പെരുമ്പാവൂർ: സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പ് പോഞ്ഞാശേരി ജോറിസ് ആർച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആർച്ചറി അസോസിയേഷൻ സെക്രട്ടറി പി. ഗോകുൽനാഥ് അദ്ധ്യക്ഷനായി. 14 ജില്ലകളിൽ നിന്നായി അറുന്നൂറിൽപ്പരം മത്സരാർത്ഥികളാണ് അണ്ടർ 10, അണ്ടർ 13, മിനി (അണ്ടർ 15) വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത്.
ആദ്യഘട്ടം പിന്നിടുമ്പോൾ 23 പോയിന്റോടെ തൃശൂർ ജില്ല ആധിപത്യം ഉറപ്പിച്ചു. 16 പോയിന്റുള്ള തിരുവനന്തപുരം ജില്ലയാണ് രണ്ടാംസ്ഥാനത്ത്. അണ്ടർ 10 വിഭാഗത്തിൽ തൃശൂർ, എറണാകുളം താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു. റീക്കർവ് ബോയ്സ് വിഭാഗത്തിൽ തൃശൂരിലെ ആദിനാഥ് ശ്രീദേവ് ഒന്നാം സ്ഥാനവും എറണാകുളത്തെ അമാൻ ഹാദി രണ്ടാം സ്ഥാനവും തൃശൂരിലെ ജ്വോഷ്യ ജോയ്സൺ മൂന്നാംസ്ഥാനവും നേടി. റീക്കർവ് ഗേൾസിൽ തൃശൂരിലെ പ്രകൃതി പാലയ്ക്കൽ സ്വർണവും എറണാകുളത്തെ നിവേദിത കൃഷ്ണദാസ് വെള്ളിയും തിരുവനന്തപുരത്തെ ശിവാന്ദിക വെങ്കലവും കരസ്ഥമാക്കി.
കോംപൗണ്ട് ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരിലെ ആർ. ദ്രുപത് ഒന്നാമതെത്തി. തിരുവനന്തപുരത്തെ വിഷ്ണുനാടാർ രണ്ടാം സ്ഥാനവും തൃശൂരിലെ നക്ഷ് വടക്കര മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ കോംപൗണ്ട് വിഭാഗത്തിൽ തിരുവനന്തപുരത്തെ മേഘാ മനോജ് ഒന്നാം സ്ഥാനവും വസുന്ധര വി.നായർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. ഇൻഡ്യൻ റൗണ്ട് ആൺകുട്ടികളിൽ എറണാകുളത്തെ ആരവ്, ജോൺ റൈൻ ജിജോ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. തിരുവനന്തപുരത്തെ അബിൻ ബിനുവിനാണ് മൂന്നാം സ്ഥാനം.
ഇൻഡ്യൻ റൗണ്ട് പെൺകുട്ടികളിൽ തൃശൂരിന്റെ ആത്മിക ഒന്നാമതെത്തിയപ്പോൾ തിരുവനന്തപുരത്തെ ആയിഷത്ത് ഹയ രണ്ടാമതും തൃശൂരിലെ നിവ മെറിൻ റാഫേൽ മൂന്നാമതുമായി.
ഇന്ന് വൈകിട്ട് ചാമ്പ്യൻഷിപ്പ് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |