയം ചോദിക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാട്ടുന്നതെന്നും വിമർശിച്ചു.

നോഡൽ ഓഫീസറെ നിയമിക്കണം

ശുചിത്വ മിഷന്റെ റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കാൻ പ്രാപ്തനായ നോഡൽ ഓഫീസറെയും പ്രത്യേക സംഘത്തെയും നിയോഗിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി. പദ്ധതി നടപ്പാക്കുന്നതിന്റെ കൃത്യമായ രൂപരേഖ ഉടൻ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. കേസ് മാർച്ച് 5ന് വീണ്ടും പരിഗണിക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.