
ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 9.30 വരെയാണ് നട തുറക്കുക. സുരക്ഷാക്രമീകരണങ്ങൾക്കായി 800ലധികം പൊലീസുകാരെയും 700ലധികം വോളണ്ടിയർമാരെയും ഇത്തവണ നിയോഗിച്ചിരിക്കുന്നത്. സർവാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാർക്ക് ദർശനം നൽകിയതിനെ അനുസ്മരിച്ചാണ് മകം തൊഴൽ.
നാളെ ആടയാഭരണങ്ങളും പട്ടുടയാടകളും അണിഞ്ഞ് ദേവി ഭക്തർക്ക് ദർശനം നൽകും. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിലെ ആറാട്ടിന് ശേഷമാണ് മകം എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് 2ന് ദർശനത്തിനായി നടതുറക്കും. സ്ത്രീകൾക്ക് പടിഞ്ഞാറേ നടയിലൂടെയും പുരുഷൻമാർക്കും കുടുംബമായി എത്തുന്നവർക്കും വടക്കേ പൂരപ്പറമ്പിലൂടെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാം. പ്രദേശവാസികൾക്ക് പ്രത്യേക ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നര ലക്ഷം ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 5ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ചടങ്ങുകൾ സമാപിക്കും.
മകം ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾ സ്വർണാഭരണങ്ങൾ ഒഴിവാക്കണമെന്ന് ദേവസ്വവും പൊലീസും അറിയിച്ചു.
വിപുലമായ ക്രമീകരണങ്ങൾ.
1. മകം തൊഴാൻ എത്തുന്ന ഭക്തജനങ്ങൾക്ക് ഒരു കോടി രൂപയുടെ ഇൻഷ്വറൻസ്
2. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലും തെക്കേ നടയിലും ഫസ്റ്റ് എയ്ഡ് ക്യാമ്പുകൾ
3. വിവിധ ആശുപത്രികളുടെ സഹായത്തോടുകൂടി ആംബുലൻസ് സംവിധാനങ്ങൾ
4. ഭക്തജനങ്ങൾക്ക് ലഘു ഭക്ഷണവും വെള്ളവും ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ക്രമീകരിച്ചിട്ടുണ്ട്
5. വാഹനങ്ങൾ പാർക്കിംഗിന് സമീപത്തെ പൊതുസ്ഥലങ്ങളും സ്വകാര്യ സ്ഥലങ്ങളും
6.ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ നിരീക്ഷണം
7. മോഷണം തടയാൻ പ്രത്യേക പോലീസ് സംഘം മഫ്തിയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |