കോട്ടയം: എം.ജി യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപക നിയമനത്തിലും ക്രമക്കേടു നടന്നതായി ആരോപണം. എഴുത്തു പരീക്ഷയും അഭിമുഖവും നടത്തി തയ്യാറാക്കിയ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് ലിസ്റ്റിൽ നിശ്ചിത യോഗ്യതയില്ലാത്തവർ കയറിപ്പറ്റിയെന്ന ആരോപണമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്.
2015-ലെ യു.ജി.സി നിയമമനുസരിച്ച് പി.എച്ച്.ഡിയും നെറ്റും ഉള്ളവർക്കേ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനു അർഹതയുള്ളൂ. റാങ്ക് ലിസ്റ്റിലുള്ള പലരും നിശ്ചിത യോഗ്യതയില്ലാത്തവരായതോടെ യു.ജി.സി നിയമം പാലിക്കാതെ തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നുവെന്ന ആരോപണ ശക്തമായി.
2010-ലെ യു.ജി.സി നിയമപ്രകാരമാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. അതിനാൽ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളിൽ പലർക്കും പി.എച്ച്.ഡി മാത്രമാണുള്ളത്. 2015-ൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് പി.എച്ച്.ഡിയും നെറ്റും വേണമെന്ന് യു.ജി. സി പുതിയ നിർദ്ദേശം കൊണ്ടുവന്നു. ഇത് പരിഗണിക്കാതെ മുൻ നിയമപ്രകാരം ടെസ്റ്റും അഭിമുഖവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതാണ് വിവാദമായത്.
എം.ജി ഗാന്ധിയൻ സ്റ്റഡീസിലെ അദ്ധ്യാപക നിയമനത്തിലും ഇതേ മാതൃകയാണ് സർവകലാശാല പിന്തുടർന്നത്. യു.ജി.സിയുടെ പഴയ നിയമമനുസരിച്ച് നിയമനം ലഭിച്ച അദ്ധ്യാപകനെതിരെ ഒരു ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ,പുതിയ നിയമമനുസരിച്ച് അധിക യോഗ്യതയുള്ളയാളെ പരിഗണിക്കാനും ആദ്യ നിയമനം ലഭിച്ച ആളെ ഒഴിവാക്കാനുമായിരുന്നു വിധി. ഇതോടെ പല വകുപ്പുകളിലും അദ്ധ്യാപക നിയമനത്തിന് തയ്യാറാക്കിയ റാങ്കുലിസ്റ്റ് മരവിച്ച അവസ്ഥയിലാണ്.
മാർക്കു ദാന വിവാദത്തിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായത് എം.ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കുന്നു. വൈസ് ചാൻസലർക്കും വിവാദത്തിൽപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. എം.കോം പുനർ മൂല്യനിർണയത്തിന് സമർപ്പിച്ച ഉത്തരക്കടലാസുകൾ ഫാൾസ് നമ്പർ സഹിതം കൈമാറണമെന്നാവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകിയ സിൻഡിക്കേറ്റംഗം ഡോ. പ്രഗാഷിന്റെ കൊല്ലാട്ടെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത് സംഘർഷത്തിനിടയാക്കി. വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |