കോഴിക്കോട്: നഗരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൂന്നിയ പ്രഖ്യാപനങ്ങളുമായി കോർപ്പറേഷൻ പുതിയ ഭരണ സമിതിയുടെ ആദ്യ ബഡ്ജറ്റ്. അഞ്ച് വർഷത്തിനുള്ളിൽ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പദ്ധതി, പേവിഷബാധ പരിശോധിക്കാൻ ലാബുകൾ, വായുവിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനുള്ള കാർബൺ മാപ്പിംഗ്, വൃക്കമാറ്റിവയ്ക്കൽ, ശസ്ത്രക്രിയ കഴിഞ്ഞവർക്ക് താമസിക്കാനുള്ള സൗകര്യം തുടങ്ങി സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കുന്നതും നഗര വികസനം സാദ്ധ്യമാക്കുന്ന നിരവധി പുതു പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ നിറഞ്ഞു. 37.53 കോടി രൂപയുടെ നീക്കിയിരിപ്പടക്കം 1221.20 കോടി വരവും 1060.01 കോടി ചെലവും 161.18 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ അവതരിപ്പിച്ച ബഡ്ജറ്റ്. മേയർ ഒ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.
വെള്ളക്കെട്ടൊഴിവാക്കാൻ 3 കോടി
മഴക്കാലത്ത് നഗരത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ മൂന്നുകോടി വകയിരുത്തി. ഏപ്രിൽ, മേയ് മാസങ്ങളിൽ വാർഡ് അടിസ്ഥാനത്തിൽ ഓടകളിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. രാത്രികാല ശുചീകരണത്തിന് കൂടുതൽ തൊഴിലാളികളെ നിയോഗിക്കും. ഓടകളുടെ ശുചീകരണത്തിന് 25 ലക്ഷവും വകയിരുത്തി. ഹരിതകർമസേനാംഗങ്ങൾക്ക് വരുമാനമാർഗം കണ്ടെത്താനുള്ള പദ്ധതികൾക്കായി 90 ലക്ഷം രൂപയും വകയിരുത്തി.
വരും, ചക്കഗ്രാമം
ഔഷധഗുണങ്ങളാൽ സമ്പന്നമായ ചക്കയെ സംരക്ഷിക്കാൻ ചക്കഗ്രാമം പദ്ധതിയുമായി കോർപ്പറേഷൻ. തിരഞ്ഞെടുക്കുന്ന വാർഡുകളിൽ കൗൺസിലർമാരുടെ സഹായത്തോടെ മുഴുവൻ വീടുകളിലും പ്ലാവ് നടുന്ന പദ്ധതി നടപ്പിലാക്കും. സ്ഥലമില്ലാത്തവർക്ക് വലിയ ചട്ടികളിലും പ്ലാവ് വളർത്താം. ഓണക്കാലത്ത് ഉപകാരമാകുന്ന പൂകൃഷി നടത്താൻ താത്പര്യമുള്ള ഗ്രൂപ്പുകൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവയ്ക്ക് സാങ്കേതിക സഹായവും വിത്തും വളവും നൽകുന്ന പദ്ധതിയും ഈ വർഷം നടപ്പിലാക്കും.
തെരുവുനായ ശല്യത്തിന് പരിഹാരം
നഗരത്തിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനും ബഡ്ജറ്റിൽ പദ്ധതിയുണ്ട്. അസുഖമുള്ളതോ പ്രശ്നമുള്ളതോ ആയ നായകളെ മാറ്റി താമസിപ്പിക്കാൻ എല്ലാ വാർഡുകളിലും കൂടുകൾ സ്ഥാപിക്കും. ഇവ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റിവെക്കാൻ കഴിയുന്ന രീതിയിലുള്ളതായിരിക്കും. വാർഡിലെയും ഡോഗ് ലവേഴ്‌സിന്റേ സേവനം ഉപയോഗപ്പെടുത്തും. പദ്ധതി നടത്തിപ്പിന്റെ ചെലവിലേക്കായി 20 ലക്ഷം നീക്കിവെച്ചു. പേ വിഷബാധ പരിശോധിക്കുന്നതിനുള്ള ഒരു ലാബ് നഗരത്തിൽ സ്ഥാപിക്കാനുള്ള സാദ്ധ്യതകൾ പരിശോധിച്ച് കഴിവതും വേഗം നടപ്പാക്കാനുള്ള നടപടികളും സ്വീകരിക്കും. ഇതിനാവശ്യമായ തുകയും വകയിരുത്തി. കൂടാതെ നായകളെ ദത്തെടുക്കുന്നവർക്കായി ബൗ ബൗ ഫെസ്റ്റും നടപ്പാക്കും.
ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
പുതിയ റോഡുകളുടെ നിർമാണത്തിന് 16.5 കോടി
നഗരത്തിലെ ഭിന്നശേഷിക്കാർക്കായി 10 ലക്ഷം
ബധിരയുവതികൾക്ക് സ്വയം തൊഴിലിനുള്ള പദ്ധതിക്കായി 20 ലക്ഷം
മാനാഞ്ചിറയെ നഗരത്തിന്റെ ഓക്സിജൻ പാർലറാക്കും
പാർക്കുകൾ, തുറസായ സ്ഥലങ്ങൾ, ജലതീരങ്ങൾ, ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകും.
മേയർ ഭവൻ പെെതൃക പദ്ധതിയുൾപ്പെടുത്തി നവീകരിച്ച് സംരക്ഷിക്കും.
സഞ്ചരിക്കുന്ന ലൈബ്രറി
ലഹരിക്കെതിരേ 'ഹാന്‍ഡ് അപ്പ്' പദ്ധതി
18 ആധുനിക ടോയ്‌ലറ്റുകൾ
പുതിയപാലം, വെസ്റ്റ്ഹില്‍, മാങ്കാവ്, മാനാരി ശ്മശാനങ്ങള്‍ ആധുനികവത്കരിക്കും
അരയിടത്ത്പാലം ജംഗ്ഷൻ, ഈസ്റ്റ്ഹിൽ ജംഗ്ഷൻ, മൂന്നാലിങ്കൽ ജംഗ്ഷൻ, തുടങ്ങിയ മോഡൽ ജംഗ്ഷനുകളാക്കി മാറ്റും
റോഡ് അപകടം കുറയ്ക്കാൻ വളവുകളിൽ മിററുകൾ സ്ഥാപിക്കും
വയോജനങ്ങള്‍ക്കായി ആര്‍ട്‌സ് ആന്‍ഡ് മ്യൂസിക് ട്രൂപ്പ്
കെട്ടിടങ്ങൾ പുതുക്കിപണിയാൻ 20 കോടി
വലിയങ്ങാടിയിൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് നാലു പേർ മരണപ്പെട്ട അപകടത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തുകയും പുനർ നിർമിക്കുകയും ചെയ്യുന്നതിനായി ബജറ്റിൽ 20 കോടി രൂപ വകയിരുത്തി. പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനർ നിർമാണത്തിനും വലിയ പ്രാധാന്യം നൽകുമെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ പറഞ്ഞു. നടപ്പ് വർഷത്തിൽ തന്നെ എൻജിനിയറിംഗ് ഹെൽത്ത്, റവന്യൂ വകുപ്പുകൾ കെട്ടിടങ്ങളിൽ സംയുക്ത പരിശോധന നടത്തും. ഇവയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയാറാക്കി ആവശ്യമായ നടപടി സ്വീകരിക്കും.
ബഡ്ജറ്റ് നിരാശാജനകം :യു.ഡി.എഫ്
കോഴിക്കോട്: നഗരം നേരിടുന്ന ഗതാഗതകുരുക്കിന് പരിഹാരം ഉന്നയിക്കപ്പെട്ടില്ല. കഴിഞ്ഞ ബഡ്റ്റിലെ പദ്ധതികളിൽ പലതും നടപായില്ല. പകൽവീടിനുൾപ്പെടെയുള്ള തുക അപര്യാപ്തമാണന്നും യു.ഡി.എഫ് ബഡ്ജറ്റ് ചർച്ചയിൽ അഭിപ്രായപ്പെട്ടു. കെ സ്മാർട്ടിലെ സാങ്കേതിക കുരുക്ക് ഉൾപ്പെടെ ജനങ്ങളെ വലക്കുകയാണന്നും പാളയം മാർക്കറ്റ് ആധുനികവത്ക്കരിച്ച് പാളയത്ത് തന്നെ നിലനിർത്തണമെന്നും തനതുഫണ്ടിൽ നിന്നും വാർഡുകൾക്കുള്ള തുകക്ക് പുറമെ 25 ലക്ഷം കൂടി അനുവദിക്കുക തുടങ്ങിയ ഭേദഗതികളോടെ വേണം ബഡ്ജറ്റ് പാസാക്കനെന്ന് ക്ഷേമകാര്യസാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ കവിത അരുൺ ആവശ്യപ്പെട്ടു.
ബഡ്ജറ്റ് പ്രഹസനം: ബി.ജെ.പി
കോഴിക്കോട്: ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളൊന്നും പരാമർശിക്കപ്പെട്ടിട്ടില്ല. പല പദ്ധതികൾക്കും സ്ഥലം ആവശ്യമാണ്. പക്ഷേ കോർപ്പറേഷൻ പരിധിയിൽ എവിടെയാണ് സ്ഥലമെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. പദ്ധതികളെല്ലാം തനിയാവർത്തനമാണ്. ജനങ്ങൾക്ക് ആവശ്യമില്ലാത്ത പല കാര്യങ്ങളുമാണ് ബഡ്ജറ്റിൽ പദ്ധതികളായിട്ടുള്ളത്. പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ പ്രായോഗിക തലത്തിൽ നടപ്പാക്കാൻ പറ്റുമോ എന്നു കൂടി ചിന്തിക്കണമെന്നും ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |