
കോലഞ്ചേരി: കത്താത്ത വഴിവിളക്കുകൾ, വിളക്കുകാലിൽ പടർന്നുപന്തലിച്ച കാട്,... അശാസ്ത്രീയ നിർമ്മാണത്തിന് കുപ്രസിദ്ധി നേടിയ കൊച്ചി - ധനുഷ്കോടി ദേശീയപാത (എൻ.എച്ച് 85) ന്റെ തിരുവാങ്കുളം മുതൽ മൂവാറ്റുപുഴ വരെയുള്ള റീച്ചിന്റെ നിലവിലെ അവസ്ഥയാണിത്. രാത്രിസഞ്ചാരം സുഗമമാക്കാൻ ലക്ഷ്യമിട്ട് ദേശീയപാതയിൽ വഴിവിളക്ക് പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലും ലൈറ്റുകൾ സ്ഥാപിക്കാൻ നാളിതുവരെ നടപടിയായില്ല. പഞ്ചായത്ത് ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന വഴിവിളക്കുകൾ പലതും ഇതിനോടകം പണിമുടക്കി. ദേശീയപാത വികസനം നടക്കുന്നതിനാൽ കത്താത്ത വിളക്കുകൾ പുന:സ്ഥാപിക്കാൻ പഞ്ചായത്തും തയ്യാറായിട്ടില്ല. മാമല മുതൽ മൂവാറ്റുപുഴ വരെ പാതയുടെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിട്ടുള്ള പോസ്റ്റുകൾ കാടു കയറിയതോടെ ഉപയോഗശൂന്യമാണ്.
നിലം പൊത്തി വഴിവിളക്കുകൾ
പുത്തൻകുരിശ് മാനാന്തടം ജംഗ്ഷനിൽ വെണ്ണിക്കുളത്തേക്ക് തിരിയുന്ന ഭാഗത്ത് ദേശീയപാതയിൽ നിന്ന് വാഹനങ്ങൾ തിരിഞ്ഞു കയറാൻ വലിയ ബുദ്ധിമുട്ടാണ്. രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ഇവിടെ നിന്ന് പ്രവേശിക്കുന്ന മറ്റ് വാഹനങ്ങളെ കാണാൻ കഴിയാത്ത രീതിയിൽ ഇരുട്ട് മൂടിക്കിടക്കുകയാണ്. ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളിൽ പലതും വാഹനാപകടങ്ങളിൽ ഇടിച്ച് നിലത്തുവീണ അവസ്ഥയിലാണ്. മിൽമയുടെ സമീപത്ത് മാസങ്ങൾക്ക് മുൻപ് ഒടിഞ്ഞുവീണ പോസ്റ്റ് അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെത്തന്നെ കിടക്കുകയാണ്. വാഹനാപകടങ്ങളിൽ പോസ്റ്റുകൾ വീണുകിടക്കുന്നത് മൂലം ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
മാറ്റമില്ലാത്ത പുനർനിർമ്മാണം
നിലവിൽ പാതയുടെ പുനർനിർമ്മാണം നടക്കുകയാണ്. 35 വർഷം മുമ്പുണ്ടായിരുന്നത് അതേപടി നിലനിർത്തി പഴയ ടാറിംഗ് മാറ്റി ആധുനിക നിലവാരത്തിലുള്ളതാക്കുന്നതൊഴിച്ചാൽ മറ്റൊരു പ്രവൃത്തിയും നടന്നിട്ടില്ല. കൈയേറ്റങ്ങൾ പഴയപടി തുടരുകയാണ്. കൊച്ചിയിൽ നിന്ന് മൂന്നാർ, കമ്പം, തേനി എന്നിവിടങ്ങളിലേക്ക് നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്ന റോഡിനാണ് ഈ ദുർഗതി.
റോഡിലെ വളവ് നിവർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. പുത്തൻകുരിശ് വട്ടക്കുഴി പാലമുൾപ്പെടെ നിലനിർത്തിയാണ് ദേശീയപാത പണി പൂർത്തിയാക്കിയത്. പാലത്തിന്റെ ഇരുവശവും വീതി കൂടിയ റോഡും പാലമെത്തുമ്പോൾ ഇടുങ്ങിയ വഴിയുമാണ്. അശാസ്ത്രീയമായ നിർമ്മാണം അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഒരു കിലോമീറ്റർ പുനരുദ്ധാരണത്തിന് 7 കോടി രൂപ
വീതി വർദ്ധിപ്പിക്കാതെയുള്ള റീ ടാറിംഗ് യാത്രക്കാർക്ക് പ്രയോജനപ്പെടില്ല.
കോടികൾ മുടക്കിയുള്ള ദേശീയപാത വികസനം ലക്ഷ്യത്തിലെത്തില്ലെന്ന് ആശങ്ക.
കൈയേറ്റങ്ങൾ ഒഴിപ്പിച്ചിക്കാത്തതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാകില്ല
നേർക്കാഴ്ചയില്ലാത്ത വളവുകൾ നിവർത്തിയില്ലെങ്കിൽ അപകടസാദ്ധ്യത
നിലവിൽ ദേശീയപാതയിൽ നടന്നത് അശാസ്ത്രീയമായ നിർമ്മാണ പ്രവൃത്തികളാണെന്ന് ഓരോ അപകടങ്ങളും വ്യക്തമാക്കുന്നു. നിർമാണത്തിലെ അപാകതകൾ പരിഹരിക്കണം
എം.എം. പൗലോസ്,
പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |